ജിതേഷിനു ഹൃദയം തേടി കൂട്ടുകാർ; സോഷ്യൽ മീഡിയ കാമ്പയിൻ ഹിറ്റ്
ജിതേഷിനു ഹൃദയം തേടി  കൂട്ടുകാർ; സോഷ്യൽ മീഡിയ കാമ്പയിൻ ഹിറ്റ്
Thursday, September 29, 2016 1:35 PM IST
കൊച്ചി: ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കിടക്കുന്ന കൂട്ടുകാരനായി ഹൃദയദാതാവിനെ തേടുന്ന ഒരു കൂട്ടം യുവാക്കൾ അവയവദാനരംഗത്തു പുതുമാതൃകയാവുന്നു. ലോക ഹൃദയദിനത്തിൽ രക്‌തവും അവയവങ്ങളും ദാനം ചെയ്യാൻ സംസ്‌ഥാന സർക്കാരിന്റെ മൃതസഞ്ജീവനിയിലേക്കു സമ്മതപത്രം നൽകിയതിനൊപ്പം അവയവദാനബോധവത്കരണത്തിനായി സോഷ്യൽ മീഡിയയിൽ പുതിയ കാമ്പയിനും ഇവർ തുടക്കമിട്ടു.

ബംഗളൂരുവിൽ ഐടി രംഗത്തു ജോലിചെയ്യുന്ന യുവാക്കളുടെ സംഘമാണു ഹൃദയദിനത്തിൽ അവയവദാനത്തിനായി സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തി കാമ്പയിൻ ആരംഭിച്ചിട്ടുള്ളത്. ഹൃദയത്തിനുണ്ടായ ഗുരുതരമായ അസുഖം മൂലം ഇവരുടെ സുഹൃത്ത് കൊച്ചി സ്വദേശിയായ ജിതേഷ്(32) എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലാണ്. ഹൃദയം വികസിക്കുകയും രക്‌തചംക്രമണം ശരിയായ രീതിയിൽ നടക്കാതിരിക്കുകയും ചെയ്യുന്ന ഡൈലേറ്റഡ് കാർഡിയോ മയോപതി എന്ന രോഗമാണു ജിതേഷിന്.

നിശ്ചിത സമയത്തിനുള്ളിൽ ഹൃദയദാതാവിനെ കിട്ടാതിരുന്നതിനാൽ കേരളത്തിൽ തന്നെ ആദ്യത്തേതെന്നു വിശേഷിപ്പിക്കാവുന്ന അപൂർവ ശസ്ത്രക്രിയയ്ക്കു ജിതേഷിനെ ഇതിനകം വിധേയനാക്കി. ഹൃദയത്തിന്റെ പ്രവർത്തനത്തിനു പകരമായി സെൻട്രിമാഗ് എന്ന ഉപകരണം ജിതേഷിന്റെ ശരീരത്തിൽ ശസ്ത്രക്രിയയിലൂടെ ഘടിപ്പിക്കുകയായിരുന്നു. എങ്കിലും രണ്ടാഴ്ചയ്ക്കുള്ളിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തേണ്ടതുണ്ടെന്നു ഡോക്ടർമാർ പറയുന്നു.

ജിതേഷിന്റെ സുഹൃത്തുക്കൾ സംസ്‌ഥാന സർക്കാരിന്റെ മൃതസഞ്ജീവനിയിലൂടെയും വിവിധ ആശുപത്രികളിലൂടെയും മീഡിയയിലൂടെയുമാണു ഹൃദയദാതാവിനെ തേടുന്നത്. ദാതാവിനെ കിട്ടിയില്ലെങ്കിൽ കൃത്രിമ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു ജിതേഷിനെ വിധേയനാക്കേണ്ടി വരും. ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ഏകദേശം 20 ലക്ഷം രൂപയും കൃത്രിമ ഹൃദയം മാറ്റിവയ്ക്കലിന് 65–75 ലക്ഷത്തോളം രൂപയുമാണു ചെലവ് പ്രതീക്ഷിക്കുന്നത്.


ചികിത്സാ ചെലവുകൾക്കായി കണ്ണൂർ/വയനാട് ഗവൺമെന്റ് എൻജിനിയറിംഗ് കോളജ് അലുമ്നി അസോസിയേഷൻ പതിനേഴു ലക്ഷം രൂപ സമാഹരിച്ചു ജിതേഷിന്റെ കുടുംബത്തിനു നൽകിയിട്ടുണ്ട്. തിരുവനന്തപുരം ടെക്നോപാർക്കിലെ ഐടി കമ്പനിയിൽ സോഫ്റ്റ്വെയർ എൻജിനിയറായി ജോലിക്കാരനായിരുന്ന ജിതേഷിന് ഒരു വർഷം മുമ്പുണ്ടായ ഹൃദയാഘാതമാണു ജീവിതത്തിന്റെ താളംതെറ്റിച്ചത്. പിന്നീടു തുടർച്ചയായുണ്ടായ ഹൃദയസ്തംഭനങ്ങൾ സ്‌ഥിതി കൂടുതൽ വഷളാക്കി.

ലിസി ആശുപത്രിയിലെ പ്രമുഖ ഹൃദയശസ്ത്രക്രിയവിദഗ്ധൻ ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ ജിതേഷിന്റെ ചികിത്സ.

മാസങ്ങൾ നീണ്ട ചികിത്സയ്ക്കുതന്നെ ഏകദേശം 15 ലക്ഷത്തോളം രൂപ ചെലവായിക്കഴിഞ്ഞു. സെൻട്രിമാഗ് ശസ്ത്രക്രിയയ്ക്ക് എട്ടു ലക്ഷം രൂപയാണു ചെലവായത്. ഇതിന്റെ പ്രവർത്തനത്തിനായി ദിവസേന അമ്പതിനായിരം രൂപയോളം ചെലവും വരും. ഈ ചെലവ് കുടുംബത്തിനു താങ്ങാനാവുന്നില്ല.

ജിതേഷിന്റെ സഹോദരൻ ജിനേഷിന്റെയും പിതൃസുഹൃത്ത് സി. പൂർണചന്ദ്രകുമാറിന്റെയും പേരിൽ എസ്ബിഐ കലൂർ ബ്രാഞ്ചിൽ ചികിത്സാസഹായം തേടി ജോയിന്റ് അക്കൗണ്ട് (നമ്പർ: 36038168147) തുടങ്ങിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 91 9745746723 (ജിനേഷ്), 91 9745804928 (വൽസലൻ) എന്നീ നമ്പറുകളിൽ വിളിക്കാം.

ജിതേഷിന്റെ സുഹൃത്ത് അർജുന്റെ നേതൃത്വത്തിലാണു സോഷ്യൽ മീഡിയയിൽ അവയവദാന ബോധവത്കരണം നടത്തുന്നത്. അവയവദാന സമ്മതപത്രത്തിന്റെ മാതൃകയും വിശദാംശങ്ങളും ഫേസ്ബുക്കിലും വാട്സ്ആപ്പിലുമുള്ള കാമ്പയിന്റെ ഭാഗമായി ചേർത്തിട്ടുണ്ട്.


സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.