ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അംഗങ്ങളുടെ എണ്ണം മൂന്നാകും
Monday, September 26, 2016 12:21 PM IST
തിരുവനന്തപുരം: നിലവിലുള്ള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെ അംഗങ്ങളുടെ എണ്ണം ആറിൽ നിന്നും മൂന്നായി കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു.

റിക്രൂട്ട്മെന്റ് ബോർഡിൽ അംഗമാകുന്നതിന് മദ്യ ഉത്പാദനത്തിലോ വിപണനത്തിലോ ഏർപ്പെട്ടിരിക്കുന്നവർക്കുള്ള വിലക്ക് നീക്കാനുമുള്ള വ്യവസ്‌ഥകളടങ്ങിയ ബിൽ ആണു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവതരിപ്പിച്ചത്. ബോർഡുകളിലെ നിയമനം പിഎസ്സി മുഖേന നടത്തുന്നതിന് ഇപ്പോൾ കഴിയാത്തതിനാലാണ് ഭേദഗതി ബിൽ കൊണ്ടുവരുന്നതെന്നു മന്ത്രി പറഞ്ഞു.

ചെയർപേഴ്സന്റെ യോഗ്യത ഉയർത്തണമെന്ന് പ്രതിപക്ഷത്തു നിന്നു പ്രസംഗിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. പുതിയ വ്യവസ്‌ഥ പ്രകാരം ഏഴു വർഷം പ്രാക്ടീസ് ചെയ്ത വക്കീലന്മാരെ ബോർഡിന്റെ അധ്യക്ഷസ്‌ഥാനത്ത് നിയമിക്കാം. നിലവിൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്‌ഥനാണ് ചെയർപേഴ്സൺ പദവി വഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേവസ്വം നിയമനങ്ങൾ പിഎസ്സിക്ക് വിടുമെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ബിൽ അപ്രസക്‌തമായെന്നും സഭയിൽ പ്രഖ്യാപിച്ചശേഷം അതേ മന്ത്രി നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതിനാൽ ഈ നിയമത്തിന് നിലനിൽപില്ലെന്ന് എം. ഉമ്മർ പറഞ്ഞു. നയമാറ്റത്തിനുള്ള കാരണം എന്തെന്ന് മന്ത്രി വ്യക്‌തമാക്കണം.


ദേവസ്വം ബോർഡുകളിലെ ഭരണവിഭാഗം നിയമനങ്ങൾ പിഎസ്സിക്ക് വിടാൻ 2007ൽ തന്നെ സർക്കാർ തീരുമാനിച്ചതാണെന്ന് മന്ത്രി വിശദീകരിച്ചു. ഇതുമായി മുന്നോട്ടുപോകും. അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ തസ്തികകളിലേക്കുള്ള ഉദ്യോഗാർഥികളെ തെരഞ്ഞൈടുക്കാൻ പിഎസ്സിയെ ചുമതലപ്പെടുത്തുന്നതുവരെ നിലവിലെ ബോർഡ് നിയമനം നടത്തും. ദേവസ്വം ബോർഡുകളിലെ പരമ്പരാഗത തസ്തികകളിലേക്കും എയ്ഡഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ തസ്തികകളിലേക്കുമുള്ള നിയമനത്തിന് റിക്രൂട്ട്മെന്റ് ബോർഡ് ആവശ്യമാണെന്നും മന്ത്രി അറിയിച്ചു.

ഭേദഗതി ബില്ലിലെ വ്യവസ്‌ഥകൾ അനുസരിച്ച് സർക്കാർ നാമനിർദേശം ചെയ്യുന്ന ഹിന്ദുമതത്തിൽപ്പെട്ടതും ദൈവത്തിലും ക്ഷേത്രാരാധനയിലും വിശ്വസിക്കുന്നവരുമായ ചെയർപേഴ്സണും രണ്ട് അംഗങ്ങളുമാണ് ബോർഡിൽ ഉണ്ടാവുക. ജില്ലാ ജഡ്ജിയോ മുൻ ജില്ലാജഡ്ജിയോ ജഡ്ജി ആയി നിയമിക്കപ്പെടാൻ യോഗ്യതയുള്ളതോ ആയ ആളായിരിക്കണം ചെയർപേഴ്സണായി നിയമിക്കേണ്ടത്. അംഗങ്ങളിൽ ഒരാൾ വനിതയും മറ്റൊരാൾ പട്ടികജാതിയിലോ പട്ടികഗോത്രവർഗത്തിലോ ഉൾപ്പെടുന്ന ആളായിരിക്കും. മൂന്നു വർഷമായിരിക്കും ബോർഡിന്റെ കാലാവധി. പുതിയ ബിൽ പ്രാബല്യത്തിൽ വരുന്നതോടെ നിലവിലെ ചെയർപേഴ്സണും അംഗങ്ങൾക്കും സ്‌ഥാനം നഷ്ടമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.