കെ.എം. മാണിക്കെതിരായ പ്രചാരണം അടിസ്‌ഥാനരഹിതം: കേരള കോൺഗ്രസ്– എം
Tuesday, September 27, 2016 1:52 PM IST
തിരുവനന്തപുരം: മുൻ മന്ത്രി കെ.എം. മാണി കോഴിഫാം ഉടമകളായ തോംസൺ ഗ്രൂപ്പിനെതിരെയുള്ള റവന്യൂ റിക്കവറി നടപടികൾ സ്റ്റേ ചെയ്തു സർക്കാരിനു നഷ്‌ടം വരുത്തിയെന്ന പ്രചാരണം അടിസ്‌ഥാനരഹിതമാണെന്നു കേരള കോൺഗ്രസ് – എം നിയമസഭാകക്ഷി നേതാക്കൾ സംയുക്‌ത പ്രസ്താവനയിൽ പറഞ്ഞു.

സ്റ്റേ അനുവദിക്കണമെന്നാവശ്യപ്പെട്ടു മന്ത്രിക്കു ലഭിച്ച നിവേദനം നിശ്ചിത തുക കെട്ടിവയ്പിച്ച് അനന്തര നടപടികൾക്കു റവന്യൂമന്ത്രിക്കു കൈമാറുകയാണു ചെയ്തത്. മാത്രമല്ല, അഞ്ച് ലക്ഷം രൂപയിൽ കൂടുതലുള്ള തുകകൾക്കു സ്റ്റേ അനുവദിക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ അംഗീകാരം ആവശ്യമാണ്. കെ.എം. മാണി ഈ വിഷയത്തിൽ യാതൊരു ഉത്തരവും നൽകിയിട്ടില്ല.

ആയുർവേദ ഉത്പന്നത്തിന്റെ നികുതി ഇളവ് സംബന്ധിച്ചു പുറത്തുവന്ന വിജിലൻസ് വാർത്ത വ്യക്‌തിഹത്യ ലക്ഷ്യം വച്ചുള്ളതാണ്. നിയമസഭയിൽ മൂന്നു ഘട്ടങ്ങളായി ചർച്ച ചെയ്തശേഷം പാസാക്കിയ നികുതി ഇളവിനെയാണ് അഴിമതിയായി ചിത്രീകരിക്കുന്നത്.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആയുർവേദ ഔഷധങ്ങളുടെ നികുതി ബജറ്റ് വഴി മന്ത്രി തോമസ് ഐസക് 12.5 ശതമാനത്തിൽ നിന്നു നാലു ശതമാനമായി കുറച്ചു. മുൻകാല പ്രാബല്യത്തോടെയാണ് ഇളവ് നൽകിയത്. പിന്നീട് കെ.എം. മാണി മന്ത്രിയായപ്പോൾ വീണ്ടും നിയമസഭ ചർച്ച ചെയ്ത ശേഷമാണ് ഇളവ് നൽകിയത്. എല്ലാ കക്ഷികളും അംഗങ്ങളായ സബ്ജക്ട് കമ്മിറ്റി ചർച്ച ചെയ്തതുമാണ്. വേണമെങ്കിൽ സർക്കാരിനു നേരിട്ട് ഉത്തരവ് ഇറക്കി നികുതി ഇളവ് നൽകാമായിരുന്നു. സുതാര്യതയ്ക്കു വേണ്ടിയാണു വിഷയം നിയമസഭയിൽ ചർച്ച ചെയ്തു പാസാക്കിയത്.


അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ തുടർച്ചയായി ഉന്നയിച്ചാൽ കേരളത്തിൽ ഒരു ധനമന്ത്രിക്കും പൊതു ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് ഇളവുകൾ നൽകാൻ കഴിയില്ല. വ്യക്‌തിഹത്യനടത്തി അധിക്ഷേപിക്കാനുള്ള ശ്രമങ്ങൾ സർക്കാർ പ്രത്യേകം പരിശോധിക്കണമെന്നും കേരള കോൺഗ്രസ് –എം നേതാക്കൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ് – എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്, ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്, നിയമസഭാകക്ഷി സെക്രട്ടറി മോൻസ് ജോസഫ്, ട്രഷറർ പ്രഫ. എൻ. ജയരാജ്, നിയമസഭാകക്ഷി വിപ്പ് റോഷി അഗസ്റ്റിൻ എന്നിവരാണു പ്രസ്താവന പുറപ്പെടുവിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.