സ്വാശ്രയ സമരം നിയമസഭയിലേക്ക്; യുഡിഎഫ് ഏറ്റെടുത്തു
സ്വാശ്രയ സമരം നിയമസഭയിലേക്ക്; യുഡിഎഫ് ഏറ്റെടുത്തു
Tuesday, September 27, 2016 1:52 PM IST
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രശ്നത്തിൽ യൂത്ത് കോൺഗ്രസ് ആരംഭിച്ച സമരം യുഡിഎഫ് ഏറ്റെടുത്തു. നിയമസഭാ സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിൽ ഇനി സമരം നിയമസഭ കേന്ദ്രീകരിച്ചാവും.

സംസ്‌ഥാനത്തെ ആയിരക്കണക്കിനു വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയും ബാധിക്കുന്ന അതീവ ഗൗരവമുള്ള പ്രശ്നമായതിനാൽ ഈ സമരം യുഡിഎഫ് ഏറ്റെടുക്കുകയാണെന്ന് അടിയന്തര യുഡിഎഫ് യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. നിയമസഭയിൽ ഏതു രീതിയിലുള്ള സമരമാർഗമാണ് സ്വീകരിക്കേണ്ടതെന്ന് ഇന്ന് എംഎൽഎമാരുമായി ആലോചിച്ച് അന്തിമതീരുമാനം കൈക്കൊള്ളുമെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫിന്റെ രണ്ട് എംഎൽഎമാർ നിരാഹാരസമരം ആരംഭിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുന്നതായും സൂചന ഉണ്ട്. ഇന്ന് എംഎൽഎമാരുമായി കൂടിയാലോചന നടത്തിയാവും യുഡിഎഫ് അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നാണുസൂചന.

സ്വാശ്രയ കോളജ് ഫീസ് കൊള്ളയ്ക്കെതിരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ എട്ടു ദിവസമായി നടത്തുന്ന നിരാഹാര സമരത്തിന് അഭിവാദ്യമർപ്പിച്ചു പ്രകടനം നടത്തിയവർക്കെതിരേ ക്രൂരമായ മർദനമാണ് പോലീസ് അഴിച്ചുവിട്ടതെന്നു പ്രതിപക്ഷനേതാവ് പറഞ്ഞു. തലസ്‌ഥാനത്തു മാത്രം എട്ടു ദിവസത്തിനുള്ളിൽ 12 തവണ പോലീസ് ലാത്തിച്ചാർജ് നടത്തി. പതിനഞ്ചോളം തവണ കണ്ണീർവാതക പ്രയോഗം നടത്തി. ഇപ്പോൾ യുവജനപ്രവർത്തകരുടെ സമരങ്ങൾക്കുനേരേ മർദനമുറയാണ് സ്വീകരിക്കുന്നത്.


സമരപ്പന്തലിൽ കയറിയാണ് ഇന്നലെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചത്. കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സന്ദർശിക്കാൻ എത്തിയ സമയത്താണ് ഇത്തരത്തിൽ പ്രകോപനപരമായി പെരുമാറിയത്. ഇതിൽനിന്നു തന്നെ പോലീസ് ബോധപൂർവമായ ആക്രമണമാണ് അഴിച്ചുവിട്ടതെന്നു വളരെ വ്യക്‌തമാണ്. സമാധാനപരമായി നിരാഹാരസമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ ഇടതു സർക്കാർ നിഷേധാത്മകനിലപാടാണു സ്വീകരിക്കുന്നത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ കല്ലെറിഞ്ഞ പാർട്ടിക്കാരാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കു നേരേ കരിങ്കൊടി കാണിച്ചപ്പോൾ അസഹിഷ്ണുത പുലർത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ പദവിക്കു ചേർന്നതല്ല. പ്രതിപക്ഷത്തെ അടിച്ചമർത്തിക്കളയാമെന്നാണു ധാരണയെങ്കിൽ അത് അംഗീകരിക്കില്ല. ഫീസ് വർധന സംബന്ധിച്ചു ആരോഗ്യമന്ത്രിയുടെ വാദം തെറ്റാണ്. മാനേജ്മെന്റുകൾക്ക് കൊള്ളലാഭത്തിനുള്ള അവസരം നല്കാനാണ് ആരോഗ്യമന്ത്രി കരാറിൽ ഒപ്പുവച്ചത്. എന്തിനാണ് സർക്കാർ മാനേജ്മെന്റിനെ ഇതുപോലെ പ്രീതിപ്പെടുത്തുന്നതെന്നും ചെന്നിത്തല ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.