ബുക്കിംഗ് തകരാർ: കെഎസ്ആർടിസി കെൽട്രോണിൽനിന്നു നഷ്‌ടപരിഹാരം ഈടാക്കും
ബുക്കിംഗ് തകരാർ: കെഎസ്ആർടിസി കെൽട്രോണിൽനിന്നു നഷ്‌ടപരിഹാരം ഈടാക്കും
Sunday, September 25, 2016 12:53 PM IST
സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം തകരാറിലായ സംഭവത്തിൽ റിസർവേഷൻ കരാർ എടുത്തിരിക്കുന്ന കെൽട്രോണിൽനിന്നു കെഎസ്ആർടിസി നഷ്‌ടപരിഹാരമായി 12 ലക്ഷം രൂപ ഈടാക്കും. റിസർവേഷൻ തകരാർ മൂലം 12 ലക്ഷം രൂപ നഷ്‌ടമുണ്ടായതായാണ് കെഎസ്ആർടിസിയുടെ കണക്ക്. ഈ തുക നൽകിയില്ലെങ്കിൽ അടുത്തമാസത്തെ കമ്മീഷൻ തുകയിൽ നിന്നും ഇത് ഈടാക്കുമെന്നു കാണിച്ച് കെഎസ്ആർടിസി കെൽട്രോണ് നോട്ടീസും നൽകി.

സ്വകാര്യ ദീർഘദൂര ബസുകളെ സഹായിക്കുന്നതിനാണ് ഓൺലൈൻ സംവിധാനം മനഃപൂർവം തകരാറിലാക്കിയതെന്ന് ആരോപണം ഉയർന്നിരുന്നു.

കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് റിസർവേഷൻ കരാർ എടുത്ത കെൽട്രോൺ കോഴിക്കോട് ആസ്‌ഥാനമായ മറ്റൊരു കമ്പനിക്കു കരാർ മറിച്ചുകൊടുത്തിരിക്കുകയാണ്. ഈ കമ്പനി കരാർ വീണ്ടും മറിച്ചു നൽകിയതായും ആരോപണമുണ്ട്.


കെഎസ്ആർടിസിയുടെ ഓൺലൈൻ ബുക്കിംഗ് സംവിധാനം തകറാറിലായ സംഭവത്തിൽ അന്വേഷണം നടത്തുന്നതിന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഉത്തരവിട്ടു. ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലിനോടാണ് അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് നൽകുന്നതിന്ആവശ്യപ്പെട്ടത്.

കഴിഞ്ഞ 17നു വൈകുന്നേരമാണ് കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം നാലു മണിക്കൂറോളം തകരാറിലായത്. ഇതുമൂലം ബംഗളുരുവിലേക്കുള്ളവരടക്കമുള്ള യാത്രക്കാർ ബുദ്ധിമുട്ടിലായിരുന്നു.
സെർവർ തകരാറിലായതോടെ, ആരൊക്കെയാണ് ബുക്ക് ചെയ്തതെന്നു പോലും അറിയാൻ സാധിക്കാതെയാണ് പല ബസുകളും സർവീസ് നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.