റബർ ഡീലേഴ്സ് ഫെഡറേഷൻ മുന്നറിയിപ്പ് നൽകി
റബർ ഡീലേഴ്സ് ഫെഡറേഷൻ മുന്നറിയിപ്പ് നൽകി
Tuesday, September 27, 2016 1:19 PM IST
കോട്ടയം: വിലത്തകർച്ചയെത്തുടർന്നു ദുരിതത്തിലായ 11 ലക്ഷത്തോ ളം റബർ കർഷകരെയും വ്യാപാര തൊഴിൽ മേഖലകളെയും സംരക്ഷിക്കുന്നതിനും ഉത്പാദനം ഉയർത്തുന്നതിനും ഉത്പാദന സീസണിലെ ഇറക്കുമതി പൂർണമായും നിയന്ത്രിക്കണമെന്നും ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷന്റെ 26–ാമത് വാർഷിക പൊതുയോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ആഭ്യന്തര വിപണയിൽ വിലയിടിവുണ്ടാകുമെന്നും റബർ മേഖല പാടെ തകർച്ചയിലേക്ക് നീങ്ങുമെന്നും യോഗം മുന്നറിയിപ്പു നൽകി. ഇറക്കുമതി ചെയ്യുന്ന റബറിന്റെ അതേ വിലയ്ക്കു തന്നെ ആഭ്യന്തര വിപണിയിൽനിന്നും റബർ വാങ്ങാൻ വ്യവസായികൾ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. റബർ വിലസ്‌ഥിരതാ പദ്ധതിയിലെ പോരായ്മകൾ പരിഹരിച്ച് സുതാര്യതയോടെ വേഗത്തിൽ പദ്ധതി തുക കർഷകർക്ക് വിതരണം ചെയ്യണമെന്ന് സംസ്‌ഥാന സർക്കാരിനോടും സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടോമി കുരിശുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.


പുതിയ ഭാരവാഹികളായി ടോമി കുരിശുംമൂട്ടിൽ കണ്ണൂർ (പ്രസിഡന്റ്), പോൾ ലൂയിസ് മൂവാറ്റുപുഴ (ജനറൽ സെക്രട്ടറി), വിൻസെന്റ് ഏബ്രഹാം കോതമംഗലം, മാത്യു ഏബ്രഹാം കൊല്ലം (വൈസ് പ്രസിഡന്റുമാർ), സണ്ണി ജോൺ കൂത്താട്ടുകുളം (ട്രഷറർ) കെ. സുധാകരൻ പാലക്കാട് (ജോയിന്റ് സെക്രട്ടറി), ലിയാഖത്ത് അലിഖാൻ മലപ്പുറം (ബോർഡ് മെംബർ) എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തിൽ രാജേഷ് ജോസ്, സി.ജെ. അഗസ്റ്റിൻ, സണ്ണി ജോൺ, വിൻസെന്റ് ഏബ്രഹാം, ലിയാഖത്ത് അലിഖാൻ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.