റബർ വിലസ്‌ഥിരതാ പദ്ധതി: രണ്ടാംഘട്ടം ബിൽ അപ് ലോഡിംഗ് തുടങ്ങി
Monday, September 26, 2016 12:29 PM IST
കോട്ടയം: റബർ വിലസ്‌ഥിരതാ പദ്ധതി രണ്ടാംഘട്ടം ബിൽ അപ് ലോഡിംഗ് ആരംഭിച്ചു. ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റിനു കിലോയ്ക്ക് 150 രൂപയും ലാറ്റക്സ് കിലോയ്ക്ക് 142 രൂപയും വില ഉറപ്പാക്കുന്ന പദ്ധതിയിൽ ഒന്നാം ഘട്ടത്തിലേതിനു സമാനമായി അപ് ലോഡിംഗ് നടത്താമെന്ന് റബർ ബോർഡ് അറിയിച്ചു.

2016 ജൂലൈ ഒന്നു മുതൽ 15 വരെയും 16 മുതൽ 31 വരെയുമായി രണ്ടു ഘട്ടമായി അപ് ലോഡ് ചെയ്യാം. മൂന്നു മാസത്തിനുള്ളിൽ സബ്സിഡി അനുവദിക്കാനുള്ള നടപടികളാണ് പൂർത്തിയായിരിക്കുന്നത്. നിലവിൽ 3.6 ലക്ഷം കർഷകരാണു പദ്ധതിയിൽ ഇതോടകം രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുതിയ രജിസ്ട്രേഷൻ സംബന്ധിച്ച ഉത്തരവുണ്ടായിട്ടില്ല.

2015 ജൂലൈ മൂന്നിന് ആരംഭിച്ച ഒന്നാംഘട്ടത്തിൽ ഇതോടകം 583 കോടി രൂപയുടെ സഹായം അനുവദിച്ചിട്ടുണ്ട്. ലഭിച്ച ബില്ലുകളിൽ ഇനി അര ലക്ഷം രൂപയുടെ സഹായം മാത്രമേ കൊടുത്തുതീർക്കാനുള്ളു. ഒന്നാം ഘട്ടത്തിൽ വിറ്റ ഷീറ്റ്, ലാറ്റക്സ് എന്നിവയ്ക്ക് സബ്സിഡി ലഭിക്കാൻ ഒരു അവസരം കൂടി നൽകുന്നുണ്ട്.


അതേസമയം ഇക്കൊല്ലം ജൂലൈയിൽ വിറ്റ ഷീറ്റ് ബില്ലുകൾ ഒക്ടോബറിനു മുൻപ് അപ് ലോഡ് ചെയ്യണം. ഓരോ മാസത്തെയും ബില്ലുകൾ അപ് ലോഡ് ചെയ്യാൻ രണ്ടാംഘട്ടത്തിൽ മൂന്നു മാസത്തെ കാലാവധി മാത്രമേ അനുവദിക്കുകയുള്ളു. പണം അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും പദ്ധതി വൈകുന്നത് ഒഴിവാക്കാനുമാണ് മൂന്നു മാസം കാലാവധി വച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ വിറ്റ റബറിന് ഒക്ടോബറിനു മുൻപ് ബില്ലുകൾ അപ് ലോഡ് ചെയ്ത് ആനുകൂല്യം വാങ്ങിയെടുക്കാം. ലാറ്റക്സിന് അതാത് മാസത്തെ ശരാശരി വിലയുടെ അടിസ്‌ഥാനത്തിലാണ് സബ്സിഡി ലഭിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.