സഭയുടെ പ്രവർത്തനം മാനവികതയുടേത്: മന്ത്രി കടന്നപ്പള്ളി
സഭയുടെ പ്രവർത്തനം മാനവികതയുടേത്: മന്ത്രി കടന്നപ്പള്ളി
Sunday, September 25, 2016 1:03 PM IST
കണ്ണൂർ: കത്തോലിക്കാ സഭയുടെ പ്രവർത്തനം മാനവികതയുടേയും സ്നേഹത്തിന്റേയും പവിത്രമായ മനുഷ്യത്വത്തിന്റേതുമാണെന്ന് തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. എല്ലാ മതവിശ്വാസങ്ങളേയും ഒരുപോലെ കാണുന്ന സംസ്കാരമാണു ഭാരതത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു. കേരള ലത്തീൻ കത്തോലിക്ക അല്മായ ശുശ്രൂഷാ സംഗമത്തിന്റെ സമാപന സമ്മേളനം കണ്ണൂർ സെന്റ് തെരേസാസ് ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യത്വം, സ്നേഹം, കരുണ, ദയ, ആർദ്രത തുടങ്ങിയവ എല്ലാ മതങ്ങളും പ്രഘോഷിക്കുന്നതാണ്. ഇത്തരം മഹത് സന്ദേശം ലോകത്തിനു നൽകിയ മഹത്ഗ്രന്ഥങ്ങളാണു ഗീതയും ബൈബിളും ഖുറാനും. ദുഃഖത്തിനും വേദനയ്ക്കും മതവും ജാതിയുമില്ല. സാങ്കേതികമായും ഭൗതികമായും എല്ലാ സാഹചര്യങ്ങളും ഉള്ള ലോകരാജ്യങ്ങളിലുള്ളവർപോലും മനസമാധാനത്തിനു വേണ്ടി ഇന്ത്യയിലേക്കാണു വരുന്നത്. ഇന്ത്യയിൽ ഒരു വലിയ സംസ്കാരത്തെയാണ് ലോകം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് ഭരണം പല പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കുകയാണ്. ഓരോ ഘട്ടത്തിലും സഭയുടെ പിന്തുണ ഉണ്ടായിട്ടുണ്ട്. നിങ്ങൾ വിചാരിച്ചാൽ ഞങ്ങളെക്കൊണ്ടു പല കാര്യങ്ങളും ചെയ്യിക്കാനാകുമെന്നും ജനക്ഷേമപദ്ധതികൾക്കു വിശ്വാസികളുടേയും സഭയുടേയും പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു. കെആർഎൽസിബിസി പ്രസിഡന്റും തിരുവനന്തപുരം ആർച്ച്ബിഷപ്പുമായ ഡോ. സൂസപാക്യം അധ്യക്ഷത വഹിച്ചു. സുവനീർ പ്രകാശനം പി.കെ. ശ്രീമതി എംപി നിർവഹിച്ചു.


കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, മുൻ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ് എംപി, അല്മായ കമ്മീഷൻ വൈസ് ചെയർമാൻ ഷാജി ജോർജ്, ഫാ. മാത്യു കുഴിമലയിൽ, കെ.എസ്. മാർക്കോസ്, ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ, തോമസ് കെ. സ്റ്റീഫൻ, ചെറുപുഷ്പം, ആന്റണി നൊറോണ, കെ.എച്ച്. ജോൺ, ജോസഫ് സ്റ്റാൻലി, ജെയിൻ ആൻസിൽ, ബാബു തണ്ണിക്കോട്ട്, ഇമ്മാനുവൽ മൈക്കിൾ, കെ.ബി. സൈമൺ, ജോർജ് എസ്. പള്ളിത്തറ, അഡ്വ. ജൂഡി ഡിസിൽവ, സോണി പാവേലിൽ, ഷെറി ജെ. തോമസ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.