കരിങ്കൊടി കാട്ടിയതു യൂത്ത് കോൺഗ്രസുകാരല്ല: മുഖ്യമന്ത്രി
കരിങ്കൊടി കാട്ടിയതു യൂത്ത് കോൺഗ്രസുകാരല്ല: മുഖ്യമന്ത്രി
Tuesday, September 27, 2016 1:52 PM IST
സ്വന്തം ലേഖകൻ

തിരുവനന്തപുരം: തനിക്കു നേരേ കരിങ്കൊടി കാട്ടിയത് യൂത്ത് കോൺഗ്രസുകാരല്ല, ഏതോ ചാനലുകാർ വാടകയ്ക്ക് എടുത്തവരാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം നിയമസഭയെ സ്തംഭിപ്പിച്ചു. സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസുകാരെ പരിഹസിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന പിൻവലിച്ചു മാപ്പു പറയുകയോ സഭാ രേഖകളിൽനിന്നു നീക്കുകയോ ചെയ്യുന്നതു വരെ പ്രതിപക്ഷ പ്രതിഷേധം നിയമസഭയിൽ തുടരുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനയെത്തുടർന്നു നിയമസഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം മുഴക്കുകയും കുത്തിയിരിക്കുകയും ചെയ്തു. പ്രതിപക്ഷ ബഹളത്തിനിടയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗം പൂർത്തിയാക്കിയത്. യൂത്ത് കോൺഗ്രസ് മോശപ്പെട്ട സംഘടനയാണെന്ന അഭിപ്രായം തനിക്കില്ലെന്നു പറഞ്ഞ പിണറായി വിജയൻ, തനി്ക്കെതിരേ കരിങ്കൊടി കാട്ടിയ രണ്ടു പേർ ഏതോ ചാനലുകാർ വാടകയ്ക്ക് എടുത്തവരാണെന്നു പറഞ്ഞു.

പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ പ്രസംഗിച്ച മുഖ്യമന്ത്രി, തനിക്കെതിരേ മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷാംഗങ്ങൾക്കു നേരേ പലപ്പോഴും പ്രകോപിതനായാണു സംസാരിച്ചത്. നിങ്ങൾ പ്രസംഗം തടസപ്പെടുത്താൻ എന്തൊക്കെ ശ്രമിച്ചാലും മറുപടി പറയാതിരിക്കില്ലെന്നു പറഞ്ഞ പിണറായി വിജയൻ, ഇതൊന്നും ഇവിടെ നടക്കാൻ പോകുന്നില്ലെടോ എന്നും പോയി പണി നോക്കാനും വെല്ലുവിളിയുടെ ഭാഷയിൽ പറഞ്ഞു.

മുഖ്യമന്ത്രി തെരുവുഭാഷയിലാണു സംസാരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മഹാരഥന്മാർ ഇരുന്ന മുഖ്യമന്ത്രിയുടെ കസേരയിൽ ഇരിക്കുന്ന പിണറായി വിജയൻ പാർട്ടി കമ്മിറ്റികളിലും പൊതുനിരത്തിലും ഉപയോഗിക്കുന്ന ഭാഷ നിയമസഭയിൽ ഉപയോഗിക്കരുതെന്നു രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയാണെന്ന് ഓർത്തുകൊണ്ടാണ് ഇവിടെ ഇത്തരം കാര്യങ്ങൾ പറയുന്നതെന്നും പറഞ്ഞ കാര്യങ്ങൾ വീണ്ടും പറയുമെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. മറുപടി പറയുന്നതു കേൾക്കാൻ പ്രതിപക്ഷ അംഗങ്ങളെ പരിശീലിപ്പിക്കുകയാണു വേണ്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു.

സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിലെ കൊള്ളയ്ക്കെതിരേ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരെ പോലീസ് തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ചു ശൂന്യവേളയിൽ കോൺഗ്രസിലെ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയത്. കൂത്തുപറമ്പ് രക്‌തസാക്ഷികളുടെ നാട്ടിൽ നിന്നു വരുന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണു സ്വാശ്രയ കൊള്ളയ്ക്കു കൂട്ടുനിൽക്കുന്ന കരാർ ഒപ്പിട്ടതെന്നു ഷാഫി പറമ്പിൽ പറഞ്ഞു.


തുടർന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പ്രസംഗം തുടങ്ങിയത്. യൂത്ത് കോൺഗ്രസിനെ പരിഹസിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തെത്തുടർന്നു നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ ബഹളം തുടങ്ങി. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇടപെട്ടു രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും അംഗങ്ങൾ ശാന്തരായില്ല. മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന നിയമസഭയുടെ രേഖകളിൽ നിന്നു നീക്കം ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ നിരാകരിച്ചു. സഭയിൽ ആര് എന്തു സംസാരിക്കണമെന്നു പറയാൻ സ്പീക്കർക്കു കഴിയില്ലെന്നു പറഞ്ഞ ശ്രീരാമകൃഷ്ണനെതിരേയും പ്രതിപക്ഷം തിരിഞ്ഞു. പിണറായി ഫാൻസ് അസോസിയേഷനിൽ സ്പീക്കർ അംഗത്വം എടുത്തെന്നു പ്രതിപക്ഷം ആരോപിച്ചു. നിയമസഭയിൽ വിവാദ സംഭവങ്ങൾ അരങ്ങേറുമ്പോൾ സ്പീക്കർ നിശബ്ദനാകുന്നതു ഭയം കൊണ്ടാണെന്നും പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. മുൻ സ്പീക്കർമാർ പ്രതിപക്ഷ ബഹുമാനം നിലനിർത്തി നിഷ്പക്ഷ നിലപാടുകൾ സ്വീകരിച്ചപ്പോൾ ശ്രീരാമകൃഷ്ണൻ തികച്ചും വ്യത്യസ്ത നിലപാടാണു സ്വീകരിക്കുന്നതെന്ന് അനൂപ് ജേക്കബ് ആരോപിച്ചു.

പ്രതിപക്ഷ ബഹളത്തിനിടെ ശ്രദ്ധക്ഷണിക്കൽ പ്രമേയവും സബ്മിഷനും റദ്ദാക്കുന്നതായി സ്പീക്കർ അറിയിച്ചു. 2016– 17 ബജറ്റിലേക്കുള്ള ധനാഭ്യർഥന ചർച്ചയും വോട്ടെടുപ്പും മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കി രാവിലെ 10.30ഓടെ നിയമസഭ പിരിഞ്ഞതായി സ്പീക്കർ അറിയിക്കുകയായിരുന്നു.

ചോദ്യോത്തര വേളയിൽ സർക്കാരിനെതിരേയുള്ള ബാനറുമായാണു പ്രതിപക്ഷം സഭയിലെത്തിയത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ ഇതിനെയും വിമർശിച്ചിരുന്നു. പ്രതിപക്ഷം രാവിലെ ബാനറുമായെത്തി. മാധ്യമപ്രവർത്തകർക്കു കാണാൻ വേണ്ടി ബാനർ ഉയർത്തിക്കാട്ടിയെന്നും അവർ പോയതോടെ അത് ഉപേക്ഷിച്ചെന്നുമായിരുന്നു പ്രതിപക്ഷത്തിനു നേരേയുള്ള പിണറായി വിജയന്റെ പരിഹാസം.

അതേസമയം മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ച് അപകീർത്തികരമായ പ്രസ്താവന നിയമസഭാ രേഖയിൽ നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്കു കത്തു നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.