പ്രതിപക്ഷ പ്രതിഷേധം; ആദ്യദിനം നിയമസഭ തടസപ്പെട്ടു
പ്രതിപക്ഷ പ്രതിഷേധം; ആദ്യദിനം നിയമസഭ തടസപ്പെട്ടു
Monday, September 26, 2016 12:56 PM IST
സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനംതന്നെ പ്രതിപക്ഷ ബഹളത്തിൽ നിയമസഭാ നടപടികൾ തടസപ്പെട്ടു. സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയുമായി ബന്ധപ്പെട്ടു നിയമസഭയുടെ നടുത്തളത്തിൽ ഇറങ്ങിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നാണു സഭാ നടപടികൾ മുക്കാൽ മണിക്കൂറോളം നിർത്തിവച്ചത്.

പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയതിനിടെ, പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന കേരള കോൺഗ്രസ് നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തുകയാണെന്നു പ്രഖ്യാപിച്ച് പാർട്ടി ലീഡർ കെ.എം. മാണിയുടെ നേതൃത്വത്തിൽ ഇറങ്ങിപ്പോയി.

സ്വാശ്രയ മെഡിക്കൽ പ്രവേശന ഫീസ് വർധിപ്പിച്ച് സർക്കാർ പാവപ്പെട്ട വിദ്യാർഥികളെ കൊള്ളയടിക്കുകയാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ വി.എസ്. ശിവകുമാർ ആരോപിച്ചു. കഴിഞ്ഞ വർഷം മെരിറ്റ് സീറ്റിൽ സ്വാശ്രയ മെഡിക്കൽ കോളജുകൾ 1.85 ലക്ഷം രൂപയാണു വാങ്ങിയിരുന്നതെങ്കിൽ ഇപ്പോഴതു രണ്ടര ലക്ഷമാക്കി ഉയർത്തി. ഒറ്റയടിക്ക് 65,000 രൂപയാണു വർധിപ്പിച്ചതെന്നും ശിവകുമാർ പറഞ്ഞു. മെരിറ്റ് സീറ്റുകളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ചു കൂടിയെന്ന് ആദ്യം മറുപടി പറഞ്ഞ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

മുൻ വർഷങ്ങളിൽ സ്വാശ്രയ കരാർ ഒപ്പിട്ടശേഷം ചില നേതാക്കളുടെ മക്കൾ ഫീസ് ഇളവോടെ മെഡിക്കൽ കോളജുകളിൽ സീറ്റ് സമ്പാദിച്ചെന്ന മന്ത്രിയുടെ ആരോപണം പ്രതിപക്ഷ ബഹളത്തിനിടയാക്കി. കാടടച്ച് ആരോപണം ഉന്നയിക്കാതെ വ്യക്‌തമായി പേരു പറയുകയോ അല്ലെങ്കിൽ അതു പിൻവലിക്കുകയോ ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്നു സ്പീക്കർ പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് സ്പീക്കർ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.


ഫീസ് വർധിപ്പിക്കേണ്ടിവന്നതു മാനേജ്മെന്റുകളുടെ പുറംവരവു നിലച്ചതിനാലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മാനേജ്മെന്റ് സീറ്റുകളിലും നീറ്റ് പരീക്ഷയുടെ മെരിറ്റ് സീറ്റിൽ പ്രവേശനം നടത്തേണ്ടിവന്നപ്പോൾ അവരുടെ പുറംവരവ് നിലച്ചു. അവരുടെ പ്രായോഗിക പ്രശ്നം പറഞ്ഞതിനെത്തുടർന്നാണ് ഫീസ് ഘടനയിൽ മാറ്റം വരുത്തിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

തുടർന്നു സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തലവരിപ്പണം വാങ്ങുന്നതിനു സർക്കാർ നിയമ പരിരക്ഷ നൽകിയെന്നു കുറ്റപ്പെടുത്തി.

സിപിഎം നിയന്ത്രണത്തിലുള്ള പരിയാരം സഹകരണ മെഡിക്കൽ കോളജിലാണ് ഏറ്റവും കൂടുതൽ ഫീസ്. സിപിഎം കൂത്തുപറമ്പ് രക്‌തസാക്ഷികളെ മറന്നോയെന്നും രമേശ് ചോദിച്ചു.

നിലവിലെ സ്വാശ്രയ കരാർ റദ്ദാക്കി ഫീസ് കുറയ്ക്കണമെന്നാവശ്യപ്പെട്ടു സഭയ്ക്കുള്ളിൽ സമരം ചെയ്യുകയാണെന്നു പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു. തുടർന്നു മുദ്രാവാക്യം മുഴക്കി പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടത്തളത്തിലിറങ്ങി. ഇതോടെ 10.15നു സഭ നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിച്ചു. തുടർന്ന് ഇരുകൂട്ടരുമായി സ്പീക്കർ ചർച്ച നടത്തി.

സ്വാശ്രയത്തിനെതിരേ സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് നേതാക്കളുമായി ആരോഗ്യ മന്ത്രി ചർച്ച നടത്തുമെന്നു മുഖ്യമന്ത്രി അറിയിച്ചു. പ്രതിപക്ഷം ഇരിപ്പിടങ്ങളിലേക്കു മടങ്ങിയതോടെ 10.50നു വീണ്ടും നിയമസഭ ചേർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.