കുവൈറ്റിലേക്കു വ്യാജ റിക്രൂട്ട്മെന്റ്: വഞ്ചിതരാകരുതെന്നു നോർക്ക
Saturday, September 24, 2016 11:44 AM IST
തിരുവനന്തപുരം: വ്യാജ റിക്രൂട്ട്മെന്റുകളിൽ ഉദ്യോഗാർഥികൾ വഞ്ചിതരാകരുതെന്ന് നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ഉഷ ടൈറ്റസ് അറിയിച്ചു. കുവൈറ്റ് ഓയിൽ കമ്പനിയിലേക്കു വൻതുക വാങ്ങി ബംഗളൂരുവിലെ ഒരു സ്വകാര്യ ഏജൻസി നഴ്സുമാരുടെ റിക്രൂട്ട്മെന്റ് നടത്തുന്നതായി പരാതികൾ ശ്രദ്ധയിൽപെട്ടതിന്റെ അടിസ്‌ഥാനത്തിലാണ് അറിയിപ്പ്.

കുവൈറ്റിലെ കമ്പനിയിലേക്ക് 50 നഴ്സുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഒരു ഡിമാൻഡ് കേന്ദ്ര സർക്കാർ സംവിധാനമായ ഇ–മൈഗ്രേറ്റ് സിസ്റ്റം വഴി നോർക്കയ്ക്കു ലഭിച്ചിട്ടുണ്ട്.

നോർക്ക റൂട്ട്സ് വെബ്സൈറ്റ് മുഖേന അപേക്ഷ ക്ഷണിച്ച് ഇന്റർവ്യൂ നടത്തിയാണ് തെരഞ്ഞെടുപ്പ്.


ഇന്റർവ്യൂവിനു മുമ്പുള്ള നടപടിക്രമങ്ങൾ തുടങ്ങുന്നതേയുള്ളു. ഇപ്രകാരം നിയമനം ലഭിക്കുന്നതിന് യാതൊരു സ്വകാര്യ ഏജൻസിയുടെയും സഹായം ആവശ്യമില്ല. നിയമപരമല്ലാതെ നിയമനം നേടുന്നവരുടെ അവസരം നോർക്ക റൂട്ട്സ് റദ്ദാക്കും. അനധികൃത റിക്രൂട്ട്മെന്റ് സംബന്ധിച്ച വിവരം ലഭിക്കുന്നവർ നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയോ സംസ്‌ഥാന പോലീസ് വിജിലൻസ് വിഭാഗത്തെയോ അറിയിക്കണം.

നോർക്ക–റൂട്ട്സ് ഫോൺ: 0471 2770500 ടോൾ ഫ്രീ നമ്പർ: 1800 425 3939 ഇ–മെയിൽ: [email protected].
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.