ഹർത്താൽ വിരുദ്ധ ബിൽ അവതരിപ്പിച്ചവരുടെ ഹർത്താൽ; സർക്കാരിനു മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്
Wednesday, September 28, 2016 1:38 PM IST
തിരുവനന്തപുരം: കേരള ഹർത്താൽ നിയന്ത്രണ ബിൽ കേരള നിയമസഭയിൽ അവതരിപ്പിച്ചവർ തന്നെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഹർത്താൽ പ്രഖ്യാപിച്ച് രോഗികളെയും നിസഹായരായ ജനങ്ങളെയും ബുദ്ധിമുട്ടിച്ചതിനെതിരെ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അധികൃതർക്ക് നോട്ടീസയച്ചു.

ഹർത്താൽ കാരണം ജനങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകളെയും അവ നേരിടാൻ സർക്കാർ സംവിധാനങ്ങൾ സ്വീകരിച്ച നടപടികളെയും കുറിച്ച് ചീഫ് സെക്രട്ടറിയും സംസ്‌ഥാന പോലീസ് മേധാവിയും ഒരു മാസത്തിനകം വിശദീകരണം നൽകണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൻ പി. മോഹനദാസ് നോട്ടീസിൽ ആവശ്യപ്പെട്ടു. കേസ് ഒക്ടോബറിൽ തിരുവനന്തപുരത്ത് പരിഗണിക്കും.

ഹർത്താൽ നിയന്ത്രണ കരട് ബിൽ നിയമസഭയിൽ അവതരിപ്പിച്ച അന്നത്തെ ആഭ്യന്തര മന്ത്രിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തതെന്ന് പൊതുപ്രവർത്തകനായ പി.കെ. രാജു സമർപ്പിച്ച പരാതിയിൽ പറയുന്നു. മാധ്യമങ്ങൾ മുഖേന മൂന്നു ദിവസം മുമ്പ് പൊതു അറിയിപ്പ് നൽകാതെ ഹർത്താൽ സംഘടിപ്പിക്കാൻ പാടില്ലെന്നാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് നിയമസഭയിൽ അവതരിപ്പിച്ച കരട് ബില്ലിൽ പറയുന്നത്. ഹർത്താൽ സംഘടിപ്പിക്കുമ്പോൾ ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശത്തിനുള്ള നഷ്ടപരിഹാരം നൽകാൻ ഒരു തുക ഈടായി നിക്ഷേപിക്കണം. ബലം പ്രയോഗിച്ച് ഹർത്താൽ നടത്താൻ പാടില്ലെന്നും ബില്ലിൽ വ്യവസ്‌ഥ ചെയ്യുന്നതായി പരാതിയിൽ പറയുന്നു. എന്നാൽ, ബുധനാഴ്ച നടന്ന ഹർത്താലിൽ ബസ് തടഞ്ഞുനിർത്തി രോഗികളെ ഇറക്കിവിടുകയും വ്യാപക അക്രമം അഴിച്ചുവിടുകയും ചെയ്തു. വിദേശത്ത് ജോലിക്കായി വിമാനത്താവളത്തിലേക്ക് പോകുന്നവരുടെ വാഹനങ്ങൾ പോലും തടഞ്ഞു. പരീക്ഷകൾ തടസപ്പെടുത്തി. എടിഎമ്മുകൾ അടപ്പിതായും പരാതിയിൽ പറയുന്നു. പ്രതിപക്ഷ നേതാവ്, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരാണു കേസിലെ എതിർകക്ഷികൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.