കാലവർഷം ചതിച്ചു; 32 ശതമാനം മഴ കുറവ്
കാലവർഷം ചതിച്ചു; 32 ശതമാനം മഴ കുറവ്
Saturday, September 24, 2016 11:59 AM IST
സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാലവർഷത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ 32 ശതമാനം മഴ കുറവായതിനാൽ വേനൽക്കാലത്തെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ 200 മെഗാവാട്ട് വൈദ്യുതി പുറത്തുനിന്നു വാങ്ങും. യൂണിറ്റിന് 3.10 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിന് വൈദ്യുതി ബോർഡ് ഉടൻ കരാറുണ്ടാക്കും.

ഒക്ടോബറിൽ കൂടുതൽ മഴ പെയ്താലും ഇപ്പോഴത്തെ കുറവു നികത്താനാകില്ലെന്നാണ് കണക്കുകൂട്ടുന്നത്.

നിലവിൽ 2220 മെഗായൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് അണക്കെട്ടുകളിലുള്ളത്. കഴിഞ്ഞവർഷം 2323 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഇതേ സമയത്തുണ്ടായിരുന്നു. 2014ൽ ഇതേസമയം 3173 മെഗാവാട്ടും 2013–ൽ 4070 മെഗാവാട്ടും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമുണ്ടായിരുന്നു. എന്നാൽ, 2012ൽ ഇപ്പോഴത്തേതിനേക്കാൾ വെള്ളം കുറവായിരുന്നു. അന്ന് 1774 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേയുണ്ടായിരുന്നുള്ളൂ.


ഇടുക്കി അണക്കെട്ടിൽ നിലവിൽ 47 ശതമാനം വെള്ളം മാത്രമേയുള്ളൂ. ഷോളയാർ അണക്കെട്ട് ഇപ്പോൾ നിറഞ്ഞുനിൽക്കേണ്ടതാണ്. എന്നാൽ, തമിഴ്നാട്ടിൽ നിന്ന് വെള്ളം തുറന്നുവിടാത്തതിനാൽ 77 ശതമാനം വെള്ളം മാത്രമേയുള്ളൂ.

സംസ്‌ഥാനത്തെ ഏഴ് വലിയ അണക്കെട്ടുകളിൽ 53 ശതമാനം വെള്ളമാണുള്ളത്. രണ്ടാം വിഭാഗത്തിൽപ്പെടുന്ന നാല് അണക്കെട്ടുകളിൽ 64 ശതമാനം വെള്ളമുണ്ട്.

മൂന്നാം വിഭാഗത്തിൽപ്പെടുന്ന അണക്കെട്ടുകളിൽ 47 ശതമാനം വെള്ളം മാത്രമേയുള്ളൂ. നേര്യമംഗലത്തു മാത്രമാണ് 56 ശതമാനം വെള്ളമുള്ളത്. പെരിങ്ങലിൽ 42 ശതമാനവും ലോവർപെരിയാറിൽ 47 ശതമാനം വെള്ളവുമാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.