പൊതു വിദ്യാലയങ്ങളിലെ 35 ലക്ഷം കുട്ടികൾക്കു സൗജന്യ ഇൻഷ്വറൻസ് പദ്ധതി
Wednesday, September 28, 2016 1:31 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ– എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന 35 ലക്ഷം കുട്ടികൾക്കു സൗജന്യ ഇൻഷ്വറൻസ് പദ്ധതി പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് വഴി നടപ്പാക്കാൻ മന്ത്രിസഭാ തീരുമാനം. അപകടത്തെ തുടർന്നു മരിച്ചാൽ 50,000 രൂപയും പരിക്കേറ്റാൽ പരമാവധി 10,000 രൂപയും ലഭ്യമാവുന്നതാണു പദ്ധതി.

സർക്കാർ– എയ്ഡഡ് മേഖലയിൽ ഒന്നുമുതൽ പത്തു വരെയുള്ള കുട്ടികൾക്ക് അപകട ഇൻഷ്വറൻസ് പരിരക്ഷ നല്കാനാണ് മന്ത്രിസഭാ തീരുമാനം. ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പദ്ധതി പിന്നീടു നടപ്പാക്കും.

ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്ക് അപകട മരണം സംഭവിച്ചാൽ 50,000 രൂപ കുട്ടിയുടെ പേരിൽ സ്‌ഥിര നിക്ഷേപം നടത്തും. ഇതിന്റെ പലിശ തുടർപഠനത്തിന് ഉപയോഗിക്കുന്ന വിധമാകും പദ്ധതി നടപ്പിലാക്കുക. പദ്ധതിയിതര ഇനത്തിൽ 50 ലക്ഷത്തോളം രൂപ ഇതിനായി നീക്കിവയ്ക്കും. അപകടത്തിൽപ്പെടുന്ന കുട്ടികൾക്ക് 10,000 രൂപ നഷ്‌ടപരിഹാരം നല്കുന്ന പദ്ധതിക്ക് 2013 ൽ തുടക്കമിട്ടിരുന്നു. സ്വകാര്യ ഇൻഷ്വറൻസ് കമ്പനിയുമായി ചേർന്നു പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല. ഈ പദ്ധതി പരിഷ്കരിച്ചാണു നടപ്പാക്കുക. കഴിഞ്ഞ യുഡിഎഫ് സർക്കാർ ഇൻഷ്വറൻസ് കമ്പനിയെ ഏൽപിച്ചിരുന്ന പദ്ധതിയിൽ കമ്പനിയെ ഒഴിവാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് നേരിട്ടാണു പദ്ധതി നടപ്പാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.