എൻഡിഎയ്ക്കു കേരള ഘടകം; കുമ്മനം ചെയർമാൻ, തുഷാർ കൺവീനർ
എൻഡിഎയ്ക്കു കേരള ഘടകം; കുമ്മനം ചെയർമാൻ, തുഷാർ കൺവീനർ
Monday, September 26, 2016 12:49 PM IST
കോഴിക്കോട്: കേന്ദ്രത്തിൽ ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് (എൻഡിഎ) കേരള ഘടകമായി. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്നലെ കോഴിക്കോട്ട് ചേർന്ന് യോഗമാണ് എൻഡിഎ സംസ്‌ഥാന കമ്മിറ്റി രൂപീകരിച്ചത്. ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെ കൺവീനറും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ ചെയർമാനുമായി തെരഞ്ഞെടുത്തു.

കേരള കോൺഗ്രസ് പ്രസിഡന്റ് പി.സി. തോമസിനെ എൻഡിഎ കേന്ദ്ര കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തിട്ടുണ്ട്. മൂന്നുദിവസമായി പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർ പങ്കെടുത്ത ബിജെപി ദേശീയ കൗൺസിലിലെ തീരുമാനങ്ങളുടെ ഭാഗമായിട്ടാണ് കേരളത്തിൽ എൻഡിഎ ശക്‌തിപ്പെടുത്താൻ സംസ്‌ഥാന കമ്മിറ്റിക്കു രൂപം നൽകിയത്.

തുഷാർ വെള്ളാപ്പള്ളിയെ എൻഡിഎയുടെ സംസ്‌ഥാന കൺവീനറാക്കിയതോടെ ബിഡിജെഎസിനെ ബിജെപി തഴയുകയാണെന്ന ആക്ഷേപത്തിനു തടയിടാൻ സംസ്‌ഥാന നേതൃത്വത്തിനായി. എൽഡിഎഫിനും യുഡിഎഫിനും എതിരേ എൻഡിഎ കേരളത്തിൽ ബദൽശക്‌തിയായി ഉയർന്നുവരുമെന്ന് ഭാരവാഹി തെരഞ്ഞെടുപ്പിനു ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ചെയർമാൻ കുമ്മനം രാജശേഖരൻ പറഞ്ഞു. എൻഡിഎയുടെ വാതിൽ കേരളത്തിൽ മലർക്കെ തുറന്നിട്ടിരിക്കുകയാണ്. എൽഡിഎഫിനോടും യുഡിഎഫിനോടും യോജിക്കാത്ത, എൻഡിഎ നയപരിപാടികളുമായി ഒത്തുപോകാവുന്ന ആർക്കും കടന്നുവരാം. കെ.എം. മാണിയുടെ കേരള കോൺഗ്രസിന് താത്പര്യമുണ്ടെങ്കിൽ അക്കാര്യം അവരാണ് ആദ്യം പറയേണ്ടത്. അതിനുശേഷം ഏതുതരത്തിലുള്ള ചർച്ചയുമാകാമെന്നും കുമ്മനം പറഞ്ഞു.

എൻഡിഎയുടെ ഭാവി പരിപാടികൾ ആലോചിക്കാനുള്ള ആദ്യ യോഗം ഒക്ടോബർ ആറിന് എറണാകുളത്തു ചേരും. ഡിസംബറോടെതന്നെ എല്ലാ ജില്ലകളിലും കമ്മിറ്റികളാവും. പിന്നാലെ ബൂത്തുതലംവരെ കമ്മിറ്റികളുണ്ടാക്കുമെന്നും കുമ്മനം പറഞ്ഞു.

രാജീവ് ചന്ദ്രശേഖറാണ് എൻഡിഎ വൈസ് ചെയർമാൻ. കോ–കൺവീനർമാരായി പി.കെ. കൃഷ്ണദാസ്, വി.മുരളീധരൻ (ബിജെപി), രാജൻ കന്നാട്ട് (കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി), സി.കെ. ജാനു (ജെആർഎസ്), രാജൻബാബു (ജെഎസ്എസ്) എന്നിവരെയും അംഗങ്ങളായി ഒ. രാജഗോപാൽ എംഎൽഎ (ബിജെപി), എം.എം. മെഹബൂബ് (എൽജെപി സംസ്‌ഥാന പ്രസിഡന്റ് ), വി.വി. രാജേന്ദ്രൻ (സോഷ്യലിസ്റ്റ് ജനതാപാർട്ടി പ്രസിഡന്റ്), കുരുവിള മാത്യു (നാഷണലിസ്റ്റ് കേരള കോൺഗ്രസ്), കെ.കെ. പൊന്നപ്പൻ (പ്രജാ സോഷ്യലിസ്റ്റ് പാർട്ടി), ആർ.പൊന്നപ്പൻ (ജെഎസ്എസ്), ബി.പ്രേമാനന്ദൻ (എൻഡിപി സെക്യുലർ), ബി. സുരേഷ്ബാബു (ബിഡിജെഎസ്), വി.ഗോപകുമാർ (ബിഡിജെഎസ്), സുനിൽ തെക്കേടൻ (എആർഎസ്), അഹമ്മദ് തോട്ടത്തിൽ (കേരള കോൺഗ്രസ് ), കുമാർദാസ് (ജെആർഎസ്) എന്നിവരെയും തെരഞ്ഞെടുത്തു.


ഭരണത്തിനു കീഴിൽ സിപിഎം അഴിച്ചുവിടുന്ന അക്രമങ്ങൾക്കെതിരേ സംസ്‌ഥാന വ്യാപകമായി പ്രതിഷേധ സംഗമങ്ങൾ നടത്താൻ എൻഡിഎ തീരുമാനിച്ചതായി കുമ്മനം രാജശേഖരൻ പറഞ്ഞു. അക്രമങ്ങളെ ലാഘവത്തോടെ നോക്കിക്കാണുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി. സിപിഎം അധികാരമേറ്റ മൂന്നുമാസത്തിനിടെ നടന്ന അക്രമങ്ങളുടെയും കൊലപാതങ്ങളുടെയും കണക്കുകൾ പിണറായി പുറത്തുവിടണം. ഇത്രയേറെ അക്രമങ്ങൾ നടക്കുമ്പോഴും അതിനെ അപലപിക്കാനോ അക്രമങ്ങളെ അമർച്ചചെയ്യുമെന്നു പ്രഖ്യാപിക്കാനോ ധൈര്യമില്ലാത്ത മുഖ്യമന്ത്രിക്കു കീഴിൽ സംസ്‌ഥാനം എന്ത് പുരോഗതിയാണ് നേടാൻ പോകുന്നതെന്നും കുമ്മനം ചോദിച്ചു. ഇന്നലെ രാവിലെ 11നാണ് അമിത് ഷായുടെ നേതൃത്വത്തിൽ കടവ് റിസോർട്ടിൽ എൻഡിഎ സംസ്‌ഥാന ഘടക രൂപീകരണം നടന്നത്. ദേശീയ കൗൺസിലിന്റെ ഊർജം ഉൾക്കൊണ്ട് മുന്നണിയെ ശക്‌തിപ്പെടുത്താനുള്ള നടപടികളുമായി എത്രയും പെട്ടെന്ന് മുന്നോട്ടു പോകണമെന്ന് അമിത് ഷാ യോഗത്തിൽ ആഹ്വാനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.