ശങ്കർ റെഡ്ഡിക്കും സുകേശനും എതിരേ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്
ശങ്കർ റെഡ്ഡിക്കും സുകേശനും എതിരേ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്
Friday, September 23, 2016 1:08 PM IST
തിരുവനന്തപുരം: കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസിൽ അന്വേഷണം അട്ടിമറിച്ചെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസ് ജഡ്ജി എ. ബദറുദീൻ ഉത്തരവിട്ടു. വിജിലൻസ് മുൻ ഡയറക്ടർ ശങ്കർ റെഡ്ഡിക്കും എസ്പി സുകേശനും എതിരേ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ഉത്തരവ്.

കെ.എം. മാണിക്കെതിരായ ചില തെളിവുകൾ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി അവഗണിക്കാൻ നിർദേശിച്ചു ശങ്കർ റെഡ്ഡി സുകേശന് അയച്ച മൂന്നു കത്തുകളാണ് പ്രാഥമിക അന്വേഷണത്തിന് വഴിവച്ചത്. അതേസമയം, ശങ്കർ റെഡ്ഡി നിർദേശിച്ച പ്രകാരമാണു സുകേശൻ മാണിയെ കുറ്റവിമുക്‌തനാക്കി റിപ്പോർട്ട് സമർപ്പിച്ചതെന്നു ചൂണ്ടിക്കാട്ടി ഹർജിയെ എതിർക്കാതിരുന്ന വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഉന്നത ഉദ്യോഗസ്‌ഥൻ നൽകിയ നിർദേശം അനുസരിക്കുക മാത്രമാണ് അന്വേഷണ ഉദ്യോഗസ്‌ഥനായ സുകേശൻ ചെയ്തതെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. മുൻ ഡയറക്ടറെ തള്ളിയും എസ്പിയെ അനുകൂലിച്ചും നൽകിയ റിപ്പോർട്ടിലെ പ്രസക്‌ത ഭാഗം പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട വിധിയിൽ കോടതി ഉൾകൊള്ളിച്ചിട്ടുണ്ട്.

ആദ്യ അന്വേഷണ റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതിയുടെ ഉത്തരവ് പ്രകാരം തുടരന്വേഷണം നടത്തുന്നതിനിടെ മൂന്നു തവണയാണ് ശങ്കർ റെഡ്ഡി തെളിവുകൾ സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടു സുകേശന് കത്തയച്ചത്. 2015 ഡിസംബർ 23, 26 തീയതികളിലും 2016 ജനുവരി 11നും കത്തുകൾ അയച്ചതായാണ് കോടതി കണ്ടെത്തിയത്. ആദ്യകത്തിൽ തെളിവുകൾ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടിയ ശങ്കർ റെഡ്ഡി കൂടുതൽ അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിച്ചു. രണ്ടാമത്തെ കത്തിലൂടെ കേസിലെ സുപ്രധാന സാക്ഷിയായ അമ്പിളിയുടെ മൊഴി അവഗണിക്കാൻ നിർദേശിച്ചതായും കോടതി കണ്ടെത്തി. ഫോൺ രേഖകൾ അടിസ്‌ഥാനമാക്കി അമ്പിളിയുടെ മൊഴി അവിശ്വസിക്കണമെന്ന് ആവശ്യപ്പെട്ടതിലൂടെ മാണിക്കെതിരായ തെളിവ് അവഗണിക്കപ്പെട്ടതായി കോടതി കണ്ടെത്തി. 2016 ജനുവരി 11ന് അയച്ച കത്തിലൂടെ മാണിക്കെതിരേ തെളിവില്ലെന്ന റിപ്പോർട്ട് സമർപ്പിക്കാൻ സുകേശനോട് ആവശ്യപ്പെട്ടു.


കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടപ്പോൾ കോടതി സമയപരിധി നിഷ്കർഷിച്ചിരുന്നില്ലെന്നും മതിയായ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനു മുമ്പ് തെളിവില്ലെന്ന റിപ്പോർട്ട് സമർപ്പിച്ചത് അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു. നാല്പത്തിയഞ്ച് ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനും വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് കോടതി നിർദേശം നൽകി. പായിച്ചറ നവാസ് എന്നയാളാണു ഹർജി സമർപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.