നിലപാടിൽ ആത്മാർഥതയുണ്ടെങ്കിൽ പരിയാരത്തെ ഫീസെങ്കിലും കുറയ്ക്കണം: ഉമ്മൻ ചാണ്ടി
നിലപാടിൽ ആത്മാർഥതയുണ്ടെങ്കിൽ പരിയാരത്തെ ഫീസെങ്കിലും കുറയ്ക്കണം: ഉമ്മൻ ചാണ്ടി
Wednesday, September 28, 2016 1:56 PM IST
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ വിഷയത്തിൽ സർക്കാരിന് വിദ്യാർഥികളോട് ആത്മാർഥതയുണ്ടെങ്കിൽ പരിയാരം സഹകരണ മെഡിക്കൽ കോളജിലെ ഫീസ് കുറച്ച് മാതൃക കാട്ടണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇപ്പോൾ ഈ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് ശ്രദ്ധിച്ചാൽ മറ്റാരേയോ സഹായിക്കാനാണെന്നു തോന്നും. മുൻ കാലങ്ങളിൽ സ്വാശ്രയ പ്രശ്നത്തിൽ ഇവർ സ്വീകരിച്ചിരുന്ന നിലപാടിൽ ആത്മാർഥതയില്ലെന്ന് ഇപ്പോൾ വ്യക്‌തമായതായി പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ കൈവശമുള്ള 250 സീറ്റ് നഷ്‌ടപ്പെടുത്തി സാധാരണക്കാരായ കുട്ടികൾ 25,000 രൂപയ്ക്ക് പഠിക്കാനുള്ള അവസരം ഈ സർക്കാർ ഇല്ലാതാക്കി. മെഡിക്കൽ കൗൺസിൽ അംഗീകാരമുണ്ടായിട്ടും തിരുവനന്തപുരം, പാരിപ്പള്ളി ഇഎസ്ഐ, ഇടുക്കി മെഡിക്കൽ കോളജുകളിലെ 250 സീറ്റുകൾ സർക്കാർ നഷ്‌ടപ്പെടുത്തുകയായിരുന്നു. മെഡിക്കൽ കൗൺസിന് ചില ഉറപ്പുകൾ നൽകിയിരുന്നെങ്കിൽ ഈ സീറ്റുകൾ നഷ്‌ടമാവുമായിരുന്നില്ല. സാധാരണക്കാരായ വിദ്യാർഥികൾക്ക് പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ നഷ്‌ടമായതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.


മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത് ചാനലുകാർ വാടകയ്ക്കെടുത്തവരാണെന്ന പിണറായി വിജയന്റെ ആക്ഷേപം അദ്ദേഹത്തിന്റെ പദവിക്ക് ഒട്ടും ചേർന്നതല്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.