ജീവിതശൈലീ രോഗങ്ങളെ കരുതലോടെ പ്രതിരോധിക്കണം: ജി.സുകുമാരൻനായർ
ജീവിതശൈലീ രോഗങ്ങളെ കരുതലോടെ പ്രതിരോധിക്കണം: ജി.സുകുമാരൻനായർ
Saturday, September 24, 2016 11:41 AM IST
ചങ്ങനാശേരി: ജീവിതശൈലീ രോഗങ്ങളെ കരുതലോടെയുള്ള ജീവിതശൈലീയിലൂടെ പ്രതിരോധിക്കാൻ സമൂഹത്തിനാകണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ. മാനവ വിഭവശേഷി വകുപ്പിന്റെ ചുമതലയിൽ നായർ സർവീസ് സൊസൈറ്റി നടപ്പിലാക്കുന്ന ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കാനുളള ‘നമ്മുടെ ആരോഗ്യം’ പദ്ധതിയുടെ സംസ്‌ഥാനതല ഉദ്ഘാടനം പെരുന്നയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നമ്മൂടെ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന വിപത്താണ് ജീവിതശൈലീ രോഗങ്ങൾ. കരുതലില്ലാത്ത ജീവിതത്തിലൂടെയാണ് ഇത്തരം രോഗങ്ങൾ വന്നു ചേരുന്നത്. ഇതിനെ നിയന്ത്രിക്കാൻ നമ്മുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കുവേണ്ടി തയാറാക്കിയ കൈപ്പുസ്തകം ‘നമ്മുടെ ആരോഗ്യം’ എൻഎസ്എസ് പ്രസിഡന്റ് അഡ്വ. പി.എൻ.നരേന്ദ്രനാഥൻനായർക്ക് നൽകിക്കൊണ്ട് ജനറൽ സെക്രട്ടറി പ്രകാശനം ചെയ്തു.

പ്രസിഡന്റ് അഡ്വ.പി.എൻ. നരേന്ദ്രനാഥൻനായർ അധ്യക്ഷത വഹിച്ചു. ട്രഷറർ ഡോ.എം.ശശികുമാർ, വൈസ് പ്രസിഡന്റ് പ്രഫ.വി.പി. ഹരിദാസ് എന്നിവർ പ്രസംഗിച്ചു. ഹ്യൂമൻ റിസോഴ്സസ് സെക്രട്ടറി കെ.ആർ.രാജൻ പദ്ധതിയുടെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രഫസർ ഓഫ് മെഡിസിൻ ഡോ.ബി.പത്മകുമാർ ഫാക്കൽറ്റി അംഗങ്ങൾക്കുളള ഏകദിന പരിശീലനക്ലാസ് നയിച്ചു.


ഡോക്ടർമാരുൾപ്പെടുന്ന 300 വിദഗ്ധാംഗങ്ങളാണ് നമ്മുടെ ആരോഗ്യം പദ്ധതിക്കായി സംസ്‌ഥാനത്ത് സജ്‌ജരായിരിക്കുന്നത്. നമ്മുടെ ആരോഗ്യം പദ്ധതിക്കായി കരയോഗതലത്തിൽ ബോധവത്കരണ ക്ലാസുകൾ ജീവിതശൈലീ രോഗനിർണയ ക്യാമ്പുകൾ, ശാരീരിക ആരോഗ്യം സംബന്ധിച്ചുള്ള ക്ലാസുകൾ, വ്യായാമം, ആരോഗ്യകരമായ ഭക്ഷണ രീതികൾ, ലഹരി മോചനത്തിനായുള്ള പ്രായോഗിക പരിശീലന ക്ലാസുകൾ, യോഗ, ധ്യാനക്ലാസുകൾ, ജൈവകൃഷി ക്ലാസുകൾ, പരിസ്‌ഥിതിസംരക്ഷണം, മാലിന്യ നിർമ്മാർജ്‌ജന പരിശീലനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവ നടത്തുന്നതിനാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ നോഡൽ ഓഫീസറായി ഡോ.ബി.പത്മകുമാറിനെ നിയോഗിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.