തിരുവനന്തപുരം വിമാനത്താവളം നവീകരിക്കുന്നു
Sunday, September 25, 2016 1:18 PM IST
സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നവീകരിക്കുന്നു. വിമാനത്താവളത്തിന്റെ റൺവേ അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുന്നതിനാണ് പദ്ധതി. 55 കോടിയുടെ റൺവേ നവീകരണം അഹമ്മദാബാദ് ആസ്‌ഥാനമായ കമ്പനിയാണ് ഏറ്റെടുത്തു നടത്തുന്നത്.

പതിനഞ്ചു വർഷ ഗാരണ്ടിയോടെയാണു നിർമാണം. ഗാരണ്ടി കാലയളവിൽ ഒരു വിള്ളൽ പോലുമുണ്ടാകരുതെന്ന കർശന നിബന്ധനകളോടെയാണ് റീ–കാർപെറ്റിംഗ് ജോലികൾ നൽകിയിരിക്കുന്നത്. റൺവേയുടെ വശങ്ങളിലെ നവീകരണം പൂർത്തിയായി വരികയാണ്. മധ്യഭാഗത്തുള്ള റീ കാർപെറ്റിംഗ് ജോലികളാണ് ഇനി പൂർത്തിയാവാനുള്ളത്.

റൺവേ നവീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം മൂന്നു മാസത്തേക്ക് പകൽ അടച്ചിടും. 2017 ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെ രാവിലെ 10.30 മുതൽ വൈകിട്ട് 5.15 വരെയാണ് വിമാനത്താവളം അടിച്ചിടുക. ഈ സമയത്തുള്ള വിമാനസർവീസുകൾ പൂർണമായും നിർത്തിവയ്ക്കും. പുതിയ ഷെഡ്യൂൾ നവംബർ മാസത്തോടെ തയാറാക്കും. പകൽസമയത്തെ ആഭ്യന്തര സർവീസുകളും മാലിദ്വീപിയൻ എയർലൈൻസിന്റെ അന്താരാഷ്ട്ര സർവീസുകളും പുനഃക്രമീകരിക്കുന്നതിനാണ് ആലോചിക്കുന്നത്.


2017 ഏപ്രിൽ ഒന്നു മുതൽ വിമാനസർവീസുകൾ സാധാരണ നിലയിലാക്കാൻ കഴിയുമെന്നാണ് എയർപോർട്ട് അധികൃതരുടെ പ്രതീക്ഷ. റൺവേ അടച്ചിടുന്നതായി ഇന്ത്യക്ക് അകത്തും പുറത്തുമുള്ള എല്ലാ വിമാനത്താവളങ്ങൾക്കും മുന്നറിയിപ്പ് നൽകേണ്ടതുണ്ട്. ബോയിംഗിന്റെ വമ്പൻ വിമാനങ്ങളടക്കം പത്തിലധികം കമ്പനികൾ രാത്രിയിൽ അന്താരാഷ്ട്ര സർവീസുകൾ നടത്തുന്നുണ്ട്. ഈ സർവീസുകളെ ബാധിക്കാത്ത തരത്തിലാകും റൺവേ നവീകരണം പൂർത്തിയാക്കുക.

12 വർഷം മുൻപാണ് അവസാനമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേ നവീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.