നിയമസഭയിൽ ഉന്നയിക്കേണ്ട വിഷയം: ഫേസ്ബുക്കിൽ പ്രതിപക്ഷ നേതാവിനു ജനങ്ങളുടെ നിർദേശം
Sunday, September 25, 2016 12:45 PM IST
തിരുവനന്തപുരം: നിയമസഭയിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ചു പൊതുജനങ്ങളിൽ നിന്നു നിർദേശങ്ങൾ ക്ഷണിച്ച പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനു മറുപടി പ്രളയം. 7500 പേരാണ് ഇന്നലെ വരെ പ്രതിപക്ഷ നേതാവിനു നിർദേശങ്ങൾ അയച്ചത്. പ്രതിപക്ഷ നേതാവിന്റെ അഭ്യർഥന ഒൻപതു ലക്ഷം പേർ ഇതിനകം ഫേസ്ബുക്കിൽ വായിച്ചു.

കേരളത്തിൽ ഇതാദ്യമായാണു നിയമസഭയിലവതരിപ്പിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ചു പൊതുജനങ്ങളിൽ നിന്നു നിർദേശങ്ങൾ സ്വീകരിച്ച് അവരെയും നിയമസഭാ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നത്.

ഹോട്ടലുകളിൽ ലഭിക്കുന്ന മോശം ഭക്ഷണം മുതൽ കേരളത്തെ കുരുതിക്കളമാക്കുന്ന രാഷ്ര്‌ടീയ സംഘട്ടനങ്ങൾ വരെ നിയമസഭയിൽ ഉന്നയിക്കണമെന്ന് പൊതുജനങ്ങൾ നിർദേശിച്ചു. വീടിനു മുന്നിലെ പൊട്ടിപ്പൊളിഞ്ഞ റോഡും തെരുവു നായ ശല്യവും ഭൂമി കൈയേറ്റവുമൊക്കെ നിയമസഭയിൽ ഉന്നയിക്കണമെന്നു ജനങ്ങൾ നിർദേശിച്ചു.


രാഷ്ട്രീയ കൊലപാതകങ്ങൾ തിരിച്ചുവന്നതാണ് കൂടുതൽ പേരേയും ഉത്കണ്ഠാകുലരാക്കുന്നത്. മാലിന്യ പ്രശ്നത്തെക്കുറിച്ചു നൂറുകണക്കിനു പരാതികൾ ലഭിച്ചു. അന്യ സംസ്‌ഥാന തൊഴിലാളികളുടെ കടന്നുകയറ്റം സൃഷ്‌ടിക്കുന്ന സാമൂഹിക പ്രശ്നങ്ങളും ചിലർ ഉന്നയിച്ചിട്ടുണ്ട്. ഇവരിൽ പലർക്കും വ്യക്‌തി ശുചിത്വമില്ല. കമ്യൂണിസ്റ്റ് നേതാക്കളുടെ വരവിൽ കവിഞ്ഞ സ്വത്തിനെപ്പറ്റിയും പരാമർശമുണ്ട്.

പ്രവാസികളുടെ പ്രശ്നങ്ങൾ നിരവധി പേർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്നു കിട്ടിയ നിർദേശങ്ങൾ ചോദ്യരൂപത്തിലും ശ്രദ്ധ ക്ഷണിക്കൽ പ്രമേയം വഴിയും സബ്മിഷനുകൾ വഴിയും നിയമസഭയിലവതരിപ്പിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.