സ്വാശ്രയ മെഡിക്കൽ പ്രവേശനം : മെറിറ്റ്–മാനേജ്മെന്റ് വിഭജനം അശാസ്ത്രീയമെന്നു കെസിബിസി ജാഗ്രതാസമിതി
Thursday, September 29, 2016 1:28 PM IST
കൊച്ചി: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ നിലവിലുള്ള മെറിറ്റ്–മാനേജ്മെന്റ് വിഭജനം യുക്‌തിരഹിതമാണെന്നു കെസിബിസി ജാഗ്രതാസമിതി. നൂറുശതമാനം സീറ്റിലും മെറിറ്റ് മാത്രം മാനദണ്ഡമാക്കുകയും മുഴുവൻ സീറ്റിലും ഒരുപോലെ ഫീസ് നിർണയിക്കുകയും വേണം. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാർഥികൾക്കു ഫീസിളവ് നൽകാനുള്ള സംവിധാനം സർക്കാരും സ്വാശ്രയമാനേജുമെന്റുകളും സംയുക്‌തമായി ഒരുക്കിയാൽ മാത്രമെ സ്വാശ്രയരംഗത്തു നിലവിലുള്ള പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാവുകയുള്ളൂവെന്നും സമിതിയുടെ പിഒസിയിൽ ചേർന്ന യോഗം വിലയിരുത്തി.

അമ്പതുശതമാനം മെറിറ്റ് സീറ്റും അമ്പതുശതമാനം മാനേജുമെന്റ് സീറ്റുമെന്ന ക്രോസ് സബ്സിഡി സംവിധാനം നിയമവിരുദ്ധവും അഴിമതിക്കു വഴിതെളിക്കുന്നതുമാണ്. അമ്പതുശതമാനം മാനേജ്മെന്റ് സീറ്റിൽ മാനേജുമെന്റിന്റെ യുക്‌തിയനുസരിച്ചു മെറിറ്റില്ലാത്തവർക്കും പ്രവേശനം നല്കാമെന്ന തെറ്റായ ധാരണ സൃഷ്ടിക്കാൻ ഇതിടയാക്കും.

അമ്പതുശതമാനം മെറിറ്റ് സീറ്റിൽ സർക്കാർ കോളജിലേതിനു തുല്യമായ ഫീസ് മാത്രം ഈടാക്കണമെന്നു കരാറുണ്ടാക്കിയതിൽ സർക്കാർ അഭിമാനംകൊള്ളുമ്പോൾ മാനേജ്മെന്റ് സീറ്റിൽ ഫീസിനൊപ്പം തലവരിപ്പണവും ആകുന്നതിൽ കുഴപ്പമില്ലെന്ന ധാരണയുണ്ടാക്കുന്നു. ഇത് അഴിമതിക്കുള്ള അന്തരീക്ഷം സൃഷ്ടിക്കും.

മെറിറ്റ് സീറ്റെന്നു സർക്കാർ വിളിക്കുന്ന അമ്പതുശതമാനം സീറ്റിൽ ഫീസിളവ് നൽകിയാൽ അതു സാമ്പത്തികമായി പിന്നോക്കമുള്ള വിദ്യാർഥികൾക്കു ലഭിക്കുമെന്ന് ഉറപ്പില്ല. അമ്പതുശതമാനം മെറിറ്റ് സീറ്റിൽ പ്രവേശനം നേടുന്ന വിദ്യാർഥികളാണ് എംബിബിഎസ് അവസാനവർഷ പരീക്ഷയിൽ മുന്തിയ വിജയം നേടുന്നതെന്നതും ഉറപ്പിക്കാനാവില്ല.


നൂറുശതമാനം മെഡിക്കൽ സീറ്റുകളിലും മെറിറ്റ് മാത്രം മാനദണ്ഡമാക്കുകയും എസ്സി, എസ്ടി, കമ്യൂണിറ്റി മെറിറ്റ്, എൻആർഐ ക്വോട്ട ഉൾപ്പെടെയുള്ള സീറ്റുകളിൽ പൊതുപ്രവേശന പരീക്ഷയിൽനിന്ന് ഇന്റർ സേ മെറിറ്റ് അടിസ്‌ഥാനത്തിൽ സുതാര്യമായ നടപടിക്രമങ്ങളിലൂടെ മാത്രം പ്രവേശനം നൽകുകയും ചെയ്യുക എന്നതാണു പ്രശ്ന പരിഹാരത്തിനുള്ള മാർഗം.

അഖിലേന്ത്യാതലത്തിൽ നിശ്ചയിക്കുന്ന മെറിറ്റാണു പ്രവേശനമാനദണ്ഡമെങ്കിൽ അഖിലേന്ത്യാതലത്തിൽ വിദഗ്ധസമിതികൾ നടത്തിയിട്ടുള്ള ശാസ്ത്രീയ പഠനങ്ങൾ ഫീസ് നിർണയത്തിൽ പരിഗണിക്കണം. സംസ്‌ഥാനത്ത് ഇക്കാര്യം പഠിച്ചു നിർദേശം സമർപ്പിക്കുന്നതിനായി ഒരു സ്വതന്ത്ര വിദഗ്ധസമിതിയെ നിയോഗിക്കാവുന്നതാണ്. ജയിംസ് കമ്മിറ്റിക്ക് ഈ നിർദേശങ്ങൾ വിലയിരുത്താവുന്നതുമാണ്.

യുക്‌തിസഹമായ യാതൊരു മാനദണ്ഡവും പാലിക്കാതെ ഓരോ സർക്കാരും പാർട്ടിയും സ്വാശ്രയസ്‌ഥാപനങ്ങളുടെമേൽ സമ്മർദതന്ത്രങ്ങളിലൂടെയുണ്ടാക്കുന്ന ധാരണകളിലൂടെയും കരാറുകളിലൂടെയും അഴിമതിയും സ്വാർഥതയും കെടുകാര്യസ്‌ഥതയുമാകും ഫലം. പ്രശ്നപരിഹാരത്തിനു വിദ്യാർഥികളുടെയും സമൂഹത്തിന്റെയും പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ ബന്ധപ്പെട്ട എല്ലാവരും തയാറാകണമെന്നും കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ ഡോ.വർഗീസ് വള്ളിക്കാട്ട്, സോഷ്യൽ ഹാർമണി ആൻഡ് വിജിലൻസ് കമ്മീഷൻ സെക്രട്ടറി ഫാ. സാജു കുത്തോടിപുത്തൻപുരയിൽ എന്നിവർ യോഗത്തിൽ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.