വിദേശ മലയാളികൾക്കായി കെഎസ്എഫ്ഇയുടെ ചിട്ടി: ധനമന്ത്രി
വിദേശ മലയാളികൾക്കായി കെഎസ്എഫ്ഇയുടെ ചിട്ടി: ധനമന്ത്രി
Tuesday, September 27, 2016 1:40 PM IST
തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായി കെഎസ്എഫ്ഇ വിദേശ ചിട്ടി നടത്താൻ തീരുമാനിച്ചതായി ധനമന്ത്രി തോമസ് ഐസക്. ഈ ചിട്ടിയിലൂടെ പ്രതിവർഷം 25,000 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്. ഇതിൽ നിന്ന് 5,000 കോടി സർക്കാരിന്റെ പ്രത്യേക പദ്ധതിയായ കിഫ്ബിയിൽ നിക്ഷേപിക്കാൻ കെഎസ്എഫ്ഇക്ക് കഴിയും. എൻആർഐ ബോണ്ടുകൾ ഉടൻ ഇറക്കാൻ കഴിയുമെന്നും മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിനു മന്ത്രി മറുപടി നല്കി.

ഈ സാമ്പത്തിക വർഷത്തിൽ റബർ ഉത്പാദനത്തിന്റെ ഇൻസെന്റീവ് പദ്ധതിക്കായി 500 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നു കെ.എം. മാണിയെ ധനമന്ത്രി അറിയിച്ചു. ഈ സർക്കാർ അധികാരമേറ്റ ശേഷം സെപ്തംബർ 20 വരെ റബർ ഉത്പാദനത്തിന്റെ ഇൻസെന്റീവ് പദ്ധതിയിൽ ആകെ 6,37,635 സെയിൽസ് ബില്ലുകളായി 192.83 കോടി രൂപ സബ്സിഡിയായി നൽകിയിട്ടുണ്ട്. പദ്ധതി ആരംഭിച്ചതിനുശേഷം ഇതുവരെ 2,96,430 റബർ കർഷകർക്കു പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്‌ഥാനത്ത് അടിസ്‌ഥാന സൗകര്യ നിക്ഷേപനിധി (കിഫ്ബി) യുടെ പ്രവർത്തനം ആരംഭിച്ചു. അനൗദ്യോഗിക അംഗങ്ങളായി സുശീൽ ഖന്ന, സി.പി. ചന്ദ്രശേഖരൻ, ജെ.എം. ഗുപ്ത, ബാബു പോൾ, സലിം ഗംഗാധരൻ എന്നിവരെ നിയമിച്ചു. കിഫ്ബിയുടെ ആദ്യ യോഗം ഉടൻ ചേരും. കിഫ്ബി വഴി സമാഹരിക്കുന്ന ഫണ്ട് ദേശസാത്കൃത ബാങ്കുകളിലോ ദേശീയ സുരക്ഷാ ഏജൻസികളിലോ നിക്ഷേപിക്കും.

വിവിധ വകുപ്പുകൾ കിഫ്ബി വഴി നടപ്പിലാക്കാൻ ഏകദേശം 6500 കോടികളുടെ പദ്ധതികൾ സമർപ്പിച്ചിട്ടുണ്ട്. കിഫ്ബി വഴി നടപ്പാക്കുന്ന പ്രോജക്ടുകൾക്ക് സർക്കാർ വിഹിതമുണ്ടാകില്ലെന്നും കെ.എം. മാണിയെ ധനമന്ത്രി അറിയിച്ചു.

നൂറുകോടി രൂപയ്ക്ക് മുകളിൽ ചെലവു വരുന്ന അടിസ്‌ഥാന സൗകര്യ പദ്ധതികളാണ് കിഫ്ബി വഴി നടപ്പാക്കുകയെന്ന് ബി. സത്യനെ ധനമന്ത്രി അറിയിച്ചു.

ജലവിതരണത്തിൽ കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റി പുതിയവ സ്‌ഥാപിക്കും. ഇതിന് 2000 കോടി രൂപ ചെലവഴിക്കും. ഇതുവഴി ജലചോർച്ച ഒഴിവാക്കാം.കിഫ്ബിയുമായി ബന്ധപ്പെട്ട് വിശദമായി ഫിനാൻഷൽ പ്ലാൻ തയാറാക്കുമെന്നു വി.ഡി. സതീശന് മറുപടി നൽകി.


പദ്ധതികൾ നടപ്പിലാക്കുമ്പോൾ ഭരണ–പ്രതിപക്ഷ വിവേചനമുണ്ടാകില്ലെന്നും ഓരോ മണ്ഡലത്തിനും കുറഞ്ഞത് 70 കോടി രൂപ ലഭിക്കുമെന്നും പേരായ്മയുണ്ടെങ്കിൽ പരിഹരിക്കുമെന്നും അടൂർ പ്രകാശിനെ മന്ത്രി അറിയിച്ചു.

കടകൾ പൊളിച്ച് ഭൂമിയേറ്റെടുക്കുമ്പോൾ ബോണ്ട് ആവശ്യപ്പടുന്നവർക്ക് 50 ശതമാനമോ പൂർണമായോ ബോണ്ട് നൽകും. ഈ വർഷം തന്നെ ഏറ്റെടുക്കൽ തുടങ്ങുമെന്നും എ.എൻ. ഷംസീറിനെ ധനമന്ത്രി അറിയിച്ചു.

കോഴിക്കോട് വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് പണത്തിന് ബുദ്ധിമുട്ടുണ്ടാകില്ല. കിഫ്ബി വഴി പണം ലഭ്യമാക്കും. ഇതുസംബന്ധിച്ച യോഗം വിളിച്ചപ്പോൾ ഭൂമിയുടെ വില സംബന്ധിച്ച് അക്കത്തിൽ തെറ്റുപറ്റിയിട്ടുണ്ട്. അമിത വില നൽകില്ലെന്ന് ടി.വി. ഇബ്രാഹിമിന് മുഖ്യമന്ത്രി മറുപടി നൽകി. എൽഡിഎഫ് അധികാരത്തിലെത്തിയതിനുശേഷം ഓഗസ്റ്റ് വരെ 3,060.48 കോടി രൂപ കേന്ദ്ര നികുതിയിനത്തിൽ ലഭിച്ചിട്ടുണ്ട്. 2016 സാമ്പത്തിക വർഷം ജൂലൈ 31 വരെയുള്ള അക്കൗണ്ട് ജനറലിന്റെ കണക്കുകൾ പ്രകാരം 1,095.58 കോടി രൂപ ഗ്രാൻഡ് ഇൻ എയ്ഡ് ആയി ലഭിച്ചിട്ടുണ്ട് എന്ന് മുല്ലക്കര രത്നാകരന്റെ ചോദ്യത്തിന് മറുപടിയായി ധന മന്ത്രി അറിയിച്ചു.

ഫ്രണ്ട്സ് ജനസേവനകേന്ദ്രത്തിന് കൂടുതൽ വകുപ്പുകളെ ഉൾക്കൊള്ളിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് വി.കെ.സി. മമ്മദ്കോയയെ മുഖ്യമന്ത്രി അറിയിച്ചു. ഈ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം എടിഎം തട്ടിപ്പുകേസിൽ 21 കേസുകൾ രജിസ്റ്റർ ചെയ്തതായി പി. ഉബൈദുള്ളയെ മുഖ്യമന്ത്രി അറിയിച്ചു.

ക്രൈം റിക്കാർഡ് ബ്യൂറോയുടെ കണക്കുപ്രകാരം ക്രിമിനൽ കേസുകളിൽ പ്രതികളായി ഉൾപ്പെട്ടിട്ടുളള 872 പേർ പോലീസ് സേനയിലുണ്ടെന്ന് വി.കെ.സി. മമ്മദ്കോയയെ മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.