കെ. ബാബുവിന്റെ ശമ്പളരേഖകൾ തേടി വിജിലൻസ്
കെ. ബാബുവിന്റെ ശമ്പളരേഖകൾ തേടി വിജിലൻസ്
Friday, September 23, 2016 1:01 PM IST
കൊച്ചി: മുൻമന്ത്രി കെ. ബാബു നിയമസഭാംഗമായിരുന്നപ്പോൾ കൈപ്പറ്റിയ ശമ്പളത്തിന്റെയും അലവൻസുകളുടെയും രേഖകൾ ആവശ്യപ്പെട്ടു നിയമസഭാ സെക്രട്ടറിക്കു വിജിലൻസ് കത്തു നൽകി. എംഎൽഎ, മന്ത്രി എന്നീ നിലകളിൽ കഴിഞ്ഞ 25 വർഷം ലഭിച്ച ശമ്പളവും മറ്റാനുകൂല്യങ്ങളും മാത്രമാണു കെ. ബാബുവിനു വരുമാനമായുള്ളത്. ബാബുവിന്റെ വരുമാനവും സമ്പാദ്യവും തമ്മിലുള്ള പൊരുത്തക്കേട് തെളിയിക്കാൻ ഇതുവഴി സാധിച്ചേക്കുമെന്നു വിജിലൻസ് കരുതുന്നു.

നാമനിർദേശപത്രികയോടൊപ്പം ബാബു സമർപ്പിച്ച സ്വത്തിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു റിട്ടേണിംഗ് ഓഫീസർമാർക്കു വിജിലൻസ് കത്ത് നൽകിയിരുന്നു. വെളിപ്പെടുത്തിയ സ്വത്തിൽ പത്തുവർഷത്തിനുള്ളിൽ ആറിരട്ടിയുടെ വർധനയുള്ളതായാണു കണ്ടെത്തൽ. ബാബു നൽകിയ ആദായനികുതി റിട്ടേണുകൾ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പിനെയും വിജിലൻസ് സമീപിച്ചിട്ടുണ്ട്. ബാബുവിന്റെയും ബന്ധുക്കളുടെയും ബിനാമികളുടെയും കേരളത്തിലെയും പുറത്തെയും സ്വത്തുവിവരങ്ങളും ഔദ്യോഗികമായി തേടിയിട്ടുണ്ട്.


ഈ വിവരങ്ങളെല്ലാം ലഭിച്ചശേഷം വിശദമായ ചോദ്യാവലി തയാറാക്കിയാകും ബാബുവിനെ ചോദ്യംചെയ്യുക. കേസ് എടുത്തശേഷം ലോക്കർ തുറന്നതു സംബന്ധിച്ചു ബാബുവിന്റെ ഭാര്യയെയും വിജിലൻസ് ചോദ്യം ചെയ്യും. ആദ്യം കേസെടുത്തശേഷം ഒരാഴ്ചയ്ക്കുള്ളിൽ ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ലോക്കറുകൾ തുറന്ന സിസിടിവി ദൃശ്യങ്ങൾ വിജിലൻസ് ശേഖരിച്ചിരുന്നു. എസ്ബിടി ശാഖയിലെ ലോക്കർ രണ്ടു പ്രാവശ്യം ബാബുവിന്റെ ഭാര്യ ഗീത തുറക്കുന്ന ദൃശ്യങ്ങളടങ്ങിയ സിസിടിവി ദൃശ്യങ്ങൾ വിജിലൻസ് സമർപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.