ഷംസീറും ദിവ്യയും കമ്മീഷൻ മുമ്പാകെ ഹാജരായി
Tuesday, September 27, 2016 1:07 PM IST
തലശേരി: കുട്ടിമാക്കൂലിൽ ദളിത് യുവതിയെ ചാനൽചർച്ചയ്ക്കിടെ അവഹേളിച്ചെന്ന ആരോപണത്തിൽ അഡ്വ. എ.എൻ. ഷംസീർ എംഎൽഎയും കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യയും തിരുവനന്തപുരത്തു പട്ടികജാതി –പട്ടികവർഗ കമ്മീഷൻ മുമ്പാകെ ഹാജരായി.

ഇന്നലെ രാവിലെയാണ് ഇരുവരും കമ്മീഷൻ മുമ്പാകെ ഹാജരായത്. ഇരുവർക്കും മറുപടി സമർപ്പിക്കാനായി കേസ് ഡിസംബർ 27ലേക്കു വീണ്ടും മാറ്റി. ജില്ലാ പോലീസ് മേധാവിയോട് 27ന് നേരിട്ടു ഹാജരാകാനും കമ്മീഷൻ നിർദേശിച്ചു. കണ്ണൂർ എസ്പിയോട് ഇന്നലെ ഹാജരാകാൻ കമ്മീഷൻ നിർദേശിച്ചിരുന്നെങ്കിലും എസ്പിക്കു പകരമായി തലശേരി എസ്ഐയാണു ഹാജരായത്. ഈ സാഹചര്യത്തിലാണ് എസ്പിയോടു നേരിട്ടു ഹാജരാകാൻ കമ്മീഷൻ ഉത്തരവിട്ടത്.


ചാനൽചർച്ചയ്ക്കിടെ കോൺഗ്രസ് തലശേരി ബ്ലോക്ക് സെക്രട്ടറിയായ കുട്ടിമാക്കൂലിലെ നടമ്മൽ രാജന്റെ മക്കളായ അഖിലയെയും അഞ്ജനയെയും എ.എൻ. ഷംസീർ എംഎൽഎ, പി.പി. ദിവ്യ എന്നിവർ അപമാനിച്ചെന്നും തുടർന്ന് അഞ്ജന ആത്മഹത്യയ്ക്കു ശ്രമിച്ചെന്നുമുള്ള പരാതിയിലാണ് ഇരുവരോടും ഹാജരാകാൻ കമ്മീഷൻ ഉത്തരവിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.