പുതുജീവിതം ’ഹൃദയ‘ത്തിലേറ്റി മണിപ്പൂരിലെ കുരുന്നുകൾ മടങ്ങി
പുതുജീവിതം ’ഹൃദയ‘ത്തിലേറ്റി മണിപ്പൂരിലെ കുരുന്നുകൾ മടങ്ങി
Saturday, September 24, 2016 11:54 AM IST
സിജോ പൈനാടത്ത്

കൊച്ചി: തങ്ങൾക്കു നൽകിയ കാരുണ്യത്തിനും കരുതലിനും അളവില്ലാത്ത സ്നേഹത്തിനും നിഷ്കളങ്കമായ പുഞ്ചിരിയിൽ നന്ദിയർപ്പിച്ച് അവർ മടങ്ങി. ഹൃദ്രോഗം മൂലം ജീവൻ അപകടത്തിലായിരുന്ന മണിപ്പൂർ സ്വദേശികളായ ആറു കുട്ടികൾ എറണാകുളം ലിസി ആശുപത്രിയിൽ വിജയകരമായ ഹൃദയ ശസ്ത്രക്രിയയ്ക്കുശേഷം പുതുജീവിതത്തിലേക്കെത്തിയതിന്റെ നിറവിലാണു മടങ്ങിയത്.

ഇംഫാലിലെ നിർധനകുടുംബങ്ങളിൽനിന്നുള്ള ഹൃദ്രോഗികളായ ആറു കുരുന്നുകളെ കൊച്ചിയിലെത്തിച്ചു പൂർണമായും സൗജന്യമായാണു ശസ്ത്രക്രിയയും അനുബന്ധ ചികിത്സകളും മരുന്നുകളുമെല്ലാം നൽകിയത്. എറണാകുളം–അങ്കമാലി അതിരൂപതയ്ക്കു കീഴിലുള്ള ലിസി ആശുപത്രി കാരുണ്യവർഷത്തിൽ നടത്തുന്ന സൗജന്യ ഹൃദയശസ്ത്രക്രിയയുടെ ഭാഗമായാണു കുട്ടികളെ കൊണ്ടുവന്നത്. ശസ്ത്രക്രിയ, മരുന്നുകൾ, താമസം, ഭക്ഷണം എന്നിവയെല്ലാം പൂർണമായും സൗജന്യമായി ആശുപത്രിയിൽ നൽകി.

ഇംഫാലിലെ ക്രിസ്റ്റ്യൻ മെഡിക്കൽ സെന്റർ ഡയറക്ടർ ഫാ. ലിജോ ഏണപ്ലാേൾരിൽ വഴിയാണ് അവിടുത്തെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ചും കുട്ടികളുടെ ആരോഗ്യസ്‌ഥിതിയെക്കുറിച്ചും ലിസി ആശുപത്രി അധികൃതർ അറിഞ്ഞത്. തുടർന്ന് ഇവിടെനിന്നുള്ള മെഡിക്കൽ സംഘം ഇംഫാലിൽ എത്തി മെഡിക്കൽ ക്യാമ്പ് നടത്തി. എക്കോ കാർഡിയോഗ്രാം ഉൾപ്പെടെയുള്ള പരിശോധനകളിലൂടെ ഹൃദയശസ്ത്രക്രിയ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി.

ആദ്യഘട്ടത്തിൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള രണ്ടു മുതൽ ഒമ്പതു വയസു വരെ പ്രായമുള്ള ആറു കുട്ടികളെ ശസ്ത്രക്രിയയ്ക്കായി തെരഞ്ഞെടുക്കുകയായിരുന്നു. തിരുവോണ ദിനത്തിലാണു കുട്ടികളും മാതാപിതാക്കളും ഉൾപ്പെടെ 19 അംഗസംഘം ലിസി ആശുപത്രിയിൽ എത്തിയത്. കൃഷി ഉപജീവനമായ മണിപ്പൂരിലെ പിന്നോക്ക ഗോത്രവർഗവിഭാഗത്തിൽപ്പെട്ടവരാണിവർ. ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗ–ഹൃദയശസ്ത്രക്രിയാവിദഗ്ധരായ ഡോ. എഡ്വിൻ ഫ്രാൻസിസ്, ഡോ. തോമസ് മാത്യു, ഡോ. സി. സുബ്രഹ്മണ്യൻ, ഡോ. അനു ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും ശേഷം ഇന്നലെ നാട്ടിലേക്കു മടങ്ങിയ കുട്ടികളെയും മാതാപിതാക്കളെയും യാത്രയാക്കാൻ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി എത്തി. കാരുണ്യത്തിന് അതിർവരമ്പുകളില്ലെന്നതിന്റെ സാക്ഷ്യമാണു മണിപ്പൂരിൽനിന്നുള്ള കുട്ടികളുടെ സൗജന്യ ഹൃദയശസ്ത്രക്രിയയിലൂടെ ലിസി ആശുപത്രി അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾക്കു ലഭിച്ച കാരുണ്യം വരുംതലമുറകളിലേക്കു കൈമാറാൻ കുട്ടികൾക്കു കഴിയണമെന്നും കർദിനാൾ പറഞ്ഞു. സമ്മാനങ്ങൾ നൽകിയാണു കുട്ടികളെ കർദിനാൾ യാത്രയാക്കിയത്. മലയാളനാടിന്റെ കരുണയും കരുതലും ഹൃദയത്തിലേറ്റി മണിപ്പൂരിൽനിന്നുള്ള കുരുന്നുകൾ നിറഞ്ഞ സന്തോഷത്തോടെയാണു ജന്മനാട്ടിലേക്കു മടങ്ങിയത്.


ലിസി ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി, ഇംഫാൽ ക്രിസ്റ്റ്യൻ മെഡിക്കൽ സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജയിംസ് തങ്ങ്ഷേൽ, ഡോ. ജോസ് ചാക്കോ പെരിയപ്പുറം. ഡോ. റോണി മാത്യു, ഡോ. ജേക്കബ് ഏബ്രഹാം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കാരുണ്യവർഷത്തിൽ നൂറു ഹൃദയശസ്ത്രക്രിയകളാണു ലിസി ആശുപത്രി സൗജന്യമായി നടത്തുന്നത്. ഇതിനുപുറമേ സുമനസുകളുമായി സഹകരിച്ചു നിർധനരായ 130 കുട്ടികൾക്കും സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.