പ്രമാണങ്ങൾ തിരികെ ആവശ്യപ്പെട്ട് ബാബുറാമിന്റെ ഹർജി
Monday, September 26, 2016 12:48 PM IST
മൂവാറ്റുപുഴ: മുൻ മന്ത്രി കെ. ബാബു അനധികൃത സ്വത്തു സമ്പാദിച്ചെന്ന കേസിൽ പ്രതിപ്പട്ടികയിലുള്ള ബാബുറാം, തന്റെ വീട്ടിൽ നിന്നും സ്‌ഥാപനത്തിൽ നിന്നും പിടിച്ചെടുത്ത പ്രമാണങ്ങൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി നൽകി.

ഹർജി ഫയലിൽ സ്വീകരിച്ച കോടതി ജഡ്ജി പി. മാധവൻ കേസ് പരിഗണിക്കുന്നതിനായി അടുത്ത മാസം 15ലേക്കു മാറ്റി. കെ. ബാബുവിന്റെ ബിനാമിയെന്നു വിജിലൻസ് പറയുന്ന ബാബുറാമിന്റെ വീട്ടിൽ കഴിഞ്ഞ മൂന്നിനാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ 22 പ്രമാണങ്ങൾ പിടിച്ചെടുത്തിരുന്നു. സ്‌ഥലമിടപാടുമായി ബന്ധപ്പെട്ട കരാർ, ആധാരം, പട്ടയം തുടങ്ങിയവ പിടിച്ചെടുത്തവയിൽപ്പെടുന്നു. കെ. ബാബുവിന്റെ മറ്റൊരു ബിനാമിയെന്നു പറയുന്ന റോയൽ ബേക്കറി ഉടമ മോഹനനും തന്റെ വീട്ടിൽ നിന്നു വിജിലൻസ് പിടിച്ചെടുത്ത 6,67,050 രൂപ തിരികെ നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 19നു കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.