സത്യം ജയിച്ച സന്തോഷത്തിൽ മിനി ടീച്ചർ
സത്യം ജയിച്ച സന്തോഷത്തിൽ മിനി ടീച്ചർ
Sunday, September 25, 2016 12:53 PM IST
കോട്ടയം: ‘ഇനി ആർക്കും ഈ ഗതി വരരുത്. ഒരു അധ്യാപിയോട് ഇതാണെങ്കിൽ സാധാരണക്കാരോട് എന്തായിരിക്കും’ഈ ചോദ്യം ചോദിക്കുന്നത് വൃക്കദാനം ചെയ്ത പാറമ്പുഴ ഹോളിഫാമിലി സ്കൂളിലെ അധ്യാപിക മിനി എം. മാത്യുവാണ്. വൃക്കദാനം ചെയ്തതിന്റെ പേരിൽ അരോപണ വിധേയയായ വ്യക്‌തിയാണ് മിനി എം. മാത്യു. വൃക്കദാനം ചെയ്തിട്ടില്ലെന്നും വൃക്ക സ്വീകരിച്ച യുവതിയും അധ്യാപികയും പണം തട്ടിയെടുക്കാനായി വ്യാജ പ്രചാരണം നടത്തുകയാണെന്നും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായതിന്റെ പേരിൽ അധ്യാപികയ്ക്കു വിദ്യാഭ്യാസ വകുപ്പ് നൽകിയ മൂന്നു മാസത്തെ സ്പെഷൽ അവധി പിൻവലിക്കണമെന്നാവശ്യപ്പെട്ടു കുറുപ്പന്തറ കാഞ്ഞിര ത്താനം വെങ്ങിണിക്കൽ തങ്കമ്മ ഭാസിയാണ് പരാതി നൽകിയത്. വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലും മാധ്യമങ്ങളുടെ പിന്തുണയും മൂലമാണ് തനിക്ക് നീതി ലഭിച്ചത്. വിദ്യാഭ്യാസവകുപ്പിന്റെ അന്വേഷണം പൂർത്തിയായലുടൻ പരാതിക്കാരിക്കെതിരേ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുമെ ന്നും മിനി ടീച്ചർ പറഞ്ഞു.

രണ്ടു വർഷമായി ഈ ആരോ പണത്തെത്തുടർന്നു മാനസികമായി വളരെയധികം പീഡനം ഏൽക്കേണ്ടിവന്നു. ഒരുസ്ത്രീയെ അപമാനിക്കുന്ന രീതിയിലുള്ള ആരോപണങ്ങൾ ഉണ്ടായി. ശാരീരികമായ അസ്വസ്‌ഥകൾ അനുഭവപ്പെടുന്ന എനിക്ക് മാനസിക പീഡനം കൂടി ആയപ്പോൾ പലപ്പോഴും പിടിച്ചു നിൽക്കാൻ വരെ സാധിക്കാതെ വന്നു. പരാതിയെ തുടർന്ന് പോലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ടി വന്നു. ജോലി വരെ കളയുമെന്ന ഭീഷണിയുണ്ടായി. പോലീസിലെ ചിലരും മറ്റും പരാതിക്കാരുടെ കൂടെ കൂടിയതോടെ കൂടുതൽ തളർത്തി. ഈ സമയം സ്കൂളിലെ അധ്യാപകരുടെയും കുട്ടികളുടെയും കുടുംബാഗങ്ങളുടെയും ശക്‌തമായ പിന്തുണയാണ് എനിക്ക് കരുത്തേകിയതെന്നും മിനി എം. മാത്യു പറഞ്ഞു. ഈ സംഭവത്തിലൂടെ അവയവ ദാനം ചെയ്യാനായി പലരും മടിക്കുമെന്നും മിനി ടീച്ചർ പറഞ്ഞു. ഇങ്ങനെ വ്യാജ പരാതി ഉന്നയിക്കുന്ന ആളുകളെ കണ്ടെത്താൻ സർക്കാർ തയാറാകണമെന്നും മിനി ടീച്ചർ ആവശ്യപ്പെട്ടു.


2014ൽ ആണ് കൊട്ടാരക്കര കുന്നുംപുറത്ത് ചാരുവീട്ടിൽ കെ.വി. രമ്യക്ക് അധ്യാപികയായ മിനി വൃക്ക ദാനം ചെയ്തത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. എന്നാൽ, ഇങ്ങനെ ശസ്ത്രക്രിയ നടത്തിയില്ലെന്നും വൃക്ക സ്വീകരിച്ചില്ലെന്നും ആരോപിച്ചാണ് തങ്കമ്മ ഭാസി വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയത്. പരാതിയെത്തുടർന്ന് വിവിധ തരത്തിലുള്ള അന്വേഷണങ്ങൾ നടന്നെങ്കിലും അധ്യാപികയ്ക്കെതിരേ നടപടിയെടുക്കുന്നതിന് ആവശ്യമായ തെളിവുകൾ ഹാജരാക്കുവാൻ സാധിച്ചില്ല. തുടർന്ന് തങ്കമ്മ വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച മൂന്നു മാസത്തെ സ്പെഷൽ അവധിയും കാൻസൽ ചെയ്യണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് കൂടി അധ്യാപികയുടെ ശരീരത്തിൽനി ന്നു വൃക്ക ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തുവോ എന്ന് അന്വേഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിൽ സ്കാനിംഗ് നടത്തിയത്. സ്കാനിംഗിൽ വൃക്ക ദാനം ചെയ്തതായി തെളിഞ്ഞു. സ്കാനിംഗ് റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയിട്ടുണ്ട്. തന്റെ വൃക്ക ഒരു യുവതിക്ക് നൽകിയതാണെന്നും കിഡ്നി ഫെഡ റേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് നൽകിയതെന്നും ആവശ്യമായ രേഖകൾ മുഴുവൻ തന്റെ കൈവശമുണ്ടെന്നും മിനി എം. മാത്യു പറഞ്ഞു.
ഇന്ന് 48–ാം പിറന്നാൽ ആഘോഷിക്കുന്ന മിനിടീച്ചർ സത്യം ജയിച്ചതിന്റെ ആഹ്ളാദത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.