കടന്നൽകുത്തേറ്റ് 14 പേർ ചികിത്സയിൽ
Sunday, September 25, 2016 12:53 PM IST
തലയോലപ്പറമ്പ്: കടന്നൽ കുത്തേറ്റ് ദമ്പതികളടക്കം പതിനാലുപേർ ചികിത്സയിൽ. ഇറുമ്പയം പൂമംഗലത്ത് വേണുഗോപാലൻ നായർ(49), ഭാര്യ രമാദേവി(45), പൂമംഗലത്ത് ദാസൻ(50), ഭാര്യ ഉഷ(45), ഓട്ടോ ഡ്രൈവർ മുണ്ടയ്ക്കൽ പ്രവീൺ(32), കിഴക്കേപുത്തൻപുര വർഗീസ്(53), ഈന്തുങ്കൽപുത്തൻപുരയിൽ ഐസക്ക്(67), ഒരപ്പനായിൽ അഭിമന്യു(65), കാഞ്ഞിരംചുവട്ടിൽ അരുൺ മാത്യു(28), നടുപ്പറമ്പിൽ ജിമ്മി(46), സജീഭവനിൽ വക്കച്ചൻ(52), വെട്ടോളിൽ വി.എം. സണ്ണി(40), പാറക്കോട്ടിൽ വക്കച്ചൻ(52), അടിത്തിപ്പാടത്ത് സുരേഷ്(42) എന്നിവർക്കാണ് കടന്നൽ കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ദാസനെയും ഉഷയെയും എച്ച്എൻഎൽ ആശുപത്രിയിലും ബാക്കിയുള്ളവരെ പൊതിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇറുമ്പയം കപ്പേള പള്ളിക്കുസമീപമുള്ള കലയത്തുംകുന്ന്–പൂവത്തുംചുവട് റോഡിൽ പൂവത്തുംചുവട് ജംഗ്ഷനിൽ ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. ഇവിടെ സ്വകാര്യ വ്യക്‌തിയുടെ പുരയിടത്തിലെ ആഞ്ഞിലി മരത്തിൽ വർഷങ്ങളായുണ്ടായിരുന്ന ഭീമൻ കൂട്ടിൽനിന്നും ഇളകിയ കടന്നലുകളാണ് യാത്രക്കാരെയും സമീപവാസികളെയും ആക്രമിച്ചത്. ഇലഞ്ഞിയിൽ കല്ല്യാണത്തിനുപോയി ബൈക്കിൽ മടങ്ങി വരികയായിരുന്ന വേണുഗോപാലൻ നായർക്കും ഭാര്യയ്ക്കുമാണ് ആദ്യം കടന്നൽ കുത്തേറ്റത്. പരിക്കേറ്റ ഇവർ ബൈക്കുപേക്ഷിച്ച് സമീപത്തെ വീട്ടിൽ അഭയം തേടി. ഇതുകണ്ട് അപകടമാണെന്ന് കരുതി ഓടിക്കൂടിയപ്പോഴാണ് വേണുഗോപാലിന്റെ അയൽവാസിയും ബന്ധുവുമായ ദാസനും ഭാര്യ ഉഷയ്ക്കും ഓട്ടോ ഡ്രൈവറായ പ്രവീണിനും പരിക്കേറ്റത്. ആക്രമണത്തിനിരയായ മറ്റുള്ളവരെല്ലാം വഴിയാത്രക്കാരും സമീപവാസികളുമാണ്.


കടന്നലുകളുടെ ആക്രമണത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെസമയം നിർത്തിവച്ചു. ശക്‌തമായ കാറ്റിൽ മരച്ചില്ലകൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് കൂടിനേറ്റ ക്ഷതമാകാം കടന്നലുകൾ ഇളകാൻ കാരണമെന്ന് കരുതുന്നു. സംഭവമറിഞ്ഞ് വെള്ളൂർ പോലീസും കടുത്തുരുത്തിയിൽനിന്നും ഫയർ ഫോഴ്സ് സംഘവും സ്‌ഥലത്തെത്തി. ജനപ്രതിനിധികളും വില്ലേജ് അധികൃതരും പരിക്കേറ്റവരെ സന്ദർശിച്ചു. രാത്രിയോടെ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് കടന്നൽ കൂട് കത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.