സാധനം കൊറിയർ വഴിയും
സാധനം കൊറിയർ വഴിയും
Tuesday, September 27, 2016 1:52 PM IST
ലഹരിയിൽ മയങ്ങി നഗരങ്ങൾ –2/ അരുൺ സെബാസ്റ്റ്യൻ

2015 ഫെബ്രുവരി എട്ട് വൈകുന്നേരം. എ റണാകുളത്തെ കസ്റ്റംസ് പ്രിവന്റീവ് വിഭാ ഗത്തിന് ഒരു ഫോൺ സന്ദേശമെത്തി; എറണാകുളം എംജി റോഡിലെ ഒരു കൊറിയർ ഏജൻസി വഴി മയക്കുമരുന്നു കടത്ത് നടക്കുന്നു. ഉദ്യോഗസ്‌ഥർ സ്‌ഥലത്തു പാഞ്ഞെത്തി. വിദേശത്തേക്കു പാഴ്സൽ അയയ്ക്കാനായി കാത്തിരിക്കുന്ന ജൂഡ് മൈക്കിൾ എന്ന ആഫ്രിക്കക്കാരനെയാണ് അവരവിടെ കണ്ടത്. എട്ടു പെട്ടികൾ അയാളുടെ കൈവശമുണ്ടായിരുന്നു.

വളകൾ, പഴ്സുകൾ, വസ്ത്രങ്ങൾ, ഹെയർ ക്ലിപ്പ്, ഹെഡ് ഫോണുകൾ തുടങ്ങിയ വസ്തുക്കളാണു പെട്ടികളിലെന്നാണു കൊറിയർ ഏജൻസി ഓഫീസിൽ ജൂഡ് മൈക്കിൾ പറഞ്ഞിരുന്നത്. സംശയം തോന്നിയ കസ്റ്റംസുകാർ പെട്ടികൾ പരിശോധിച്ചു. സാധനങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ വൻമയക്കുമരുന്നു ശേഖരം കണ്ട് അവർ ഞെട്ടി. എട്ടു കോടിയിലധികം രൂപ വിലവരുന്ന 4.05 കിലോഗ്രാം ഹെറോയിൻ, 300 ഗ്രാം മെത്താംഫീറ്റാമീൻ സംസ്‌ഥാനത്തെതന്നെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളിലൊന്നായിരുന്നു അത്. മയക്കുമരുന്ന് വിപണനത്തിനു കൊറിയർ സർവീസ് ഉപയോഗപ്പെടുത്തുന്നുവെന്ന പുതിയ വിവരവും അതോടെ വെളിച്ചത്തായി.

ചെറിയ പായ്ക്കറ്റുകളാക്കിയാണു സാധനങ്ങൾക്കിടയിൽ ആഫ്രിക്കക്കാരൻ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. നെതർലൻഡ്സ്, ഗ്രീസ്, സ്പെയിൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് അയയ്ക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. രണ്ടു പാസ്പോർട്ടുകളും ജൂഡ് മൈക്കിളിന്റെ പക്കൽനിന്നു പിടിച്ചെടുത്തു. അതിൽ ഒരു പാസ്പോർട്ട് ഉപയോഗിച്ചു ബോബ്സൺ സിസേ എന്ന പേരിലായിരുന്നു ജൂഡ് മൈക്കിൾ കേരളത്തിലെത്തിയത്.

ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലെ അറിയപ്പെടുന്ന ഫുട്ബോൾ താരമായ ബോബ്സൺ സിസേയുടെ പേര് ഉപയോഗിച്ചു ഫുട്ബോൾ കളിക്കാരൻ എന്ന വ്യാജേനയായിരുന്നു ജൂഡ് മൈക്കിളിന്റെ വരവ്. കേരളത്തിലെ ഫുട്ബോൾ ക്ലബ്ബുകളിൽ അവസരം തേടി എത്തിയതാണെന്നു പറഞ്ഞു മയക്കുമരുന്ന് ഇടപാട് നടത്തുകയായിരുന്നു. ആദ്യം മലപ്പുറത്തെത്തിയ ഇയാൾ പിന്നീടു കൊച്ചിയിലെത്തി. മലപ്പുറത്തുനിന്നുള്ള ഒരാൾ തന്നതാണു മയക്കുമരുന്ന് എന്നല്ലാതെ മറ്റു വിവരങ്ങളൊന്നും ഇയാളിൽനിന്നു കസ്റ്റംസിനു ലഭിച്ചില്ല.

ഡൽഹി, ബംഗളൂരു ഉൾപ്പെടെ ഇന്ത്യയി ലെ വിവിധ നഗരങ്ങളിൽനിന്നു പല പേരുകളിൽ ജൂഡ് മയക്കുമരുന്ന് കടത്തിയതായി പിന്നീടു തെളിഞ്ഞു. ഡൽഹി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിന് ഇയാൾ മുമ്പും പിടിയിലായിരുന്നു. 2011ൽ ജൂഡ് മൈക്കിൾ ബംഗളൂരുവിൽനിന്ന് അമേരിക്കയിലേക്കു കൊറിയർ സർവീസ് വഴി 2.5 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു പരാജയപ്പെട്ടിരുന്നു. അന്നു രഹസ്യവിവരം കിട്ടിയ പോലീസ് കൊറിയർ ഏജൻസിയിലെത്തും മുൻപ് ഇയാൾ കടന്നുകളയുകയായിരുന്നു. ഇത്തരം കണ്ണികൾ കൊച്ചിയുടെ നടവഴികളിൽ സദാ ചുറ്റിത്തിരിയുന്നുണ്ട്.

ഗർഭിണി ചമഞ്ഞു കഞ്ചാവുകടത്ത്

മയക്കുമരുന്നു കടത്താൻ കൊറിയർ–പാഴ്സൽ സർവീസുകൾ ഒരു മാർഗം മാത്രമാണ്. ഇത്തരം അനവധി മാർഗങ്ങളുണ്ട്. ഒരു വഴി അടയ്ക്കപ്പെടുമ്പോൾ കടത്തുകാർ പത്തു വഴി പുതിയതായി കണ്ടെ ത്തുന്നു. വലിയൊരു പങ്ക് ലഹരിമരുന്നും റോഡ് മാർഗമാണ് ഇപ്പോഴും വിനിമയം ചെയ്യപ്പെടുന്നത്.


കെഎസ്ആർടിസി അടക്കമുള്ള പൊതുഗതാഗത സമ്പ്രദായങ്ങളെ വരെ ഇതിനായി ഉപയോഗിക്കുന്നു. അന്തർസംസ്‌ഥാന സർവീസ് നടത്തുന്ന സർക്കാർ–സ്വകാര്യ ബസുകൾ ലഹരികടത്തിന്റെ പ്രധാന മാർഗമാണ്. സ്വകാര്യ വാഹനങ്ങളുടെയും മറ്റും സീറ്റുകൾക്കുള്ളിലും യന്ത്രത്തിനിടയിലും പ്രത്യേകം തീർത്ത അറകളിലും ലഹരിമരുന്നു കടത്തുന്നു. കാരിയർമാർ വസ്ത്രത്തിലും ശരീരത്തിനുള്ളിലും ഒളിപ്പിച്ചാണു കടത്തുന്നത്.

മൂവാറ്റുപുഴയിൽ തലമുടിക്കുള്ളിൽ ക ഞ്ചാവ് ഒളിപ്പിച്ചു വിതരണം ചെയ്തയാൾ അടുത്തകാലത്തു പിടിയിലാവുകയുണ്ടായി. ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി വിഴുങ്ങിയും മലദ്വാരത്തിൽ വച്ചും മയക്കുമരുന്ന് എത്തിക്കാറുണ്ട്. ഛർദിച്ചും വിസർജിച്ചുമാണ് ഇവ പിന്നീടു പുറത്തെടുക്കുന്നത്.

നാടോടിസ്ത്രീകളും മറ്റും ഗർഭിണികളായി വേഷം കെട്ടി ഉദരഭാഗത്തു മയക്കുമരുന്നു കെട്ടിവച്ചു സുരക്ഷിതമായി കടത്തുന്നു. കൊറിയർ ചെയ്യുന്ന കവറോ ബോക്സോ പൊട്ടിച്ചു പരിശോധിക്കാനും വാഹനയാത്രക്കാരെയും സ്ത്രീകളെയും വിശദമായി പരിശോധിക്കാനും തടസങ്ങളുള്ളതു കട ത്ത് എളുപ്പമാക്കുന്നു. വിദേശരാജ്യങ്ങളിൽ കൊറിയറുകളും മറ്റും സ്കാൻ ചെയ്തശേഷം മാത്രമേ കൊണ്ടുപോകാറുള്ളൂ. എന്നാൽ അത്തരം സംവിധാനം ഇവിടെയില്ല.

ടിക്കറ്റ് വച്ചും വിതരണം

കഴിഞ്ഞ ഓഗസ്റ്റ് 13നു രാത്രി കൊച്ചി സിറ്റി പോലീസിൽ ഒരു അജ്‌ഞാത ഫോൺ സന്ദേശമെത്തി. മുളവുകാട്ടുള്ള ഒരു ദ്വീപിലെ റിസോർട്ടിൽ നടക്കുന്ന നിശാ പാർട്ടിയെക്കുറിച്ചായിരുന്നു സൂചന. പാർട്ടിക്കെത്തുന്നവർക്കു മയക്കുമരുന്ന് വിതരണം ചെയ്യുന്നതായുള്ള വിവരവും നൽകി. മുളവുകാടിനു സമീപമുള്ള താന്തോന്നി തുരുത്തിനോടു ചേർന്നുള്ള റിസോർട്ടിലായിരുന്നു നിശാ പാർട്ടി. ഷാഡോ പോലീസ് എത്തിയപ്പോഴേക്കും പാർട്ടി ആരംഭിച്ചിരുന്നു. പാർട്ടിക്കെത്തിയവരുടെ ബാഗും മറ്റും പോലീസ് അരിച്ചുപെറുക്കി. പ്രധാന വേദിക്കു സമീപത്തെ മുറികളിൽ നടത്തിയ പരിശോധന യിൽ മയക്കുമരുന്ന് കണ്ടെടുത്തു. തുടർന്നുനടന്ന ചോദ്യംചെയ്യലിൽ പരിപാടിക്കെത്തി യ ഡാൻസർ ആയ തിരുവനന്തപുരം സ്വദേശി ഇവാൻ ജോൺ ആണ് അതിന്റെ ആളെന്നു വ്യക്‌തമായി. 1,500 രൂപയാണു മൺസൂൺ നൈറ്റ് ഡിജെ പാർട്ടിയുടെ പ്രവേശനത്തിന് ഈടാക്കിയിരുന്നത്. ഫാഷൻഷോയും ലഹരിനുകരാനുള്ള അവസരവുമായിരുന്നു പാർട്ടിയുടെ പ്രധാന ആകർഷണം. സമൂഹമാധ്യമങ്ങളിലൂടെയും വാട്സ് ആപ്പിലൂടെയും പ്രചാരണം നടത്തി സംഘടിപ്പിച്ച പരിപാടിയിലേക്ക് സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറ്റ മ്പതോളം പേർ എത്തിയിരുന്നു. സ്മോക്ക് പാർട്ടി എന്ന പേരിലും അറിയപ്പെടുന്ന ഇ ത്തരം പാർട്ടികൾ രാത്രി ആരംഭിച്ചു പുലരും വരെ നീണ്ടുനിൽക്കും. പോലീസിനോ പു റമെ നിന്നുള്ളവർക്കോ എളുപ്പം എത്തിച്ചേരാൻ കഴിയുന്ന ഇടത്തല്ല ഇത്തരം പാർട്ടികൾ സംഘടിപ്പിക്കുന്നത്. മദ്യവും മയക്കുമരുന്നുമെല്ലാം പാർട്ടിയുടെ മറവിൽ യഥേഷ്‌ടം വരും. കൈമാറ്റം ചെയ്യപ്പെടും. വിദേശരാജ്യങ്ങളിലും മറ്റും നടക്കാറുണ്ടെന്നു കേട്ടുകേൾവിയുള്ള ഇത്തരം പരിപാടികൾ ദൈവത്തിന്റെ സ്വന്തം നാട്ടിലും സാധാരണമാകുകയാണ്.

(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.