ഭൂമി പതിച്ചുകൊടുക്കാൻ മുൻ സർക്കാർ തീരുമാനിച്ചിട്ടില്ല: മന്ത്രി
Thursday, September 29, 2016 1:21 PM IST
തിരുവനന്തപുരം: ഹോപ് പ്ലാന്റേഷൻ ഉൾപ്പെടെയുള്ളവർക്ക് 724 ഏക്കർ ഭൂമി പതിച്ചു കൊടുക്കാൻ മുൻ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നു മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. എന്നാൽ, 151 ഏക്കർ ഭൂമി ഏറ്റെടുക്കാൻ മുൻ മന്ത്രിസഭാ യോഗ തീരുമാനപ്രകാരം ഉത്തരവിട്ടിരുന്നു. പിന്നീട് ഈ ഉത്തരവ് മന്ത്രിസഭ റദ്ദാക്കുകയും ചെയ്തു. രാജമാണിക്യം റിപ്പോർട്ടിലെ ശിപാർശകളുടെ നിയമവശങ്ങൾ പരിശോധിച്ചു വരികയാണ്.

മുൻ സർക്കാർ പ്രഖ്യാപിച്ച പശ്ചാത്തല വികസന പദ്ധതികളിൽ ഒന്നും റദ്ദാക്കാൻ തീരുമാനമെടുത്തിട്ടില്ല. ഏറ്റെടുത്ത പല പദ്ധതികൾക്കും ഫണ്ട് വകയിരുത്തിയിട്ടില്ല. അത്തരം പദ്ധതികൾക്കു ഫണ്ട് കണ്ടെത്താനുള്ള നടപടിയാണ് ഇപ്പോൾ സ്വീകരിക്കുന്നത്. ബജറ്റിൽ ഫണ്ടില്ലാതെ 3,771 കോടി രൂപയുടെ പ്രവൃത്തികൾ ഏറ്റെടുത്തതു ചട്ടലംഘനമാണെന്നും മന്ത്രി പറഞ്ഞു.


സംസ്‌ഥാനത്ത് ആകെയുള്ള 1,664 വില്ലേജുകളിൽ 881 എണ്ണത്തിലെ റീസർവേ റെക്കോർഡുകൾ റവന്യു വിഭാഗത്തിനു കൈമാറിയിട്ടുണ്ട്. നിലവിൽ റീസർവേ സർക്കാർ ഭൂമിയിലും അപേക്ഷ ലഭിക്കുന്ന മുറയ്ക്കു മാത്രം സ്വകാര്യ ഭൂമിയിലുമായി നിജപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.