അധ്യാപികമാർക്കുമേൽ ലോറി പാഞ്ഞുകയറി, ഒരാൾ മരിച്ചു
Tuesday, September 27, 2016 1:19 PM IST
വൈപ്പിൻ: ചെറായിക്കു സമീപം കുഴുപ്പിള്ളി അയ്യമ്പിള്ളി പാലത്തിനു സമീപം ബസിടിച്ചു നിയന്ത്രണംവിട്ട മിനിലോറിയിടിച്ച് അധ്യാപിക മരിച്ചു. രണ്ട് അധ്യാപികമാരുൾപ്പെടെ അഞ്ചു പേർക്കു പരിക്കേറ്റു. അപകടത്തിൽ ബസും മിനിലോറിയും മൂന്നു ഗുഡ്സ് ഓട്ടോകളും തകർന്നു. ഇന്നലെ വൈകുന്നേരം 4.20നായിരുന്നു അപകടം. കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക കുഴുപ്പിള്ളി ചിയേഴത്ത് ജോസിന്റെ ഭാര്യ മിനി ജോസ് (47) ആണു മരിച്ചത്.

അധ്യാപികമാരായ കഴുപ്പിള്ളി സ്വദേശിനി പുളിക്കൻ റീജ ജോർജ് (38), പറവൂർ പെരുമ്പടന്ന മേച്ചേരി സ്മിത സൈമൺ (36), ടെമ്പോ ഡ്രൈവർ ആലങ്ങാട് സ്വദേശി സുലൈമാൻ, വഴിയാത്രികരായ ചാത്തനാട് സ്വദേശിനി സംഗീത അനിൽ, കൊങ്ങോർപ്പിള്ളി കാനപ്പിള്ളി ജോർജ് എന്നിവർക്കാണു പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മിനിയേയും സ്മിതയേയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം ഏഴോടെ മിനി മരിച്ചു.


അധ്യാപകർ മൂവരും സ്കൂളിൽനിന്നു വീട്ടിലേക്കു മടങ്ങും വഴി സമീപത്തെ ടൈലറിംഗ് ഷോപ്പിൽ തുന്നാൻ നൽകിയിരുന്ന വസ്ത്രങ്ങൾ വാങ്ങാൻ പോകുകയായിരുന്നു. എസ്എൻ ട്രാൻസ്പോർട്ട് എന്ന സ്വകാര്യ ബസാണ് അപകടത്തിനിടയാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.