ഗ്രാമങ്ങളിൽ 200 തിയറ്ററുകൾ പരിഗണനയിൽ: കമൽ
ഗ്രാമങ്ങളിൽ 200 തിയറ്ററുകൾ പരിഗണനയിൽ: കമൽ
Wednesday, September 28, 2016 2:10 PM IST
കൊച്ചി: ഫാസിസത്തിന്റെ കടന്നാക്രമണത്തിനെതിരേ പ്രതിരോധം തീർക്കാൻ ഫിലിം സൊസൈറ്റികൾക്കും സാംസ്കാരിക കൂട്ടായ്മകൾക്കും കഴിയുമെന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ കേരള ഘടകം എറണാകുളം ടൗൺഹാളിൽ സംഘടിപ്പിക്കുന്ന സൈൻ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗ്രാമങ്ങളിലേക്കു കൂടുതൽ സജീവമായി സിനിമ എത്തിക്കാനായി ഗ്രാമങ്ങളിൽ അഞ്ചു വർഷംകൊണ്ട് 200 തിയറ്ററുകൾ പണിയാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ജനകീയ സിനിമയല്ലാത്തവയും സാധാരണ ജനങ്ങളിലേക്ക് എത്തിക്കാൻ ഈ പദ്ധതി സഹായിക്കുമെന്നും കമൽ പറഞ്ഞു.

ഇന്നു യുവാക്കളുടെ കൂട്ട് മതത്തിന്റെ പേരിലാകുന്നത് ആശങ്കയോടെ കാണണം. ചലച്ചിത്ര മേളകൾ സിനിമ കാണാനുള്ള വേദിയായി മാത്രം ഒതുങ്ങരുത്. ഡിജിറ്റൽ ലോകത്തു ജീവിക്കുന്ന നാം സ്വീകരണ മുറികളിലിരുന്നും മൊബൈലിലും സിനിമ കാണുന്നവരാണ്. പക്ഷേ, ഇതു സാംസ്കാരിക കൂട്ടായ്മകളെ ഇല്ലതാക്കും. സംവാദത്തിനുള്ള വേദിയാണു ചലച്ചിത്ര മേളകളെന്നു യുവതലമുറയ്ക്കു തോന്നണം. സിനിമയിൽനിന്ന് എല്ലാ കാലത്തും സമൂഹത്തിലെ ഒരു വിഭാഗം അകന്നുനിന്നിട്ടുണ്ട്. ഇതിനു മാറ്റം വരുത്താൻ ഫിലിം സൊസൈറ്റികളും ചലച്ചിത്ര അക്കാദമിയും ഒരുമിച്ചു പ്രവർത്തിക്കണം. ആഘോഷങ്ങൾക്കുവേണ്ടി സിനിമ കാണാൻ വരുന്ന തലമുറയുടെ ഇടമായി ഇന്നു ഫിലിം ഫെസ്റ്റിവലുകൾ മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കലകൾക്കും സാഹിത്യത്തിനും സിനിമയ്ക്കുമെല്ലാം സ്വീകാര്യത കുറഞ്ഞുവരികയാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ(എഫ്എഫ്എസ്ഐ) വൈസ് ചെയർമാൻ ചെലവൂർ വേണു അഭിപ്രായപ്പെട്ടു.

എഫ്എഫ്എസ്ഐ സെക്രട്ടറി വി.കെ. ജോസഫ്, ഡോ.സെബാസ്റ്റ്യൻ പോൾ, ബിനാലെ ഫൗണ്ടേഷൻ സെക്രട്ടറി ബോണി തോമസ്, മെട്രോ ഫിലിം സൊസൈറ്റി സെക്രട്ടറി എം.ഗോപിനാഥൻ, ലളിതകലാ അക്കാദമി ചെയർമാൻ സത്യപാൽ, സൈൻസ് ഡയറക്ടർ സി.എസ്.വെങ്കിടേശ്വരൻ സജിത മഠത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് സൈൻസ് മേള സംഘടിപ്പിച്ചിട്ടുള്ളത്. മുന്നൂറോളം പ്രതിനിധികളാണ് സൈൻസിന്റെ ആദ്യ ദിനത്തിൽ രജിസ്റ്റർചെയ്തത്. ഇതു പത്തു വർഷത്തെ ഏറ്റവുംകൂടിയ സംഖ്യയാണെന്ന് സി.എസ്. വെങ്കിടേശ്വരൻ പറഞ്ഞു.

പ്രതിനിധികളെക്കൂടാതെ 160 സംവിധായകരും മേളയിൽ പങ്കെടുക്കുന്നുണ്ട്. അഞ്ചു ദിവസം നീളുന്ന സൈൻസ് ഹ്രസ്വചിത്രമേളയിൽ ഇരുന്നൂറോളം ചിത്രങ്ങളാണു പ്രദർശിപ്പിക്കുക. ഒക്ടോബർ രണ്ടിനു മേള സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.