ഭൂരഹിത ആദിവാസികൾക്കു ഭൂമി നൽകേണ്ടതു സർക്കാരിന്റെ കടമ: ഹൈക്കോടതി
ഭൂരഹിത ആദിവാസികൾക്കു ഭൂമി നൽകേണ്ടതു സർക്കാരിന്റെ കടമ: ഹൈക്കോടതി
Thursday, September 29, 2016 1:35 PM IST
കൊച്ചി: ഭൂരഹിതരായ ആദിവാസികൾക്കു ഭൂമി പതിച്ചുനൽകേണ്ടതു സർക്കാരിന്റെ കടമയാണെന്നും ഇതിനുള്ള നടപടി രണ്ടു മാസത്തിനുള്ളിൽ തുടങ്ങണമെന്നും സർക്കാരിനോടു ഹൈക്കോടതി നിർദ്ദേശിച്ചു.

ചിറ്റൂർ മേഖലയിലെ ഭൂരഹിതരായ ആദിവാസികൾക്കു ഭൂമി നൽകുന്നതിനു നടപടിയില്ലെന്ന് ആരോപിച്ചു ചിറ്റൂർ സ്വദേശി പി. ശിവൻ നൽകിയ ഹർജിയിൽ ജസ്റ്റീസ് പി.വി ആശയാണ് ഉത്തരവ് നൽകിയത്.

സുപ്രീം കോടതി ഉത്തരവിട്ടിട്ടും ആദിവാസികൾക്കു ഭൂമി നൽകാൻ അപേക്ഷ സ്വീകരിച്ചതല്ലാതെ സർക്കാർ ഒരു നടപടിയുമെടുത്തില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. കേരളത്തിലെ പട്ടികവർഗവിഭാഗങ്ങളുടെ ഭൂമി കൈമാറ്റ നിയന്ത്രണ നിയമത്തിൽ ഇതിനുള്ള വ്യവസ്‌ഥകളുണ്ടായിട്ടും നിയമത്തിന്റെ അന്തസത്തയും ലക്ഷ്യവും ഉൾക്കൊണ്ടു സർക്കാർ നടപടിയെടുക്കാതിരുന്നതു ദൗർഭാഗ്യകരമാണ്.

ഭൂമി പതിച്ചു നൽകാനും ഇവരെ പുനരധിവസിപ്പിക്കാനും 1999ലെ നിയമത്തിൽ വ്യവസ്‌ഥകളുള്ളപ്പോൾ പതിച്ചു നൽകാൻ ഭൂമിയില്ലെന്നു പറഞ്ഞു സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. നിയമത്തിലെ വ്യവസ്‌ഥകൾക്കു പുറമേ സുപ്രീം കോടതി 2009ൽ ഇക്കാര്യം നിർദ്ദേശിച്ചിട്ടുമുണ്ട്. ഇതിനാൽ വ്യവസ്‌ഥകൾ നടപ്പാക്കേണ്ടതു സർക്കാരിന്റെ കടമയാണ്. ഈ സാഹചര്യത്തിൽ ഭൂമി പതിച്ചു നൽകുമ്പോൾ അർഹരായവർക്കാണു ലഭിക്കുന്നതെന്നു സർക്കാർ ഉറപ്പാക്കണം.


ഇതിനായി മാർഗനിർദേശമുണ്ടാക്കേണ്ട സമയം അതിക്രമിച്ചു. ഭൂമിക്കുവേണ്ടി ചിറ്റൂർ മേഖലയിൽനിന്ന് 797 അപേക്ഷകളുള്ള സാഹചര്യത്തിൽ നൽകാൻ ഭൂമിയില്ലെന്ന കാരണം പറഞ്ഞു സർക്കാരിനു നിയമത്തിനു നേരേ കണ്ണടയ്ക്കാനാവില്ല.

ഭൂമി ഏറ്റെടുത്ത് ആദിവാസികൾക്കു പതിച്ചു നൽകുന്ന കാര്യം സർക്കാരിനു തീരുമാനിക്കാമെന്നു സുപ്രീം കോടതി നിരീക്ഷിച്ച സാഹചര്യത്തിൽ ഇതിനുള്ള നടപടി സമയബന്ധിതമായി തുടങ്ങേണ്ടിയിരുന്നു. എന്നാൽ, 2010ൽ നൽകിയ ഹർജിയിൽ സർക്കാർ ഒരു സത്യവാങ്മൂലം പോലും ഇതുവരെ നൽകിയില്ലെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.