കാരുണ്യപ്രവൃത്തികളോടെ വിശ്വാസത്തിനു സാക്ഷ്യം വഹിക്കണം: മാർ ആലഞ്ചേരി
കാരുണ്യപ്രവൃത്തികളോടെ വിശ്വാസത്തിനു സാക്ഷ്യം വഹിക്കണം: മാർ ആലഞ്ചേരി
Wednesday, September 28, 2016 2:10 PM IST
ചെങ്ങളം: കാരുണ്യപ്രവൃത്തികൾ ചെയ്ത് വിശ്വാസത്തിനു സാക്ഷ്യം വഹിക്കണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയെ തീർഥാടന ദേവാലയമായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ചു നടന്ന സമൂഹബലിയിൽ മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

െരകെസ്തവ സഭ വളരെയധികം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കാലഘട്ടമാണിത്. വിശ്വാസങ്ങൾ പരീക്ഷിക്കപ്പെടുമ്പോഴാണ് അതിനു കൂടുതൽ തീക്ഷ്ണത ഉണ്ടാകുന്നത്. പ്രതിസന്ധികളെ അതിജീവിക്കാൻ വിശ്വാസങ്ങളിൽ അടിയുറച്ചു നിൽക്കണം. എതിർപ്പുകളും ക്ലേശങ്ങളുമില്ലാതെ ജീവിക്കുന്ന കാലഘട്ടത്തിൽ ഒരുപക്ഷേ വിശ്വാസം മന്ദീഭവിച്ചെന്നു വരാം. അതിനാൽ വിശ്വാസങ്ങൾക്കു മേലുള്ള പരീക്ഷണങ്ങൾക്കു കൂടുതൽ വില കൽപ്പിക്കണം. യെമൻ, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നമ്മുടെ സഹോദരങ്ങൾ വധിക്കപ്പെടുകയാണ്. ഫാ. ടോം ഉഴുന്നാലിൽ എവിടെയാണെന്ന് പോലും അറിയില്ല. ഒഡീഷയിൽ ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടു. വിശ്വാസികളെ ചിതറിപ്പിച്ചു. കാടുകളിലും മറ്റുമാണ് അവർ അഭയം തേടിയത്. മതമൗലിക വാദികളായ ചില ഭരണാധികാരികളും അക്രമികൾക്ക് പിന്തുണ നൽകി.

ഇത്രയൊക്കെ പ്രതിസന്ധികളിൽനിന്നു തിരിച്ചുവന്നിട്ടും അവരുടെ വിശ്വാസത്തിന് ഭംഗമുണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. പ്രതിസന്ധികളെ അതിജീവിച്ചു ജീവിത പ്രശ്നങ്ങളെ ഏറ്റെടുത്ത് ദൈവകരുണയുടെ ജീവിക്കുന്ന സാക്ഷികളായി വിശ്വാസികൾ മാറണം. കാരുണ്യ വർഷത്തിൽ സഭയുടെ ദൈവകരുണയുടെ പ്രത്യേക തീർഥാടന കേന്ദ്രമായി ചെങ്ങളം വിശുദ്ധ അന്തോനീസിന്റെ ദേവാലയത്തെ ഉയർത്തിയതായും കർദിനാൾ പ്രഖ്യാപിച്ചു. ഇതിന്റെ നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുന്നതാണ്.


കേരള കത്തോലിക്കാ സഭയുടെ മിഷൻ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒരു മിഷൻ ഇടവകയെ ദത്തെടുക്കുമെന്ന സിനഡിന്റെ തീരുമാനം നടപ്പിലാക്കുന്ന ആദ്യത്തെ ഇടവകയായി കാഞ്ഞിരപ്പള്ളി രൂപതയിലെ ചെങ്ങളം വിശുദ്ധ അന്തോനീസിന്റെ ഇടവക മാറണമെന്ന് കർദിനാൾ ആഹ്വാനം ചെയ്തു. വികാരി ഫാ. മാത്യു പുതമനയും ഇടവക ജനങ്ങളും കരഘോഷത്തോടെയാണ് നിർദേശം സ്വീകരിച്ചത്.

സമൂഹബലിക്കു മുന്നോടിയായി ദൈവാലയത്തിലെത്തിച്ചേർന്ന മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ എന്നിവരെ ആദ്യ കുർബാന സ്വീകരിച്ച 100 കുട്ടികളുടെയും കൂട്ടായ്മ പ്രതിനിധികളുടെയും നേതൃത്വത്തിൽ ഇടവക ജനം ഒന്നാകെ മുത്തുക്കുടകളും കൊടിതോരണങ്ങളുമായാണ് സ്വീകരിച്ചത്. ഇടവക ജനങ്ങൾ എഴുതിയ ബൈബിൾ കൈയെഴത്ത് പ്രതി പുതിയ ദേവാലയത്തിൽ പ്രതിഷ്ഠിച്ചു.

സമൂഹബലിയിൽ മാർ ജോസ് പുളിക്കൽ, വികാരി ഫാ. മാത്യു പുതുമന, ഫാ. ജിൻസ് എംസിബിഎസ്, ഫാ. തോമസ് ഇലവനാമുക്കട, ഫാ. സെബിൻ കാഞ്ഞിരത്തിങ്കൽ, ഫാ. റോയി എംസിബിഎസ് എന്നിവർ സഹകാർമികരായിരുന്നു. ചടങ്ങുകൾക്കു ശേഷം “തമുക്ക്’ നേർച്ചയുമുണ്ടായിരുന്നു.

അസിസ്റ്റന്റ് വികാരി ഫാ. ജോം പാറയ്ക്കൽ, ട്രസ്റ്റിമാരായ സി.വി. തോമസ് ചെങ്ങളത്ത്, ജോസഫ് വർക്കി എടയോടിയിൽ, തോമസ് ആന്റണി തറപ്പേൽ, നിർമാണകമ്മിറ്റി കൺവീനർ ആന്റോ മാത്യു ജീരകത്തിൽ, പബ്ലിസിറ്റി കൺവീനർ തോമസ് മാത്യു, പിആർഒ ടോമി എടയോടിയിൽ, തോമസ് സെബാസ്റ്റ്യൻ മണ്ണത്തുപ്ലാക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.