പിണറായിയുടെ പരാമർശം മുഖ്യമന്ത്രിയുടെ പദവിക്കു നിരക്കാത്തത്: രമേശ് ചെന്നിത്തല
പിണറായിയുടെ പരാമർശം മുഖ്യമന്ത്രിയുടെ പദവിക്കു നിരക്കാത്തത്: രമേശ് ചെന്നിത്തല
Tuesday, September 27, 2016 1:11 PM IST
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സമരക്കാർക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം അദ്ദേഹത്തിന്റെ പദവിക്കു നിരക്കാത്തതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതു ചാനലുകാരുടെ വാടകക്കാരാണെന്ന മുഖ്യമന്ത്രിയുടെ വാദം അപമാനകരമാണ്. മുഖ്യമന്ത്രിയിൽ നിന്നു പ്രതീക്ഷിക്കുന്ന വാക്കുകളല്ല ഉണ്ടായത്.

തെരുവുഭാഷയാണു നിയമസഭയിൽ പിണറായി വിജയൻ ഉപയോഗിച്ചത്. പാർട്ടി കമ്മിറ്റിയിലും പൊതു നിരത്തുകളിലും പറയുന്ന ഭാഷയിൽ പിണറായി വിജയൻ നിയമസഭയിൽ പ്രസംഗിക്കാൻ പാടില്ല. സമര ചരിത്രമുള്ള യൂത്ത് കോൺഗ്രസിനും കെഎസ്യുവിനും പിണറായി വിജയന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. നിരവധി മഹാൻമാർ ഇരുന്ന മുഖ്യമന്ത്രിക്കസേരയിലാണു പിണറായി ഇരിക്കുന്നതെന്ന് ഓർക്കണം. ഇത്തരം കാര്യങ്ങൾ പിണറായി വിജയനു പറയാം. പക്ഷേ മുഖ്യമന്ത്രിക്കസേരയിൽ ഇരുന്ന് ഇത്തരം കാര്യങ്ങൾ പറയാൻ പാടില്ല.


ഈ പരാമർശം സഭാ രേഖകളിൽ നിന്നു നീക്കം ചെയ്യണമെന്നു സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിന്റെ ഏകാധിപത്യപരമായ നടപടി പ്രതിപക്ഷം അംഗീകരിക്കില്ല. സമ്മേളനം തടസപ്പെടുത്തണമെന്നു പ്രതിപക്ഷത്തിനു നിർബന്ധമില്ല.

സ്വാശ്രയ മാനേജ്മെന്റുകളുമായി ചേർന്നു വൻകൊള്ള നടത്തിയശേഷം പ്രതിപക്ഷം അതു സഭയിൽ ഉന്നയിക്കുമ്പോൾ പരിഹസിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ല.

പാലക്കാട് ടി. ശിവദാസമേനോന്റെ രക്‌തം ശരീരത്തിൽ പുരട്ടിയ ശേഷം മർദനമേറ്റെന്നു പറഞ്ഞ സിപിഎം നേതാവ് എൻ.എൻ. കൃഷ്ണദാസിന്റെ പാരമ്പര്യം തങ്ങൾക്കില്ല. കഴിഞ്ഞ ദിവസം കൗരവരോട് ഉപമിച്ച എൽഡിഎഫ് സർക്കാരിനെ ഇപ്പോൾ രാക്ഷസൻമാരോടാണ് ഉപമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.