മുണ്ടക്കടവ് കോളനിയിൽ പോലീസ് ജീപ്പിനു നേരേ മാവോയിസ്റ്റ് വെടിവയ്പ്
മുണ്ടക്കടവ് കോളനിയിൽ പോലീസ് ജീപ്പിനു നേരേ മാവോയിസ്റ്റ് വെടിവയ്പ്
Tuesday, September 27, 2016 1:40 PM IST
കരുളായി(മലപ്പുറം): നിലമ്പൂർ മേഖലയിലെ നെടുങ്കയം മുണ്ടക്കടവ് കോളനിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്പ്. വെടിയേറ്റു പോലീസ് ജീപ്പിനു കേടുപാടുകൾ സംഭവിച്ചു. തലനാരിഴയ്ക്കാണു പോലീസ് സേനാംഗങ്ങൾ രക്ഷപ്പെട്ടത്.

തിങ്കളാഴ്ച രാത്രി എട്ടോടെ പടുക്ക വനം സ്റ്റേഷൻ പരിധിയിലെ മുണ്ടക്കടവ് കോളനിയിൽ എത്തിയ മാവോയിസ്റ്റ് സംഘമാണു പോലീസിനു നേരേ വെടിയുതിർത്തത്. പോലീസ് തിരിച്ചു വെടിവച്ചെങ്കിലും മാവോയിസ്റ്റുകൾ ഉൾക്കാട്ടിലേക്കു കടന്നുകളഞ്ഞു.

മാവോയിസ്റ്റുകളെ കണ്ടെത്താൻ തണ്ടർബോൾട്ടും പോലീസും വ്യാപകമായി തെരച്ചിൽ നടത്തുകയാണ്. തിങ്കളാഴ്ച വൈകുന്നേരം കോളനിയിലെത്തിയ മാവോയിസ്റ്റുകൾ മുണ്ടക്കടവ് കോളനിയിലെ കമ്യൂണിറ്റി ഹാളിൽ കോളനി നിവാസികളെ വിളിച്ചു യോഗം ചേരുകയായിരുന്നു.

ഇതിനിടെ, പോലീസിനു വിവരം ലഭിച്ചു. തുടർന്നു ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നിർദേശപ്രകാരം പൂക്കോട്ടുംപാടം എസ്ഐ അമൃതരംഗൻ, കരുവാരക്കുണ്ട് എസ്ഐ ജ്യോതീന്ദ്ര കുമാർ, നില മ്പൂർ എസ്ഐ മനോജ് പറയറ്റ, എടക്കര എസ്ഐ സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം കോളനിയിലെത്തിയെങ്കിലും ആദിവാസികളുടെ ഇടയിൽ ഇരിക്കുകയായിരുന്ന മാവോയിസ്റ്റുകൾ ഞൊടിയിടയിൽ കാട്ടിലേക്ക് രക്ഷപ്പെട്ടു. അല്പ സമയത്തിനുശേഷം എസ്പിയും പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രനും നിലമ്പൂർ സിഐ കെ.എം. ദേവസ്യയും മുണ്ട ക്കടവ് കോളനിയിലെത്തി. തങ്ങളു ടെ ഇടയിൽ വച്ച് മാവോയിസ്റ്റുകളെ നേരിടുന്നതിൽനിന്ന് ആദിവാസികൾ പോലീസിനെ വിലക്കിയതായും റിപ്പോർട്ടുണ്ട്. ഇറങ്ങിയോടിയ മാവോയിസ്റ്റുകളെ പോലീസ് പിന്തുടർന്നെങ്കിലും മാവോയിസ്റ്റുകൾ വെടിവച്ചു. പോലീസ് തിരിച്ചും വെടിവച്ചെങ്കിലും ആരെയും പിടികൂടാൻ സാധിച്ചില്ല. എന്നാൽ, മാവോയിസ്റ്റുകൾക്കു വെടിയേറ്റതായി സ്‌ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.


മാവോയിസ്റ്റുകളെ പിന്തുടർന്ന കരുവാരക്കുണ്ട് സ്റ്റേഷനിലെ ജീപ്പിനു വെടിയേറ്റതിനെത്തുടർന്നു വാഹനം ബ്രേക്ക്ഡൗൺ ആയി. വാഹനത്തിലുണ്ടായിരുന്ന സേനാംഗങ്ങൾ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.

സിപിഐ മാവോയിസ്റ്റ് സിന്ദാ ബാദ്, സായുധ വിപ്ലവം വിജയിക്കട്ടെ എന്നങ്ങനെ മുദ്രാവാക്യം വിളിച്ചാണു മാവോയിസ്റ്റുകൾ രക്ഷപ്പെട്ടത്. അഞ്ചു റൗണ്ട് വെടിയുതിർത്ത മാവോയിസ്റ്റുകൾക്കു നേരേ പോലീസ് ആറു റൗണ്ട് വെടിയുതിർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.