കിഫ്ബി പദ്ധതികളിൽ ഉൾപ്പെടുന്ന റോഡുകൾക്കും പാലങ്ങൾക്കും ടോൾ ഒഴിവാക്കും: മന്ത്രി തോമസ് ഐസക്
Monday, September 26, 2016 12:29 PM IST
തിരുവനന്തപുരം: കിഫ്ബി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന റോഡുകൾക്കും പാലങ്ങൾക്കും ടോൾ ഉണ്ടാവില്ലെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. കേരള അടിസ്‌ഥാന സൗകര്യ നിക്ഷേപനിധി (ഭേദഗതി) ബില്ലിന്റെ ചർച്ചയ്ക്കു നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

ടോൾ ഇല്ലാതെ വികസന പദ്ധതി ഏറ്റെടുക്കാനുള്ള മാർഗമായി കിഫ്ബിയെ മാറ്റുന്നത്. വിവിധ വകുപ്പുകളുടെ കീഴിലുള്ള ഏജൻസികളെയും പ്രത്യേക ആവശ്യ സംവിധാനങ്ങളെയും (സ്പെഷൽ പർപ്പസ് വെഹിക്കിൾ) ഉപയോഗപ്പെടുത്തിയായിരിക്കും പദ്ധതികൾ നടപ്പാക്കുക.

യുഡിഎഫ് സർക്കാർ അഞ്ചു വർഷം കൊണ്ടു നടപ്പാക്കിയതിനേക്കാൾ കൂടുതൽ പൊതുമരാമത്ത് പ്രവൃത്തികൾ ഈ വർഷം തന്നെ സംസ്‌ഥാന സർക്കാർ നടപ്പാക്കും. അഗ്രിപാർക്ക് ഉൾപ്പെടെയുള്ളവ നിർമിക്കും. പട്ടിക വിഭാഗ വിദ്യാർഥികളുടെ ഹോസ്റ്റലുകൾ നവീകരിക്കും.

കിഫ്ബിയിൽ 6419 കോടി രൂപയുടെ പദ്ധതി നിർദേശങ്ങൾ ഇതിനകം ലഭ്യമായിട്ടുണ്ട്. ഇതിൽ 2600 കോടിയോളം രൂപയുടെ പദ്ധതി നിർദേശങ്ങൾക്ക് വിശദ പദ്ധതി രേഖയുമായി. കുടിവെള്ള വിതരണം, പൊതുമരാമത്ത്, ആരോഗ്യം തുടങ്ങിയ മേഖലകളിലാണ് പദ്ധതി നിർദേശങ്ങളിലേറെയും. താലൂക്ക് ആശുപത്രികളിൽ കാത്ത് ലാബ് സ്‌ഥാപിക്കാനുള്ള പദ്ധതി ഉൾപ്പെടെ ആയിരം കോടിയിലേറെ രൂപയുടെ നിർദേശങ്ങൾ ആരോഗ്യ വകുപ്പിൽനിന്നാണ്. 4000 കോടി രൂപയുടെ പദ്ധതികൾക്ക് ഉടൻ അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു.


ഭേദഗതി ബില്ലിന്റെ കോപ്പി മൂന്നു ദിവസം മുമ്പ് അംഗങ്ങൾക്ക് നല്കണമെന്നതു പാലിക്കപ്പെട്ടിട്ടില്ലെന്നു കേരള കോൺഗ്രസ് നേതാവ് കെ.എം. മാണി പറഞ്ഞു. ബില്ലിന്റെ ഇംഗ്ലീഷ് പരിഭാഷയും ലഭിച്ചിട്ടില്ല. അംഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാനാണ് ശ്രമിക്കുന്നതെന്നും കെ.എം. മാണി പറഞ്ഞു. കിഫ്ബി ബോർഡ് രൂപീകരിക്കുന്നതിന്റെ പേരിൽ ഭീമമായ തുകയാണു ചെലവഴിക്കുന്നതെന്നു വി.ഡി. സതീശൻ ആരോപിച്ചു. സംസ്‌ഥാന ബജറ്റിന്റെ പകുതിയോളം തുക ചെലവഴിക്കുന്ന പദ്ധതി സംബന്ധിച്ച് യാതോരു ചർച്ചയും നടത്തിയിട്ടില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. ചർച്ചയ്ക്ക് ശേഷം ബിൽ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.