കെഎസ്യു പ്രവർത്തകരും പോലീസും ഏറ്റുമുട്ടി
കെഎസ്യു പ്രവർത്തകരും പോലീസും ഏറ്റുമുട്ടി
Monday, September 26, 2016 12:39 PM IST
തിരുവനന്തപുരം: സ്വാശ്രയ പ്രവേശന വിഷയത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎസ്യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ അര മണിക്കൂറോളം സെക്രട്ടേറിയറ്റിനു മുന്നിൽ ഏറ്റുമുട്ടി. ജലപീരങ്കി പ്രയോഗത്തിലും ലാത്തിയടിയിലും പത്തോളം പ്രവർത്തകർക്കും മൂന്നു പോലീസുകാർക്കും പരിക്കേറ്റു.

പ്രതിഷേധം മണിക്കൂറുകൾ നീണ്ടതോടെ എംജി റോഡിൽ ഗതാഗതം താറുമാറായി. ഉച്ചക്ക് ഒരുമണിയോടെ സെക്രട്ടേറിയറ്റ് സമരകവാടത്തിലെത്തിയ കെഎസ്യു പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റി അകത്തുകടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ചിതറിയോടിയ പ്രവർത്തകർ പോലീസിനുനേരേ കല്ലും ചെരിപ്പുകളും വലിച്ചെറിഞ്ഞു. പോലീസ് ലാത്തിവീശി. ലാത്തിയടിയിൽ മൂന്നു പ്രവർത്തകർക്കു പരിക്കേറ്റു.

ഇതോടെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളുമായി പോലീസിനുനേരേ പാഞ്ഞു. ഇതിനിടെ ചിലർ ജല പീരങ്കിക്കുമുകളിൽ കയറാൻ ശ്രമിച്ചതോടെ പ്രശ്നം വഷളായി. ആക്രോശിച്ചെത്തിയ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ കല്ലേറ് രൂക്ഷമായി. എംജി റോഡിന് നടുക്കായി നിലകൊണ്ട പ്രവർത്തകർ പൊലീസ് പിന്മാറണമെന്ന ആവശ്യവുമായി നടുറോഡിൽ കുത്തിയിരിപ്പ് സമരം നടത്തി.


ഇതിനിടെ മുൻ എംഎൽഎമാരായ എം.എ. വാഹിദ്, ടി. ശരത്ചന്ദ്രപ്രസാദ്, ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, അഡ്വ. ആർ.വി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസ് പിൻമാറാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടുമായി പ്രവർത്തകർ കുത്തിയിരിപ്പ് സമരം തുടർന്നു. ചിലർ ജനറൽ ആശുപത്രി റോഡിൽ നിന്നും കല്ലേറ് തുടർന്നതോടെ പോലീസ് നാലു റൗണ്ട് കണ്ണീർ വാതകം പ്രയോഗിച്ചു. ചിതറിയോടുന്നതിനിടെ പ്രവർത്തകരിൽ ചിലർക്ക് വീണു പരിക്കേറ്റു. ഇതിനിടെ യൂത്ത് കോൺഗ്രസ് സമരപ്പന്തലിൽനിന്നു സമരക്കാർ രംഗത്തിറിങ്ങി.

ചിലർ റോഡിലേക്ക് കസേരകൾ വലിച്ചെറിഞ്ഞു. സമീപത്തെ സമരപ്പന്തലിലുണ്ടായിരുന്ന എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധവുമായി റോഡിലിറങ്ങിയെങ്കിലും നേതാക്കൻ ഇടപെട്ട് രംഗം ശാന്തമാക്കി. പത്തുമിനിറ്റോളം വൈകി പോലീസ് ആംബുലൻസ് എത്തിച്ച് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.