ബഹിഷ്കരിച്ചു പ്രതിപക്ഷം; കുത്തി നോവിച്ചു ഭരണക്കാർ
ബഹിഷ്കരിച്ചു പ്രതിപക്ഷം; കുത്തി നോവിച്ചു ഭരണക്കാർ
Thursday, September 29, 2016 1:28 PM IST
തിരുവനന്തപുരം: പ്രതിപക്ഷമില്ലാത്തതുകൊണ്ട് നന്നായൊന്നു സംസാരിക്കാൻ പോലും പറ്റാത്ത അവസ്‌ഥയിലായിരുന്നു സിപിഐ നേതാവായ സി. ദിവാകരൻ. അവരോടു പറയാനുള്ള കാര്യങ്ങൾ ഭരണപക്ഷത്തെ നോക്കി വിളിച്ചു പറയുന്നതിൽ സുഖമില്ലല്ലോ. എങ്കിലും ദിവാകരൻ പ്രസംഗിച്ചു.

കോൺഗ്രസുകാരുടെ അഭാവത്തിലും അവരെ കുത്തി നോവിക്കാതെ പ്രസംഗം അവസാനിപ്പിക്കാൻ ദിവാകരനായില്ല. നാണമുണ്ടോ കോൺഗ്രസുകാർക്കെന്നാണു ദിവാകരന്റെ ചോദ്യം. ഒരു സംസ്‌ഥാനത്ത് 42 എംഎൽഎമാരുള്ളതിൽ 41 പേരും കാലുമാറിപ്പോയി. അവരുടെ നിരാഹാര സമരത്തെക്കുറിച്ചും ദിവാകരന് അഭിപ്രായമുണ്ട്. ഉടനെയൊന്നും അവസാനിപ്പിക്കേണ്ട കാര്യമില്ല. കുറേ ദിവസം കിടക്കട്ടെ. മഹാത്മാഗാന്ധിയൊക്കെ ഒരു പാടു ദിവസം നിരാഹാരം കിടന്നിട്ടുണ്ടെന്നതാണ് ദിവാകരന്റെ ന്യായം.

സ്വാശ്രയപ്രശ്നത്തിൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച ശേഷം ന്ന ധനാഭ്യർഥനാ ചർച്ചയിൽ ഭരണപക്ഷത്തിനു പുറത്തുനിന്ന് ആകെയുണ്ടായിരുന്നത് പി.സി. ജോർജ് മാത്രം. എങ്കിലും ഭരണപക്ഷം പ്രതിപക്ഷത്തെ വിമർശിച്ചും കുത്തി നോവിച്ചും സുഖിച്ചു കൊണ്ടിരുന്നു.

ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ ഈ വർഷം ജനുവരിയിൽ നിയമസഭയിൽ ഹർത്താൽ നിയന്ത്രണ ബില്ലു കൊണ്ടു വന്ന രമേശ് ചെന്നിത്തല മാസങ്ങൾ പിന്നിട്ടപ്പോൾ ഹർത്താൽ പ്രഖ്യാപിച്ചതിലെ വൈരുധ്യമാണ് ജയിംസ് മാത്യു എടുത്തുകാട്ടിയത്. ഇതിനിടയിലും ചില ശിഖണ്ഡികൾ ഹർത്താലിന് എതിരാണെന്നു പറഞ്ഞു ഫേസ് ബുക്കിൽ കുറിപ്പെഴുതുന്നുണ്ടെന്നും ജയിംസ് മാത്യു പറഞ്ഞു. എത്ര പേർ നിരാഹാര സമരത്തിലുണ്ടെന്നു പോലും പ്രതിപക്ഷ നേതാവിനു തിട്ടമില്ലെന്നായിരുന്നു ഡി.കെ. മുരളിയുടെ പരിഹാസം. നാലെന്നും അഞ്ചെന്നുമൊക്കെ മാറിമാറി പറയുന്നു. അദ്ദേഹത്തിനു സ്‌ഥലജല വിഭ്രാന്തിയാണ്. കേരളത്തിൽ സ്വാശ്രയ കോളജുകൾ കൊണ്ടു വന്ന യുഡിഎഫുകാർ ഇപ്പോൾ അതേ സ്വാശ്രയത്തിന്റെ പേരിൽ തങ്ങൾക്കെതിരേ തിരിയുന്നതിൽ അർഥമില്ലെന്ന് കെ. കുഞ്ഞിരാമൻ പറഞ്ഞു.

മുൻ സർക്കാർ കള്ളക്കേസുകളെടുത്ത കഥയാണ് എം.എം. മണിക്കു പറയാനുണ്ടായിരുന്നത്. പണ്ടെങ്ങോനടന്ന സംഭവത്തിന്റെ പേരിൽ തനിക്കെതിരെ നാലു കേസുകളെടുത്തു. ജയിലിലടച്ചു. കുറേക്കാലം ഇടുക്കിയിൽ കയറ്റാതിരുന്നു. കണ്ണൂരിൽ പി. ജയരാജനെതിരെയും കള്ളക്കേസെടുത്തത്രെ. ഇതൊക്കെയാണെങ്കിലും ഈ ഓണക്കാലത്ത് പാവപ്പെട്ടവർ സന്തോഷംകൊണ്ട് ’അശ്രുപൂജ’ പൊഴിച്ചെന്നാണ് മണി കണ്ടെത്തിയത്.

ഏകപക്ഷീയമായ ചർച്ചയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പ്രസംഗം നടത്തി. പോലീസ് വകുപ്പിനേക്കുറിച്ചുള്ള ചർച്ചയ്ക്കുള്ള മറുപടി മുഖ്യമന്ത്രി വകുപ്പിൽ ഒതുക്കി നിർത്തി. സ്വാശ്രയ സമരം പുറത്തു പൊടിപൊടിച്ചെങ്കിലും പിണറായി അതേക്കുറിച്ചോ രാഷ്ര്‌ടീയത്തെക്കുറിച്ചോ ഒരക്ഷരം ഉരിയാടിയില്ല. പോലീസ്, ജയിൽ വകുപ്പുകളിൽ വരുത്താൻ പോകുന്ന പരിഷ്കാരങ്ങളെക്കുറിച്ചു മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ദീർഘമായ പ്രസംഗം.

ധനാഭ്യർഥനാ ചർച്ച നടന്നെങ്കിലും ഇന്നലെയും സഭയിൽ നിറഞ്ഞു നിന്നതു സ്വാശ്രയപ്രശ്നം തന്നെ. രാവിലെ ചോദ്യോത്തരവേളയിൽതന്നെ പ്രതിപക്ഷം ബഹളം കൂട്ടി. എങ്കിലും ചോദ്യോത്തരവേള പൂർത്തിയാക്കാനായി. പ്രതിപക്ഷം ചോദ്യങ്ങൾ ചോദിക്കുന്നതിൽനിന്നു വിട്ടു നിന്നെന്നു മാത്രം.


ശൂന്യവേളയിൽ സണ്ണി ജോസഫ് ആയിരുന്നു അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി പ്രസംഗിച്ചത്. സ്വാശ്രയ കോളജുകളുടെ കൊള്ളയ്ക്കു സർക്കാർ ഒത്താശ ചെയ്തു കൊടുത്തു എന്നു സണ്ണി ജോസഫ് ആരോപിച്ചു. ഫീസ് വർധനയുടെ ഏറ്റവും വലിയ ഗുണഭോക്‌താവ് പരിയാരം മെഡിക്കൽ കോളജ് ആണ്. ഒറ്റയടിക്ക് ഒരു ലക്ഷം രൂപയാണു ഫീസ് വർധിപ്പിച്ചു കിട്ടിയത്. യൂത്ത് കോൺഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധത്തെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശവും സണ്ണി ജോസഫ് എടുത്തിട്ടു. വാടകയ്ക്കെടുത്ത രണ്ടു പേർ കരിങ്കൊടി കാട്ടിയെന്നു മുഖ്യമന്ത്രി പറയുന്നു. അദ്ദേഹത്തിന്റെ പോലീസ് അഞ്ചു പേർക്കെതിരെ കേസെടുത്തു.

മഷിക്കുപ്പി പ്രയോഗം പറഞ്ഞു പ്രതിപക്ഷത്തെ പരിഹസിച്ചു ഭരണപക്ഷത്തുനിന്നു കമന്റുകളുയർന്നു. ശിവദാസമേനോന്റെ ദേഹത്തെ രക്‌തം മുഖത്തു പുരട്ടിയ പാരമ്പര്യം എൻ.എൻ. കൃഷ്ണദാസിന്റേതാണെന്നു പറഞ്ഞു സണ്ണി ജോസഫ് തിരിച്ചടിച്ചു. സഭയിലില്ലാത്തവരെക്കുറിച്ചുള്ള പരാമർശം രേഖകളിലുണ്ടാകരുതെന്നു സുരേഷ് കുറുപ്പ് വാദിച്ചെങ്കിലും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആ വാദം മുഖവിലയ്ക്കെടുത്തില്ല.

സണ്ണി ജോസഫ് നല്ല വക്കീലാണെങ്കിലും സ്വാശ്രയ കേസ് വാദിച്ചു തോൽപിച്ചെന്നായിരുന്നു ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചറുടെ അഭിപ്രായം. മാനേജ്മെന്റുകൾക്കു മൂക്കുകയറിട്ടതു തങ്ങളാണെന്നു ടീച്ചർ വാദിച്ചു. മറ്റൊരു സംസ്‌ഥാനത്തും മാനേജ്മെന്റ് സീറ്റ് സർക്കാരിനു ലഭിക്കാറില്ല. കഴിഞ്ഞ വർഷങ്ങളിലും ഇങ്ങനെ തന്നെ ആയിരുന്നു എന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുവാദം ഉന്നയിച്ചു. ഇത്തവണ അതിനു മാറ്റമില്ലല്ലോ എന്നായി മന്ത്രി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർക്കാരിനെതിരേ രൂക്ഷമായ വിമർശനം അഴിച്ചുവിട്ടു. തലവരിപ്പണവും മറ്റ് നിയമവിരുദ്ധ പിരിവുകളും നിലനിൽക്കുന്നു. മാനേജ്മെന്റുകളുമായി സർക്കാർ ഒത്തുകളിക്കുകയാണ്. സഹപ്രവർത്തകർ നിരാഹാരം കിടക്കുമ്പോൾ തങ്ങൾക്കു സഭാപടികളുമായി സഹകരിക്കാനാകില്ലെന്നു പ്രതിപക്ഷ നേതാവ് വ്യക്‌തമാക്കി.

സ്പീക്കർ അടുത്ത പടിയിലേക്കു കടന്നതോടെ പ്രതിപക്ഷം സ്പീക്കർക്കു മുന്നിലെത്തി മുദ്രാവാക്യം വിളി തുടങ്ങി. സ്പീക്കർ ശ്രദ്ധക്ഷണിക്കലുമായി മുന്നോട്ടു പോയി. എങ്കിലും ഏറെ നേരം തുടരാൻ സാധിച്ചില്ല. 10.20ഓടെ സഭ തൽക്കാലത്തേക്കു നിർത്തി വയ്ക്കുന്നതായി സ്പീക്കർ അറിയിച്ചു.

ഒന്നര മണിക്കൂർ കൂടിയാലോചനകൾ നടത്തിയെങ്കിലും ഒത്തുതീർപ്പുണ്ടായില്ല. വീണ്ടും സഭ ചേർന്നതോടെ പ്രതിപക്ഷം ബഹിഷ്കരണം പ്രഖ്യാപിച്ചു സഭ വിട്ടു. കേരള കോൺഗ്രസ്– എമ്മും ഇന്നലെ ബഹിഷ്കരണത്തിൽ പങ്കുചേർന്നു.

സാബു ജോൺ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.