വരിനെല്ലും കവടയും; കുട്ടനാട്ടിൽ കൃഷിനാശം
വരിനെല്ലും കവടയും; കുട്ടനാട്ടിൽ കൃഷിനാശം
Tuesday, September 27, 2016 1:40 PM IST
മങ്കൊമ്പ്: വരിനെല്ലും കവടയും വ്യാപകമായതോടെ കുട്ടനാട്ടിലെ പുഞ്ചകൃഷി നാശത്തിലേക്ക്. കൃഷിനാശംമൂലം കടക്കെണി ഭീഷണി നേരിടുന്ന കുട്ടനാടൻ കർഷകർ സമരപാതയിലേക്ക് നീങ്ങുന്നു. കവടയും വരിനെല്ലും കുട്ടനാടൻ കൃഷിയിൽ സാധാരണമാണെങ്കിലും മുമ്പൊരിക്കലുമില്ലാത്ത തരത്തി ലുള്ള സാന്നിധ്യമാണ് ഇത്തവണ കാണുന്നത്. മിക്ക കുട്ടനാടൻ പാടശേഖരങ്ങളിലും നെൽച്ചെടികളിൽ കതിരു നിരന്നു വരികയാണ്. നെൽകൃഷിയിലെ കളകളായ വരിയും കവടയും നെല്ലിനെക്കാൾ വളർന്ന നിലയിലാണ്.

നെൽച്ചെടികൾക്കു കതിരുവരുന്നതിനുമുമ്പു വരിയും കവടയും കുലച്ച നെല്ലിനെക്കാൾ വളർന്നു പൊങ്ങിനിൽക്കുകയാണ്. മിക്ക പാടശേഖരങ്ങളുടെ വളർന്നു നിൽക്കു ന്ന വരിയും കവടയും മാത്രമേ കാണാൻ സാധിക്കുകയുള്ളു. കവടയുടെയും നെല്ലിന്റെയും സാന്നിധ്യ ത്തെത്തുടർന്ന് കൃഷിയുടെ വിളവി ൽ ഗണ്യമായ കുറവുണ്ടാകും. സാധരണയായി ഏക്കറൊന്നിന് രണ്ടുമുതൽ രണ്ടര ക്വിന്റൽ വരെയാണ് വിളവു ലഭിക്കുക. എന്നാൽ, കളകൾ വ്യാപകമായി വളർന്നതോടെ വിളവ് അരക്വിന്റലായി ചുരുങ്ങും. ഇത്തരം കൃഷിനാശങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ലെന്നതും കർഷകരെ കുഴയ്ക്കുന്നു. പ്രധാന മന്ത്രിയുടെ ഫസൽ ഭീമായോജന പദ്ധതി പ്രകാരമുള്ള ഇൻഷ്വറൻസ് പദ്ധതിയിൽനിന്ന് ആലപ്പുഴ ജില്ലയെ ഒഴിവാക്കിയതും കർഷകർക്കു തിരിച്ചടിയായിരിക്കുകയാണ്. ബാങ്ക് വായ്പയെടുത്ത കർഷകർക്ക് ഒരു നഷ്‌ടപരിഹാരവും ലഭിക്കുകയില്ല. കൃഷി ശാസ്ത്രജ്‌ഞൻമാർ, ഉദ്യോഗസ്‌ഥർ എന്നിവരടങ്ങുന്ന സംഘത്തോടൊപ്പം കൃഷിമന്ത്രി കുട്ടനാട്ടിൽ അടിയന്തര സന്ദർശനം നടത്തണമെന്ന് കുട്ടനാട് വികസന സമിതി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കൽ ആവശ്യപ്പെട്ടു.


പ്രതീക്ഷിക്കുന്ന വിളവിൽനിന്നു കുറവുവരുന്ന അളവിനുള്ള നഷ്‌ടപരിഹാരം സർക്കാരിൽ നിന്നു കർഷകർക്ക് ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുരുതരമായ കാർഷിക പ്രതിസന്ധി കണക്കിലെടുത്ത് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണം. കർഷകർക്കു നഷ്‌ടപരിഹാരം നൽകുക, വരിനെല്ലിന്റെ സാന്നിധ്യം കുട്ടനാടൻ പാടശേഖരങ്ങളിൽ നിന്നു തുടച്ചു നീക്കാനുള്ള പദ്ധതികൾ നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കുട്ടനാട്ടിലെ നെൽകർഷകർ സമരത്തിനിറങ്ങുകയാണെന്നും ഫാ. പീലിയാനിക്കൽ അറിയിച്ചു. 30നു മാമ്പുഴക്കരി കുട്ടനാട് വികസനസമിതി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമരത്തിൽ മുഴുവൻ കർഷകരും പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.