കൂട്ടുകാരിൽ മിടുക്കനാകാൻ...
കൂട്ടുകാരിൽ മിടുക്കനാകാൻ...
Saturday, September 24, 2016 11:41 AM IST
കരിനിഴൽ വീഴുന്ന യുവത്വം –6/ ടോം ജോർജ്

പത്താംക്ലാസുവരെ കർശന ശിക്ഷണത്തിൽ വളർന്നു. പ്ലസ്ടുവിന് കൂട്ടുകാരോടൊപ്പം അടിച്ചുപൊളിക്കാൻ അവർ നൽകിയ കഞ്ചാവു സിഗരറ്റ് വലിച്ചു. അങ്ങനെ ഗ്രൂപ്പിൽ വിനയൻ താരമായി. കൂട്ടുകെട്ടുകൾ വളർന്നു. വിനയന്റെ മൂത്ത സഹോദരി വളരെ ചെറുപ്പത്തിൽ അപകടത്തിൽ മരിച്ചിരുന്നു. അതിനുശേഷമാണു വിനയന്റെ ജനനം. അതുകൊണ്ട് അവനോട് മാതാപിതാക്കൾക്ക് അമിതവാത്സല്യമായിരുന്നു . അവന്റെ കാര്യങ്ങളിൽ ഒരു കുറവും വരുത്തിയില്ല.

കഞ്ചാവിനടിമയായതോടെ വിനയൻ വീട്ടിൽ ഭീകര കഥാപാത്രമായി. ബിസിനസുമായി ബന്ധപ്പെട്ട് രാവിലെ വീട്ടിൽ നിന്നിറങ്ങി രാത്രി തിരിച്ചത്തുന്നവരായിരുന്നു മാതാപിതാക്കൾ. ഇതിനാൽ വിനയന്റെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. അറിഞ്ഞപ്പോൾ വൈകി.

കൂട്ടുകെട്ടിൽ നിന്ന് അവനെ അകറ്റാൻ വീട്ടുകാർ നടത്തിയ ഒരുശ്രമവും വിജയിച്ചില്ല. വീട്ടിൽ കലാപകാരിയായി വിനയൻ മാറി. കഞ്ചാവ് കമ്പനികൾ വിനയനെത്തേടിയെത്തി. ചെറിയ ജോലികൾ ചെയ്തുണ്ടാക്കുന്നതെല്ലാം കഞ്ചാവ് വാങ്ങാനുപയോഗിച്ചു. ആ സ്വഭാവത്തിൽ മാറ്റമൊന്നുമുണ്ടാകാതെ കഴിയുകയാണ് അയാൾ ഇപ്പോഴും.


സാമൂഹികപ്രവർത്തനത്തിലൂടെ പ്രതിരോധം

ലഹരിക്കടിപ്പെടുന്നവരിൽ പലരും ആത്മവിശ്വാസവും സ്വയം മതിപ്പും നഷ്‌ടപ്പെട്ട് ഒന്നിനും കൊള്ളില്ലെന്ന ചിന്തയിൽ ജീവിക്കുന്നവരാകും.

കുട്ടികളിലെ കഴിവുകൾ കണ്ടെത്തി ആ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ മാതാപിതാക്കളും അധ്യാപകരും പരാജയപ്പെടുന്നതാണ് ഇത്തരത്തിലുള്ള വികാരം കുട്ടികളിൽ ശക്‌തിപ്പെടാൻ കാരണമാകുന്നത്. ഒരു മനുഷ്യന് എട്ടു തരത്തിലുള്ള കഴിവുകൾ ഉണ്ടെന്നു മൾട്ടിപ്പിൾ ഇന്റലിജൻസ് തിയറി പറയുന്നു.

ഇതിൽ ഒന്നോ രണ്ടോ കഴിവുകളായിരിക്കും ഓരോ വ്യക്‌തിയിലും മുന്നിട്ടു നിൽക്കുക. ഇതു കണ്ടെത്തി വികസിപ്പിക്കുക എന്നതാണു മാതാപിതാക്കൾ ചെയ്യേണ്ടത്. പകരം അവനിൽ വികസിക്കാത്ത മേഖലയിലേക്ക് എത്തിപ്പെടാൻ അവനെ നിർബന്ധിക്കുമ്പോൾ അതിലുണ്ടാകുന്ന പരാജയങ്ങളാണ് ആത്മവിശ്വാസക്കുറവിലേക്കും സ്വയം ചെറുതാക്കുന്ന സ്വഭാവത്തിലേക്കും അവനെ കൊണ്ടുചെന്നെത്തിക്കുന്നത്.


ലഹരിക്കടിപ്പെടുന്നതിനു മുമ്പു തന്ന സാമൂഹ്യപ്രവർത്തനങ്ങളിലേക്കു കുട്ടികളെ തിരിച്ചുവിട്ടാൽ ഇത്തരം പ്രവണതകൾ കുറയ്ക്കാം. ശരിയായ സാമൂഹ്യവത്കരണം നടക്കേണ്ട 10–12 വയസുമുതൽ ഇതു നടക്കാത്തതാണ് സാമൂഹ്യവിരുദ്ധപ്രവണത കൂട്ടികളിൽ തലപൊക്കാൻ കാരണമകുന്നത്.

സംഘടനാപ്രവർത്തനങ്ങളിലും മറ്റും സജീവമാക്കി ലഹരി ഉപയോഗത്തിൽ നിന്നും ഒരു പരിധിവരെ കുട്ടികളെ നിയന്ത്രിക്കാം. ഇതുവഴി ലഭിക്കുന്ന അനുഭവങ്ങൾ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും നല്ല പെരുമാറ്റ രീതികൾ സ്വീകരിക്കുന്നതിനും അവനെ സഹായിക്കും.

മയക്കുമരുന്ന് ഓൺലൈൻ വഴിയും

കേരളത്തിലേക്ക് കഞ്ചാവെത്തുന്നതു കമ്പം, തേനി ഭാഗത്തു നിന്നാണെന്ന് മുൻ ആന്റി നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയും ഇപ്പോൾ ഇന്റലിജൻസ് എസ്പിയുമായ ഡി. മോഹനൻ. ആന്ധ്ര, ഒറീസ എന്നിവിടങ്ങളിൽനിന്ന് ട്രെയിൻ മാർഗവും ഇതെത്തുന്നു. ബംഗാൾ തൊഴിലാളികൾ വൻതോതിൽ പുകയില ഉത്പന്നങ്ങൾ എത്തിക്കുന്നു. 19 വയസിനു താഴെയുള്ളവർക്കു നിയമത്തിന്റെ സംരക്ഷണമുള്ളതിനാൽ ഇവരെ വ്യാപകമായി കച്ചവടത്തിനുപയോഗിക്കുന്നു. ഓൺലൈനിലെ ഡാർക്ക്നെറ്റുകൾ വഴി വൻതോതിൽ കഞ്ചാവും മറ്റു മാരകമയക്കുമരുന്നുകളും ഇവിടെയെത്തുന്നുണ്ട്. കൃത്രിമ മയക്കുമരുന്നുകളായ എൽഎസ്ഡി, എംഡിഎംഎ, ഡിഎംടി എന്നിവയാണ് ഓൺലൈൻ വഴിയെത്തുന്നത്. സ്റ്റാമ്പുകളിൽ പൊട്ടുപോലുള്ള രൂപത്തിലെത്തന്ന എൽഎസ്ഡി നാക്കിൽ ഒട്ടിച്ചുവയ്ക്കാം. രണ്ടു ദിവസംവരെ ഇത് ലഹരി തന്നുകൊണ്ടിരിക്കും. പോളണ്ട്, നൈജീരിയ എന്നിവിടങ്ങളിൽ നിന്നാണ് ഓൺലൈൻ വഴി മയക്കുമരുന്നെത്തുന്നത്. കഞ്ചാവുചെടികൾ വീടുകളിൽ വളർത്തുന്നവരുടെ എണ്ണവും വർധിക്കുന്നു. ബ്രൗൺഷുഗർ, ഹാഷിഷ് തുടങ്ങിയ വിലകൂടിയ മയക്കുമരുന്നുകളും കേരളത്തിൽ സുലഭമാണ്. ഒരു കിലോയ്ക്ക് ഒരു കോടി വരെയാണ് അന്താരാഷ്ട്ര മാർക്കറ്റിൽ ഇതിന്റെ വില. മാനസിക രോഗങ്ങൾക്കു നൽകുന്ന നിട്രസിൻ പോലുള്ള ഗുളികകളും കുട്ടികൾ ഉപയോഗിക്കുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.