അന്തർ സംസ്‌ഥാന വാഹനമോഷണം: ഒന്നാം പ്രതി കീഴടങ്ങി
Thursday, September 29, 2016 1:28 PM IST
തൊടുപുഴ: അന്തർ സംസ്‌ഥാന വാഹനമോഷണ സംഘത്തിലെ ഒന്നാം പ്രതി തൊടുപുഴ പോലീസിൽ കീഴടങ്ങി. ഉടുമ്പന്നൂർ എറമ്പത്ത് ഷെഫീക്ക്(28) ആണ് ഇന്നലെ പന്ത്രണ്ടരയോടെ കീഴടങ്ങിയത്.

കരിങ്കുന്നം, കാളിയാർ, വാഴക്കുളം എന്നിവിടങ്ങളിൽ നിന്നു പിക്ക്അപ്പ് വാനുകൾ മോഷണം പോയ കേസിലാണ് പ്രതി കീഴടങ്ങിയത്. മോഷ്‌ടിച്ച വാഹനങ്ങൾ കോയമ്പത്തൂരിൽ എത്തിച്ച് പൊളിച്ചു വിൽക്കുകയാണ് സംഘം ചെയ്തിരുന്നത്. മോഷണ സംഘത്തിലെ സണ്ണി, വിഞ്ചു, നാഗരാജ്, രമേഷ്, ശിവശങ്കരപിള്ള എന്നിവരെ മുമ്പ് പോലീസ് അറസ്റ്റുചെയ്തിരുന്നു. സംഘത്തിലെ തമിഴ്നാട് സ്വദേശിയെ ഇനിയും പിടികൂടാനായിട്ടില്ല. മോഷണം പോയ വാഹനങ്ങൾ പോലീസ് മുമ്പ് കണ്ടെത്തിയിരുന്നു.


പ്രതിക്ക് വാഗമൺ, വയനാട് വൈത്തിരി, കരിമണ്ണൂർ, കാളിയാർ എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകളും പാലായിൽ വഞ്ചനകുറ്റത്തിനും കേസുകളുണ്ട്. തൊടുപുഴ സിഐ എൻ.ജി ശ്രീമോൻ പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.