കെ. ബാബുവിന്റെ ഭാര്യയെയും സഹോദരനെയും ചോദ്യംചെയ്തു
Monday, September 26, 2016 12:49 PM IST
സ്വന്തം ലേഖകൻ

കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസിൽ അന്വേഷണം നേരിടുന്ന മുൻ മന്ത്രി കെ. ബാബുവിന്റെ ഭാര്യ ഗീതയെയും സഹോദരൻ ജോഷിയെയും വിജിലൻസ് ചോദ്യം ചെയ്തു. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലാണ് ഇരുവരെയും വിജിലൻസ് ആസ്‌ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ബാങ്ക് ലോക്കറിൽ നിന്നും സ്വർണം മാറ്റിയതായി സിസി ടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് വിജിലൻസ് ഗീതയെ ചോദ്യം ചെയ്തത്. വിവിധ സമയങ്ങളിൽ നടത്തിയ ലോക്കർ ഇടപാടുകളുടെ വിശദാംശങ്ങൾ വിജിലൻസ് ചോദിച്ചറിഞ്ഞു. മൂന്നു മണിക്കൂറോളം നീണ്ടുചോദ്യംചെയ്യൽ.

ബാങ്കിൽ നിന്നു ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ അന്വേഷണസംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.


കെ. ബാബുവിന്റെ അനധികൃത സ്വത്തുക്കൾ സഹോദരൻ ജോഷിയുടെ പേരിലുമുള്ളതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. കെ.ബാബുവുമായി കൂടുതൽ അടുപ്പമുള്ള സഹോദരനായതിനാൽ ബാബുവിന്റെ സ്വത്തുക്കൾ ജോഷിയുടെ പേരിലേക്ക് മാറ്റിയിട്ടുണ്ടോയെന്ന് അറിയാനാനായിരുന്നു ശനിയാഴ്ച നടത്തിയ ചോദ്യം ചെയ്യൽ.

ബാബു നിയമസഭാംഗമായിരുന്നപ്പോൾ കൈപ്പറ്റിയ ശമ്പളത്തിന്റെയും അലവൻസുകളുടെയും രേഖകൾ ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് വിജിലൻസ് നൽകിയ കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. നാമനിർദേശ പത്രികയോടൊപ്പം ബാബു സമർപ്പിച്ച സ്വത്തിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് റിട്ടേണിംഗ് ഓഫീസർമാർക്ക് വിജിലൻസ് കത്ത് നൽകിയിരുന്നു. ഇതിന്റെ വിശദാംശങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും വിജിലൻസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.