സാധാരണക്കാരന്റെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം സർക്കാർ നിഷേധിക്കുന്നു: മുകുൾ വാസ്നിക്
സാധാരണക്കാരന്റെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം സർക്കാർ നിഷേധിക്കുന്നു: മുകുൾ വാസ്നിക്
Sunday, September 25, 2016 1:20 PM IST
തിരുവനന്തപുരം: സാധാരണക്കാരന്റെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നടത്താനുള്ള അവസരം സർക്കാർ നിഷേധിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്. നിരാഹാരം നടത്തുന്ന യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ ഡീൻ കുര്യാക്കോസിനെയും വൈസ് പ്രസിഡന്റ് സി.ആർ. മഹേഷിനെയും സമരപ്പന്തലിലെത്തി സന്ദർശിച്ചതിനു ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സാധാരണക്കാരായ വിദ്യാർഥി സമൂഹത്തിന്റെ ശബ്ദമായി മാറാൻ യൂത്ത് കോൺഗ്രസിനു കഴിഞ്ഞു. സംസ്‌ഥാനത്തെ വിദ്യാർഥികൾക്കു സർക്കാർ നീതി നിഷേധിക്കുകയാണ്. വിദ്യാർഥികളുടെ ന്യായമായ അവകാശങ്ങൾക്ക വേണ്ടി സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് ക്രൂരമായി മർദിച്ചത് ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയ മെഡിക്കൽ കരാർ റദ്ദാക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ പറഞ്ഞു. പ്രവേശനത്തിൽ സാധാരണക്കാരെ മറന്ന് സമ്പന്നർക്ക് അനുകൂലമായി സ്വീകരിച്ച നിലപാട് സർക്കാർ തിരുത്തണം. ന്യായമായ ആവശ്യം ഉയർത്തിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. പോലീസിനെ ഉപയോഗിച്ച് സമരം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ ശക്‌തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫീസ് വർധിപ്പിച്ച സർക്കാർ നടപടി ജനദ്രോഹപരമാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെയുള്ള പോലീസ് അക്രമത്തെപ്പറ്റി അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യൂത്ത് കോൺഗ്രസിന്റെ നിരാഹാര സമരത്തിന് പൂർണപിന്തുണ നൽകുന്നുവെന്നും വി.എം സുധിരൻ പറഞ്ഞു.


മെഡിക്കൽ മാനേജ്മെന്റുകൾക്ക് പകൽക്കൊള്ള നടത്താൻ സർക്കാർ അനുവാദം നൽകിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വാശ്രയ പ്രവേശന വിഷയത്തിൽ സർക്കാരിന്റെ കള്ളക്കളിയാണ് പുറത്തു വന്നത്. മെഡിക്കൽ വിദ്യാഭ്യസ രംഗത്ത് ഏറ്റവും കൂടുതൽ ഫീസ് വാങ്ങുന്നത് കേരളത്തിലാണ്. യുഡിഎഫ് സർക്കാർ പത്ത് ശതമാനം ഫീസ് വർധിച്ചപ്പോൾ എൽഡിഎഫ് സർക്കാർ 35 ശതമാനം ഫീസാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇന്ത്യയിൽ ഒരിടത്തും ഇത്രയും വലിയ ഫീസ് വർധനവുണ്ടായിട്ടില്ല.

സ്വാശ്രയ മുതലാളിമാർക്ക് വേണ്ടി സർക്കാർ ഹൈകോടതിയിൽ തോൽക്കുകയാണ് ചെയ്തതെന്നും അദേഹം ആരോപിച്ചു.

പരിയാരം മെഡിക്കൽ കോളജിലാണ് ഏറ്റവും കൂടുതൽ തലവരിപ്പണം വാങ്ങുന്നത്. സ്വാശ്രയ വിഷയം ഉയത്തിക്കാട്ടി ഈ നാട്ടിൽ കലാപം നടത്തിയ ഡിവൈഎഫ്ഐയും എസ്എഫ്ഐയും എവിടെപ്പോയന്നും അദ്ദേഹം ചോദിച്ചു. യൂത്ത് കോൺഗ്രസിന്റെ ധർമസമരത്തിന് എല്ലാ പിന്തുണയും നൽകുന്നുവെന്നും അദേഹം പറഞ്ഞു.സംസ്‌ഥാനത്ത് കൊടിയ അഴിമതി നടക്കുന്നത് സെക്രട്ടേറിയറ്റിലാണെന്ന് കെ. മുരളീധരൻ എംഎൽഎ പറഞ്ഞു. യൂത്ത് കോൺഗ്രസ് നടത്തുന്ന നിരാഹാര സമര ത്തിന് ഐക്യദാർഢ്യം അറിയിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സംഭവത്തിലും പ്രതികരിക്കുന്ന ബുദ്ധിജീവികൾ ഈ വിഷയത്തിലും പ്രതികരിക്കണം. യുഡിഎഫിന്റെ കാലത്ത് പ്രതികരിക്കുകയും എൽഡിഎഫ് വരുമ്പോൾ പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതു തങ്ങളുടെ തടി കേടാകുമെന്ന് പേടിച്ചിട്ടാണ്. അങ്ങനെയുള്ളവർ സ്‌ഥിരമായി പ്രതികരിക്കാതിരിക്കണം. സമരത്തെ അടിച്ചൊതുക്കാനുള്ള സർക്കാർ നിലപാടിനോടുള്ള പ്രതികരണം നിയമസഭയിലുണ്ടാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.