മന്ത്രി കെ.കെ. ശൈലജയ്ക്കു യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി
Friday, September 23, 2016 2:23 PM IST
കണ്ണൂർ: ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കു നേരേ യൂത്ത്കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി.

സംസ്‌ഥാന സർക്കാരിന്റെ നൂറുദിന ആഘോഷപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിക്കാനെത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി, സുധീപ് ജയിംസ് തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ പത്തംഗസംഘം മന്ത്രിക്കുനേരേ കരിങ്കൊടി കാട്ടിയത്.

സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട് “മിനിസ്റ്റർ ഗോ ബാക്ക്’ എന്നു മുദ്രാവാക്യം വിളിച്ചായിരുന്നു കരിങ്കൊടി കാട്ടിയത്. പരിപാടിയുടെ ഉദ്ഘാടനം നടക്കുന്നതിനു തൊട്ടുമുമ്പായിരുന്നു പ്രതിഷേധം. സ്കൂളിലെത്തിയ മന്ത്രി, ജില്ലാ ഇൻഫർമേഷൻ വകുപ്പ് സ്കൂളിൽ പ്രത്യേകമായി ഒരുക്കിയ ഫോട്ടോ പ്രദർശനം കാണാൻ പോകുന്നതിനിടെയാണ് യൂത്ത്കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്.


പ്രതിഷേധവുമായെത്തിയ പ്രവർത്തകരെ ഗേറ്റിനുമുന്നിൽ പോലീസ് തടയാൻ ശ്രമിച്ചെങ്കിലും പോലീസ് വലയം ഭേദിച്ച് പ്രതിഷേധക്കാർ സ്കൂൾ അങ്കണത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. കരിങ്കൊടി വീശിയവരെ ടൗൺ സിഐ കെ.വി. വേണുഗോപാൽ, എസ്ഐ കുട്ടിക്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് പിടിച്ചുമാറ്റി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.