രാഷ്ട്രീയ കൊലപാതകങ്ങളിൽ മുഖംനോക്കാതെ നടപടി: മുഖ്യമന്ത്രി
രാഷ്ട്രീയ കൊലപാതകങ്ങളിൽ മുഖംനോക്കാതെ നടപടി: മുഖ്യമന്ത്രി
Monday, September 26, 2016 12:29 PM IST
തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളിൽ കുറ്റവാളികൾക്കെതിരേ മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഇവർക്കെതിരായ നടപടികളിൽ രാഷ്ട്രീയ പരിഗണന ഉണ്ടാവില്ല. കേരളത്തിലെ രാഷ്ട്രീയപാർട്ടികളെല്ലാം കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നു പറയാൻ കഴിയില്ല. എന്നാൽ, കൊലപാതകത്തിനു പരിശീലനം കൊടുക്കുന്ന സംഘടനകളും അവർ നേതൃത്വം നൽകുന്ന ചില രാഷ്ട്രീയപ്പാർട്ടികളുണ്ട്. അതുകൊണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ലാതാക്കാൻ രാഷ്ട്രീയപ്പാർട്ടികളുടെ മാത്രം യോഗം വിളിച്ചു ചർച്ച ചെയ്താൽ പ്രശ്നപരിഹാരമുണ്ടാക്കാൻ കഴിയില്ല. ഇത്തരം സംഘടനകൾ നടത്തുന്ന കൊലപാതകങ്ങളെ എങ്ങനെ അവസാനിപ്പിക്കാനാവും. ഒരു കൂട്ടർ ആയുധത്തിനു മൂർച്ചകൂട്ടിക്കൊണ്ടിരിക്കുകയാണ്. അത് അവസാനിപ്പിച്ചേ മതിയാകൂ.

നാദാപുരം സംഭവത്തിൽ എട്ടുപേരെ കൂടി ഇനി അറസ്റ്റു ചെയ്യാനുണ്ട്. ആറു പേരെ അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്യാനുള്ളവരെ ഉടൻ അറസ്റ്റു ചെയ്യും. കൊലപാതകത്തെ കൊലപാതകമായി കണ്ടുകൊണ്ടുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ ആരോടും വ്യത്യസ്ത നിലപാടില്ല. ഭരണകക്ഷിക്കു മാത്രമായി ഒരു പോലീസ് നയമില്ല. 2014 ൽ ഇന്ത്യയിലാകെ 29 സംസ്‌ഥാനങ്ങളിലായി 33,327 കൊലപാതകങ്ങൾ ഉണ്ടായി. ഇതിൽ 367 എണ്ണം കേരളത്തിലാണ് നടന്നത്. ഇക്കാര്യത്തിൽ കേരളം 18–ാം സ്‌ഥാനത്താണ്. 2015ലെ മൊത്തം കൊലപാതകം 31,480 ആയിരുന്നു. കേരളത്തിൽ 334 പേരാണ് ഇക്കാലയളവിൽ കൊല്ലപ്പെട്ടത്. കൊലപാതകങ്ങൾ തടയാൻ നടപടി സ്വീകരിക്കും. കുറ്റകൃത്യങ്ങൾക്കെതിരായ നടപടികളിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പി.കെ. കുഞ്ഞാലിക്കുട്ടി, എൻ.എ. നെല്ലിക്കുന്ന്, സി. മമ്മൂട്ടി, പാറയ്ക്കൽ അബദുള്ള, കെ.വി. അബ്ദുൾ ഖാദർ, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.


ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 16 മന്ത്രിസഭായോഗങ്ങളിലായി 290 വിഷയങ്ങൾ പരിഗണനയ്ക്കു വന്നതിൽ 282 എണ്ണത്തിൽ തീരുമാനം ഉണ്ടാക്കിയിട്ടുണ്ട്. ഇതിൽ 268 എണ്ണം സംബന്ധിച്ച വിജ്‌ഞാപനം പുറപ്പെടുവിച്ചു. 290 ൽ മൂന്നെണ്ണം മാറ്റിവയ്ക്കുകയും മൂന്നെണ്ണം പിൻവലിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഒരെണ്ണം അംഗീകരിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. മറ്റൊരെണ്ണത്തിലെ തീരുമാനം ഉത്തരവായി പുറപ്പെടുവിക്കേണ്ടതില്ലെന്നും തീരുമാനിച്ചതായി മുഖ്യമന്ത്രി പി.ബി അബുദുൾ റസാഖിനെ അറിയിച്ചു.

ഔദ്യോഗിക കൃത്യനിർവഹണത്തിനായി അനുവദിച്ചിട്ടുള്ള വാഹനങ്ങളുടെ ദുരുപയോഗം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് എം. ഉമ്മറിനെ മുഖ്യമന്ത്രി അറിയിച്ചു. വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതു സംബന്ധിച്ച് നിലവിലുള്ള ഉത്തരവുകൾ കാലോചിതമായി പരിഷ്കരിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.