ഡൽഹി പോലീസ് റിക്രൂട്ട്മെന്റ് കേരളത്തിലും
Thursday, September 29, 2016 1:09 PM IST
തിരുവനന്തപുരം: ഡൽഹി പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കു കേരളത്തിൽ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തും. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. സ്ത്രീകൾക്ക് 1,554 ഒഴിവുകളും പുരുഷന്മാർക്ക് 3115 ഒഴിവുകളും ചേർത്ത് ആകെ 4,669 ഒഴിവുകളാണുള്ളത്. ശമ്പള സ്കെയിൽ PB1 Rs. 5200– 20200 + ഗ്രേഡ് പേ ഞെ. 2000. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മുഖേനയാണ് തിരഞ്ഞെടുപ്പ്. സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിൽ ഓൺലൈനായിട്ടാണ് ഉദ്യോഗാർഥികൾ അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകർ ഒരു അംഗീകൃത ബോർഡ്/യൂണിവേഴ്സിറ്റി നടത്തുന്ന 10+2 പരീക്ഷ പാസായിരിക്കണം. പ്രായപരിധി പുരുഷൻമാർക്ക് 18–21 വയസും സ്ത്രീകൾക്ക് 18–25 വയസും ആണ്. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ഒക്ടോബർ 10.


നവംബർ അവസാന വാരത്തോടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും കേരളത്തിലുൾപ്പെടെ ഇന്ത്യയിലെ വിവിധ സ്‌ഥലങ്ങളിൽ നടത്തും. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിവരം ഒക്ടോബർ അവസാന വാരത്തോടെ ഉദ്യോഗാർഥികളെ അറിയിക്കും. കായികക്ഷമതാ പരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർഥികൾക്ക് തുടർന്ന് കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ എഴുത്തുപരീക്ഷ നടത്തും.

മാർച്ച് നാലിന് ഇന്ത്യയിലെ 85 കേന്ദ്രങ്ങളിലായാണ് ഓൺലൈൻ എഴുത്തു പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. വിശദ വിവരങ്ങൾക്ക്: sconline.nic.in.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.