കൊച്ചി മെട്രോ: ഒന്നാം റീച്ച് ഏപ്രിലിൽ കമ്മീഷൻ ചെയ്യും
Monday, September 26, 2016 12:21 PM IST
തിരുവനന്തപുരം: കൊച്ചി മെട്രോ റയിലിന്റെ ആലുവ മുതൽ പാലാരിവട്ടം വരെയുള്ള റീച്ച് വൺ, 2017 ഏപ്രിലിൽ കമ്മീഷൻ ചെയ്യാൻ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

ഹൈബി ഈഡൻ, അൻവർ സാദത്ത്, പി.ടി. തോമസ് എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്മാർട്ട് സിറ്റി പ്രവർത്തനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സ്മാർട്ട് സിറ്റി കൊച്ചി, ടികോം ഇൻവെസ്റ്റ്മെന്റ് എഫ്ഇസഡ്–എൽസിസി ദുബായ്, കേരള സർക്കാർ എന്നിവരുടെ പ്രതിനിധികളുടെ മൂന്നംഗ സമിതി രൂപീകരിക്കാൻ തീരുമാനിച്ചതായി വി.പി സജീന്ദ്രനെ മുഖ്യമന്ത്രി അറിയിച്ചു.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 2,727.36 കോടി രൂപ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ചെയ്തതായി മുല്ലക്കര രത്നാകരനെ മുഖ്യമന്ത്രി അറിയിച്ചു. സംസ്‌ഥാനത്തെ 36,77,430 ഗുണഭോക്‌താക്കൾക്ക് ഇതുമൂലം പ്രയോജനം ലഭിച്ചു. ഇതിൽ 1,477.92 കോടി രൂപ മുൻ സർക്കാർ വരുത്തിയ കുടിശികയാണ്. 393.99 കോടി രൂപ മുൻകൂർ തുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഓഗസ്റ്റ് 31 വരെ ആകെ 9708 ഒഴിവുകൾ പിഎസ്സിക്കു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ കാര്യക്ഷമതയും തൊഴിൽപരമായ കഴിവും വർധിപ്പിക്കുന്നതിനായി പുതിയ പരിശീലന നയം രൂപീകരിക്കുമെന്ന് ഡി. കെ മുരളിയെ മുഖ്യമന്ത്രി അറിയിച്ചു.


സംസ്‌ഥാനത്ത് കഴിഞ്ഞവർഷം മദ്യപിച്ചു വാഹനം ഓടിച്ചതുമൂലം ഉണ്ടായ 163 അപകടങ്ങളിൽ 10 പേർ മരിക്കുകയും 22 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുള്ളതായി മുഖ്യമന്ത്രി പി.ബി. അബ്ദുൾ റസാഖിനെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.