റാഗിംഗ് ഭയന്നു വിദ്യാർഥിയുടെ ആത്മഹത്യാശ്രമം
Tuesday, September 27, 2016 1:11 PM IST
കളമശേരി: കുസാറ്റിൽ സീനിയർ വിദ്യാർഥികളുടെ റാഗിംഗ് ഭയന്ന് ഒന്നാം വർഷ സിവിൽ എൻജിനിയറിംഗ് വിദ്യാർഥി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ വിദ്യാർഥിയാണു സ്വയം കൈഞരമ്പ് മുറിച്ചത്. കളമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയുടെ ആരോഗ്യസ്‌ഥിതി ഗുരുതരമല്ലെന്നു ഡോക്ടർമാർ അറിയിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയാണു ഹോസ്റ്റൽ മുറിയിൽ കൈഞരമ്പ് മുറിച്ചനിലയിൽ ഷെറിനെ സുഹൃത്തുക്കൾ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച എസ്എഫ്ഐ നേതൃത്വം നൽകുന്ന കുസാറ്റ് യൂണിയൻ സമരം പ്രഖ്യാപിച്ചിരുന്നു. അന്നു ക്ലാസിൽ കയറിയെന്ന പേരിൽ മർദിച്ചെന്നും റാഗ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥി പറയുന്നു. സർവകലാശാല അധികൃതർക്കും പോലീസിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

ഇന്നലെ രാവിലെ ക്ലാസിലിരിക്കുമ്പോൾ ചിലർ വന്നു വീണ്ടും ഭീഷണിപ്പെടുത്തിയെന്നും ഇതിലുള്ള മനോവിഷമത്തിൽ ഹോസ്റ്റൽ മുറിയിലെത്തി കൈഞരമ്പ് മുറിക്കുകയായിരുന്നുവെന്നുമാണു പറയുന്നത്. സംഭവത്തിൽ കളമശേരി പോലീസ് കുസാറ്റ് വിദ്യാർഥികളായ അഞ്ചു പേർക്കെതിരേ കേസെടുത്തിട്ടുണ്ട്. കുസാറ്റ് രജിസ്ട്രാർ നൽകുന്ന റിപ്പോർട്ടിനെ ആശ്രയിച്ചായിരിക്കും കേസ് റാഗിംഗ് വിരുദ്ധനിയമത്തിൽപെടുത്താവുന്നതാണോയെന്നു തീരുമാനിക്കുകയെന്നു കളമശേരി സിഐ ജയകൃഷ്ണൻ അറിയിച്ചു.


വിദ്യാർഥിസംഘടനകൾ തമ്മിൽ നിലവിൽ പ്രശ്നങ്ങൾ ഉള്ളതിനാൽ വിശദമായ റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു രജിസ്ട്രാർ ഡേവിഡ് പീറ്റർ അറിയിച്ചു. അതിനിടയിൽ ഇന്നലെ നടന്ന സംഭവങ്ങൾ നാടകമാണെന്ന് എസ്എഫ്ഐ യൂണിയൻ ഭാരവാഹികൾ ആരോപിച്ചു. സഹാറ ഹോസ്റ്റലിനു മുന്നിൽ നടന്ന സംഘട്ടനങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥിയുടെ ബന്ധുവാണ് ഇപ്പോൾ ആശുപത്രിയിലായത്.

അച്ചടക്കനടപടികളിൽനിന്നു ശ്രദ്ധ തിരിക്കാനാണ് ആത്മഹത്യാശ്രമനാടകമെന്നും യൂണിയൻ ഭാരവാഹികൾ ആരോപിച്ചു. അതേസമയം, ബുധനാഴ്ച നടക്കേണ്ട എല്ലാ ബിടെക് പരീക്ഷകളും മാറ്റിവച്ചതായി കുസാറ്റ് വൈസ് ചാൻസിലർ അറിയിച്ചു.

സ്കൂൾ ഓഫ് എൻജിനിയറിംഗിൽ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ റഗുലർ ക്ലാസുകൾ ഉണ്ടായിരിക്കില്ല. ഹോസ്റ്റലുകളിൽനിന്നു വിദ്യാർഥികളോടു വീടുകളിലേക്കു മടങ്ങാനും വൈസ് ചാൻസലർ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.