യുഡിഎഫ് ഹർത്താലിനോടു വിയോജിച്ചു വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്
യുഡിഎഫ് ഹർത്താലിനോടു വിയോജിച്ചു വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്
Wednesday, September 28, 2016 1:31 PM IST
തിരുവനന്തപുരം: ഹർത്താലുകൾ ജനവിരുദ്ധമാണെന്ന മുൻ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ എംഎൽഎ. സ്വാശ്രയ സമരവുമായി ബന്ധപ്പെട്ട് യുഡിഎഫ് തിരുവനന്തപുരം ജില്ലയിൽ ഹർത്താൽ നടത്തിയ അതേ ദിനത്തിലാണ് സതീശൻ തന്റെ മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഫേസ്ബുക്ക് കുറിപ്പിൽ എഴുതിയത്.

ഇന്നലെ നടത്തിയ യുഡിഎഫ് ഹർത്താലിനോടു വിയോജിപ്പു രേഖപ്പെടുത്തിക്കൊണ്ടാണ് സതീശൻ കുറിപ്പ് ആരംഭിക്കുന്നത്. പതിറ്റാണ്ടുകളായി എല്ലാ രാഷ്ട്രീയപ്പാർട്ടികളും തുടർന്നുപോരുന്ന ഈ കാലഹരണപ്പെട്ട സമരമാർഗത്തോട് സമൂഹത്തിൽ ഉള്ളതുപോലെ കോൺഗ്രസിലും രണ്ട് അഭിപ്രായമുണ്ട്. ഹർത്താൽവിരുദ്ധ പോരാട്ടത്തിൽ രാഷ്ട്രീയത്തിന് അതീതമായ ഒരു പ്രക്രിയയാണ് കുറച്ചുനാളായി നടന്നുവരുന്നത്. അതു ക്രമേണ വിജയം കാണുക തന്നെ ചെയ്യും. യുഡിഎഫ് ഹർത്താൽ ഒഴിവാക്കപ്പെടേണ്ടതു തന്നെയായിരുന്നെന്നും സതീശൻ കുറിപ്പിൽ പറഞ്ഞു.


സതീശൻ തന്റെ നിലപാട് പ്രഖ്യാപിച്ചതിൽ തെറ്റായി ഒന്നുമില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സതീശനും എം.എം. ഹസനും എല്ലാക്കാലത്തും ഹർത്താലിനെതിരായ നിലപാടാണു സ്വീകരിച്ചിട്ടുള്ളത്. യൂത്ത് കോൺഗ്രസ് സമരത്തിനെതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സംസ്‌ഥാന വ്യാപകമായി ഹർത്താൽ നടത്തണമെന്നാണു ജനങ്ങളും പ്രവർത്തകരും ആവശ്യപ്പെട്ടത്. എന്നാൽ, യുഡിഎഫ് അതു ചർച്ച ചെയ്തു തിരുവനന്തപുരം ജില്ലയിൽ മാത്രമാക്കി ചുരുക്കുകയായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.